ADVERTISEMENT

പാരിസ് ∙ ഫ്രഞ്ച് ഓപ്പൺ ചാംപ്യന്മാരായ റാഫേൽ നദാലിനും നൊവാക് ജോക്കോവിച്ചിനും കാർലോസ് അൽകാരസിനും വേണ്ടി റൊളാങ് ഗാരോസിലെ കളിമൺകോർട്ടിൽ ഇന്നു വീണ്ടും ആർപ്പുവിളികളുയരും. ഇക്കുറി അരങ്ങ് ഒളിംപിക്സിന്റേതാണെന്ന വ്യത്യാസം മാത്രം. നദാലും അൽകാരസും സ്പെയിനിന്റെ ഡബിൾസ് ടീമിലെ പങ്കാളികളുമാണ്. അർജന്റീനയുടെ മാക്സിമോ ഗോൺസാലസ്– ആന്ദ്രെസ് മോൾട്ടനി സഖ്യത്തെയാണ് സ്പാനിഷ് ‍ജോടി ഇന്നു നേരിടുക. ഓസ്ട്രേലിയയുടെ മാത്യു എബ്ദനാണ് സിംഗിൾസിൽ സെർബിയൻ താരം ജോക്കോവിച്ചിന്റെ എതിരാളി. 

   അൽകാരസ് സിംഗിൾസിൽ ലബനന്റെ ഹാദി ഹബീബിനെ നേരിടും. വനിതാ വിഭാഗത്തിൽ ജപ്പാന്റെ നവോമി ഒസാക്കയും ജർമനിയുടെ ആഞ്ചലിക് കെർബറും തമ്മിലുള്ള മത്സരവും ഇന്നു നടക്കും.

നദാലിന്റെ സിംഗിൾസ് മത്സരം നാളെ ഹംഗറി താരം മാർട്ടൺ ഫുക്സോവിക്സിനെതിരെയാണ്. ആ മത്സരത്തിൽ ജയിച്ചാൽ രണ്ടാം റൗണ്ടിൽ നദാൽ– ജോക്കോവിച്ച് ഏറ്റുമുട്ടലിനു സാധ്യതയുണ്ട്. 

ബൊപ്പണ്ണ എന്ന സ്വപ്നം

പാരിസ്∙ 28 വർഷം മുൻപ് അറ്റ്ലാന്റ ഗെയിംസിൽ ലിയാൻഡർ പെയ്സ് നേടിയ വെങ്കലത്തിന്റെ തിളക്കം മാത്രമാ‌ണ് ഒളിംപിക്സിൽ ഇന്ത്യൻ ടെന്നിസിന് അവകാശപ്പെടാനുള്ളത്. എന്നാൽ, കളിജീവിതത്തിലെ എക്കാലത്തെയും മികച്ച ഫോമിലുള്ള രോഹൻ ബൊപ്പണ്ണ പുരുഷ ഡബിൾസിൽ റൊളാങ് ഗാരോസിൽ എൻ. ശ്രീരാം ബാലാജിക്കൊപ്പം ഇറങ്ങുമ്പോൾ പ്രതീക്ഷയ്ക്കു വകയുണ്ട്.

rohan-bopanna-gif
ബൊപ്പണ്ണ

2017ൽ ബൊപ്പണ്ണ ഗബ്രിയേല ഡാബോവ്സ്കിക്കൊപ്പം തന്റെ ആദ്യത്തെ ഗ്രാൻസ്‌ലാം മിക്സ്ഡ് ഡബിൾസ് കിരീടം മണ്ണാണിത്. നാൽപത്തിനാലുകാരനായ ബൊപ്പണ്ണ കഴിഞ്ഞ വാർഷം ഓസ്ട്രേലിയൻ താരം മാത്യു എബ്ദനൊപ്പം ഓസ്ട്രേലിയൻ ഓപ്പൺ ഡബിൾസ് കിരീടം നേടിയതു ചരിത്രമായി. ഗ്രാൻസ്‌ലാം കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോർഡാണ് അന്നു ബൊപ്പണ്ണ സ്വന്തമാക്കിയത്. സമ്മർദമേറുന്ന ഘട്ടങ്ങളിൽ വിജയം കൈവരിക്കാൻ സമീപകാലത്ത് ബൊപ്പണ്ണ കാട്ടുന്ന മിടുക്കും അനുപമമാണ്. ശ്രീരാം ബാലാജി തനിക്കു ലഭിച്ച പരിമിതമായ അവസരങ്ങളിൽ കാട്ടിയ പോരാട്ടവീര്യവും ഇന്ത്യൻ ജോടിക്കു പ്രതീക്ഷ നൽകുന്നു. ആതിഥേയരായ ഫ്രാൻസിന്റെ എദ്വാർ റോജെ വാസലെൻ– ഫേബിയൻ റിബൂൾ സഖ്യമാണ് ആദ്യ മത്സരത്തിലെ എതിരാളികൾ.

സുമിത് നാഗൽ
സുമിത് നാഗൽ

സിംഗിൾസിൽ സുമിത് നാഗലിന്റെ ആദ്യ റൗണ്ട് എതിരാളി ഫ്രഞ്ച് താരം കോറന്റിൻ മൗട്ടെയാണ്. മൂന്നു മാസം മുൻപ് ഇതേ എതിരാളിയെ കീഴടക്കിയതിന്റെ ആത്മവിശ്വാസത്തോടെയാകും നാഗൽ മത്സരത്തിനറങ്ങുക.

English Summary:

Tennis Matches from today at Roland Garros

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com