ADVERTISEMENT

ന്യൂയോർക്ക് ∙ യുഎസ് ഓപ്പൺ ടെന്നിസിൽ സെമിഫൈനൽ ലൈനപ്പായതോടെ ഇത്തവണ പുരുഷ, വനിതാ വിഭാഗങ്ങളിൽ പുതിയ ചാംപ്യൻ ഉണ്ടാകുമെന്ന് ഉറപ്പായി. പുരുഷ വിഭാഗത്തിൽ ഒന്നാം സീഡ് യാനിക് സിന്നർ, അഞ്ചാം സീഡായ ഡാനിൽ മെദ്‌വെദേവിനെ വീഴ്ത്തി സെമിയിൽ കടന്നു. 25–ാം സീഡായ ബ്രിട്ടിഷ് താരം ജാക്ക് ഡ്രാപ്പറാണ് സെമിയിൽ സിന്നറിന്റെ എതിരാളി. മറ്റൊരു സെമിയിൽ യുഎസ് താരങ്ങളായ 12–ാം സീഡ് ടെയ്‌ലർ ഫ്രിറ്റ്സും ഫ്രാൻസസ് ടിഫോയിയും ഏറ്റുമുട്ടും. ഇതിനു മുൻപ് ഫ്രാൻസസ് ടിഫോയി മാത്രമാണ് യുഎസ് ഓപ്പണിന്റെ സെമിയെങ്കിലും കളിച്ചിട്ടുള്ളത്. 2022ലായിരുന്നു ഇത്.

ആവേശകരമായ ക്വാർട്ടർ പോരാട്ടത്തിൽ മെദ്‌വെദേവിനെ ഒന്നിനെതിരെ മൂന്നു സെറ്റുകൾക്കു തോൽപ്പിച്ചാണ് സിന്നർ സെമിയിൽ കടന്നത്. സ്കോർ: 6-2, 1-6, 6-1, 6-4. ഇതാദ്യമായാണ് സിന്നർ യുഎസ് ഓപ്പണർ സെമിയിലെത്തുന്നത്. 10–ാം സീഡായ അലക്സ് ഡി മിനോറിനെ നേരിട്ടുള്ള സെറ്റുകൾക്കു തോൽപ്പിച്ചാണ് ബ്രിട്ടിഷ് താരം ജാക്ക് ഡ്രാപ്പർ സെമിയിൽ കടന്നത്. സ്കോർ: 6-3, 7-5, 6-2. ഗ്രാൻസ്‌ലാമിൽത്തന്നെ ജാക്ക് ഡ്രാപ്പറിന്റെ ആദ്യ സെമിയാണിത്.

നാലാം സീഡായ ജർമനിയുടെ അലക്സാണ്ടർ സ്വരേവിനെ മാരത്തൺ പോരാട്ടത്തിൽ വീഴ്ത്തിയാണ് യുഎസിന്റെ ടെയ്‌ലർ ഫ്രിറ്റ്സ് സെമിയിലെത്തിയത്. സ്കോർ: 7-6, 3-6, 6-4, 7-6. 12–ാം സീഡായ ഫ്രിറ്റ്സിന്റെ കന്നി ഗ്രാൻസ്‍ലാം സെമിഫൈനലാണിത്. മറ്റൊരു അമേരിക്കൻ താരമായ ഫ്രാൻസസ് ടിഫോയിയാണ് ഫ്രിറ്റ്സിന്റെ എതിരാളി. ക്വാർട്ടറിൽ ടിഫോയിക്കെതിരായ മത്സരത്തിനിടെ പരുക്കേറ്റ് ബൾഗേറിയയുടെ ഒൻപതാം സീഡ് ഗ്രിഗർ ദിമിത്രോവ് പിൻമാറുകയായിരുന്നു.

വനിതാ വിഭാഗത്തിൽ കഴിഞ്ഞ 3 തവണയും കയ്യകലെ നഷ്ടമായ യുഎസ് ഓപ്പൺ ടെന്നിസ് കിരീടമെന്ന സ്വപ്നം സഫലമാക്കാൻ ബെലാറൂസിന്റെ അരീന സബലേങ്കയ്ക്ക് വീണ്ടും അവസരമൊരുങ്ങി. വനിതാ സിംഗിൾസ് ക്വാർട്ടറിൽ പാരിസ് ഒളിംപിക്സ് ചാംപ്യൻ ചൈനയുടെ ഷെങ് ക്വിൻവെന്നിനെ അനായാസം തോൽപിച്ച് മുന്നേറിയ (6-1,6-2) രണ്ടാം സീഡ് സബലേങ്ക തുടർച്ചയായ നാലാം തവണയും യുഎസ് ഓപ്പണിന്റെ സെമിയിൽ കടന്നു.

കഴിഞ്ഞ തവണ ഫൈനലിൽ യുഎസിന്റെ കോക്കോ ഗോഫിനോടു തോറ്റ സബലേങ്കയ്ക്ക് ന്യൂയോർക്കിലെ കന്നി സിംഗിൾസ് കിരീടമെന്ന ലക്ഷ്യത്തിലേക്ക് ഇനി 2 മത്സരങ്ങളുടെ അകലം മാത്രം. ഈ വർഷത്തെ ഓസ്ട്രേലിയൻ ഓപ്പണിൽ ജേതാവായിരുന്നു സബലേങ്ക. സെമിയിൽ യുഎസിന്റെ 13–ാം സീഡ് എമ്മ നവാരോയാണ് സബലേങ്കയുടെ എതിരാളി. പ്രീക്വാർട്ടറിൽ നിലവിലെ ചാംപ്യൻ കോക്കോ ഗോഫിനെ തോൽപിച്ചെത്തിയ നവാരോയുടെ അട്ടിമറിക്കുതിപ്പിനു തടയിടാൻ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ സ്പെയിനിന്റെ പൗള ബഡോസയ്ക്കും കഴിഞ്ഞില്ല (6-2, 7-5).

മറ്റൊരു സെമിയിൽ ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിന മുച്ചോവയും യുഎസ് താരം ജെസീക്ക പെഗുലയും ഏറ്റുമുട്ടും. ക്വാർട്ടർ പോരാട്ടത്തിൽ ബ്രസീൽ താരം ബിയാട്രിസ് ഹദ്ദാദ് മയ്യയെ നേരിട്ടുള്ള സെറ്റുകൾക്കാണ് മുച്ചോവ വീഴ്ത്തിയത്. സ്കോർ: 6-1, 6-4. പോളണ്ട് താരം ഇഗ സ്യാംതെകിനെ നേരിട്ടുള്ള സെറ്റുകൾക്കു വീഴ്ത്തിയാണ് ജെസീക്കയുടെ സെമിപ്രവേശം. സ്കോർ: 6-2, 6-4.

English Summary:

US Open Tennis 2024 - Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com