അഡ്വാന്റേജ് ഇന്ത്യ! ടെന്നിസ് പരിശീലകൻ ബാലചന്ദ്രൻ മാണിക്കത്ത് സംസാരിക്കുന്നു
Mail This Article
പാരിസ് ∙ കരിയറിലെ നാലാമത്തെ ഒളിംപിക്സിന് ഇറങ്ങുന്ന നാൽപത്തിനാലുകാരൻ രോഹൻ ബൊപ്പണ്ണ. രണ്ടാം ഒളിംപിക്സിന് ഇറങ്ങുന്ന ഇരുപത്തിയാറുകാരൻ സുമിത് നാഗൽ. ആദ്യ ഒളിംപിക്സിന് ഇറങ്ങുന്ന മുപ്പത്തിനാലുകാരൻ ശ്രീറാം ബാലാജി. പാരിസ് ഒളിംപിക്സിൽ ഡബിൾസ് മത്സരത്തിൽ രോഹനും ശ്രീറാമും ഒന്നിക്കും. സുമിത് സിംഗിൾസിൽ. ഇന്ത്യയുടെ സാധ്യതകളെപ്പറ്റി എറണാകുളം സ്വദേശിയായ പരിശീലകൻ ബാലചന്ദ്രൻ മാണിക്കത്ത് സംസാരിക്കുന്നു...
Q പാരിസിൽ ഇതുവരെയുള്ള ഒരുക്കം?
A ഞായറാഴ്ച ഇവിടെയെത്തി. ദിവസവും റൊളാങ് ഗാരോസിൽ പരിശീലനമുണ്ട്. ഗ്രാൻസ്‌ലാമിനെ അപേക്ഷിച്ച് പന്തിൽ വ്യത്യാസമുണ്ട്. കോർട്ടിനു കുറെക്കൂടി വേഗമുണ്ട്. പരിശീലന മത്സരങ്ങൾ കളിച്ചു. ശനിയാഴ്ചയാണു ടെന്നിസ് തുടങ്ങുന്നത്.
Qരോഹൻ ബൊപ്പണ്ണയെപ്പറ്റി?
A12 വയസ്സു മുതൽ രോഹനെ കാണുന്നയാളാണു ഞാൻ. 21–ാം വയസ്സിലാണ് ആദ്യ കിരീടനേട്ടം. ഇപ്പോൾ 44–ാം വയസ്സിൽ ലോകത്തിലെ ഏറ്റവും മികച്ച ഡബിൾസ് താരങ്ങളിൽ ഒരാളാണ്. കഠിനാധ്വാനിയാണ്. പക്ഷേ, വളരെ സ്മാർട്ടായി പരിശീലനം കൊണ്ടുപോകുന്നയാളാണു രോഹൻ. കോർട്ടിൽ ചെലവഴിക്കുന്നതിനെക്കാൾ കൂടുതൽ സമയം റിക്കവറിക്കാണ് അദ്ദേഹം ചെലവഴിക്കുന്നത്. ഈ പ്രായത്തിൽ തനിക്ക് എന്തൊക്കെ ചെയ്യാൻ പറ്റും, എന്തൊക്കെ പറ്റില്ല എന്നതിനെപ്പറ്റി കൃത്യമായ ധാരണയുണ്ട് രോഹന്. അതാണ് അദ്ദേഹത്തിന്റെ വിജയരഹസ്യവും.
Qരോഹൻ – ശ്രീറാം കൂട്ടുകെട്ടിനെ എങ്ങനെ വിലയിരുത്തുന്നു?
Aരോഹന്റെ പരിചയസമ്പത്താണു നമ്മുടെ ഡബിൾസ് സഖ്യത്തിന്റെ ഏറ്റവും മികച്ച സമ്പാദ്യം. വിവിധതരം സാഹചര്യങ്ങളെ നേരിട്ടു പരിചയമുള്ള രോഹന്റെ സാന്നിധ്യം ശ്രീറാമിനു കരുത്തേകും. അതേസമയം, അത്ര വലിയ സമ്മർദ സാഹചര്യങ്ങളെ നേരിടേണ്ട അവസ്ഥ ശ്രീറാമിനുണ്ടായിട്ടില്ല. അതിനാൽ, ഒളിംപിക്സിൽ അത്തരമൊരു ഘട്ടം വരുമ്പോൾ രോഹനൊപ്പം ഒന്നിച്ചു പോകാൻ ശ്രീറാമിന് എത്രത്തോളം പറ്റുമെന്നതിനെ ആശ്രയിച്ചാകും ഇന്ത്യയുടെ മുന്നേറ്റം.
Qഇന്ത്യയുടെ സാധ്യത എങ്ങനെയാണ്?
Aഡബിൾസിൽ നമുക്കു നല്ല പ്രതീക്ഷയുണ്ട്. രോഹൻ ഡബിൾസ് റാങ്കിങ്ങിൽ മുൻനിരയിലുണ്ട്. ശ്രീറാമും സമീപകാലത്തു നല്ല പ്രകടനമാണു നടത്തുന്നത്. രോഹനും ശ്രീറാമും റൊളാങ് ഗാരോസിൽ മികച്ച റെക്കോർഡുള്ളവരുമാണ്. പക്ഷേ, ഡബിൾസിൽ ഡ്രോ (മത്സരക്രമം) പ്രധാനമാണ്. ആദ്യ റൗണ്ടിൽ ദുർബലരെ കിട്ടിയാൽ കാര്യങ്ങൾ എളുപ്പമാകും. ഓർക്കേണ്ടത്, സ്പെയിൻ പോലെയുള്ള ടീമുകൾക്കായി മത്സരിക്കുന്നത് റാഫേൽ നദാൽ – കാർലോസ് അൽകാരസ് സഖ്യമാണ് എന്നുള്ള കാര്യമാണ്.