ബ്രാവോ, സിന്നർ !
Mail This Article
ന്യൂയോർക്ക്∙ ‘ഇറ്റലിയിൽ നിന്നുള്ള ഒരു ടെന്നിസ് കളിക്കാരൻ’– യാനിക് സിന്നർ എന്ന ഇരുപത്തിമൂന്നുകാരന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പേരിനൊപ്പം ചേർത്തിരിക്കുന്ന വിശേഷണം ഇപ്രകാരമാണ്. എന്നാൽ, യുഎസ് ടെന്നിസ് പുരുഷ സിംഗിൾസ് ഫൈനൽ മത്സരം കഴിഞ്ഞതിനു പിന്നാലെ ആരാധകർ അതൽപം പരിഷ്കരിച്ചു– യുഎസ് ഓപ്പൺ സിംഗിൾസ് വിജയിയാകുന്ന ആദ്യ ഇറ്റാലിയൻ പുരുഷ താരം! ഞായർ അർധരാത്രി നടന്ന മത്സരത്തിൽ യുഎസ്എയുടെ ടെയ്‌ലർ ഫ്രിറ്റ്സിനെ തോൽപിച്ചാണ് (6-3, 6-4, 7-5) ഫ്ലഷിങ് മെഡോസിലെ ഹാർഡ് കോർട്ടിൽ, ലോക ഒന്നാം നമ്പർ താരമായ സിന്നർ റെക്കോർഡ് പുസ്തകത്തിലേക്ക് തന്റെ റാക്കറ്റ് ചേർത്തുവച്ചത്. ഈ വർഷം ആദ്യം ഓസ്ട്രേലിയൻ ഓപ്പണിലും കിരീടം നേടിയ സിന്നറിന്റെ രണ്ടാം ഗ്രാൻസ്‌ലാം ട്രോഫിയാണിത്.
കണക്കിലും കളിയിലും ബഹുദൂരം മുന്നിലായിരുന്ന സിന്നറിനെ അട്ടിമറിച്ച്, 21 വർഷത്തിനു ശേഷം തങ്ങളുടെ ‘നാട്ടുകാരൻ’ ജേതാവാകുന്നതു കാണാൻ ആർതർ ആഷെ സ്റ്റേഡിയത്തിൽ തിങ്ങിക്കൂടിയ യുഎസ് ആരാധകരുടെ പ്രതീക്ഷയും പ്രാർഥനയും ഒരു അട്ടിമറി ജയമായിരുന്നു. എന്നാൽ ബേസ് ലൈൻ ഷോട്ടുകളും ഫോർഹാൻഡ് കരുത്തുമായി സിന്നർ നിറഞ്ഞാടിയ ആദ്യ സെറ്റ് 40 മിനിറ്റിനുള്ളിൽ അവസാനിച്ചു (6–3).
ഒരു ഗെയിം അധികം നേടിയതൊഴിച്ചാൽ രണ്ടാം സെറ്റിലും സിന്നറിനെ പരീക്ഷിക്കാൻ ഫ്രിറ്റ്സിനു സാധിച്ചില്ല. അതോടെ ‘ബ്രാവോ സിന്നർ’ ആർപ്പുവിളികളുമായി കാണികൾ സിന്നറിനൊപ്പമായി. ഇറ്റാലിയൻ താരത്തിന്റെ ക്രോസ് കോർട്ട് ഷോട്ടുകൾക്ക് ശക്തമായ പ്രതിരോധം തീർത്ത ഫ്രിറ്റ്സ്, മൂന്നാം സെറ്റ് ടൈബ്രേക്കറിലേക്കു നീട്ടിയെടുക്കാൻ ശ്രമിച്ചെങ്കിലും യുഎസ് താരത്തിന്റെ റിട്ടേൺ ബേസ്‌ലൈനും കടന്നു പുറത്തേക്കു പറന്നതോടെ ചാംപ്യൻഷിപ് പോയിന്റും യുഎസ് ഓപ്പൺ ട്രോഫിയും നേരേ ഇറ്റലിയിലേക്ക്...