ഓസ്ട്രേലിയൻ ഓപ്പണിൽ മത്സരിക്കാൻ എത്തിയപ്പോൾ വിഷം കലർന്ന ഭക്ഷണം നൽകി: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജോക്കോവിച്ച്
Mail This Article
മെൽബൺ ∙ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഓസ്ട്രേലിയൻ ഓപ്പണിനു മുൻപ് വിവാദത്തിന് തിരികൊളുത്തി നൊവാക് ജോക്കോവിച്ച്. 2022ൽ ഓസ്ട്രേലിയൻ ഓപ്പണിൽ മത്സരിക്കാനെത്തിയ തനിക്ക് വിഷം കലർന്ന ഭക്ഷണം നൽകിയെന്നാണ് മാഗസിൻ അഭിമുഖത്തിൽ ജോക്കോവിച്ച് ആരോപിച്ചത്. കോവിഡ് വാക്സീൻ സ്വീകരിക്കാത്തതിന്റെ പേരിൽ ഓസ്ട്രേലിയയിൽ തന്നെ തടഞ്ഞുവച്ച സമയത്താണ് ഈ ഭക്ഷണം ലഭിച്ചത്.
സെർബിയയിൽ തിരിച്ചെത്തിയശേഷം നടത്തിയ പരിശോധനയിൽ തന്റെ ശരീരത്തിൽ കൂടിയ അളവിൽ ലെഡിന്റെയും മെർക്കുറിയുടെയും അംശം കണ്ടെത്തിയെന്നും ഓസ്ട്രേലിയയിൽനിന്നു ലഭിച്ച ഭക്ഷണത്തിലൂടെ അല്ലാതെ അവ തന്റെ ശരീരത്തിൽ എത്തില്ലെന്നുമാണ് ജോക്കോവിച്ചിന്റെ വെളിപ്പെടുത്തൽ.
2022ലെ ഓസ്ട്രേലിയൻ ഓപ്പണിൽ മത്സരിക്കാനെത്തിയ ജോക്കോവിച്ചിനെ കോവിഡ് വാക്സീൻ എടുക്കാത്തതിന്റെ പേരിൽ മെൽബണിൽ തടഞ്ഞുവയ്ക്കുകയും പിന്നീട് മത്സരത്തിൽ പങ്കെടുക്കാൻ അനുവദിക്കാതെ നാട്ടിലേക്കു തിരിച്ചയയ്ക്കുകയും ചെയ്തിരുന്നു. വീസ റദ്ദാക്കി മെൽബണിൽ തടഞ്ഞുവച്ച സമയത്ത് ഹോട്ടൽ മുറിയിൽവച്ച് നൽകിയ ഭക്ഷണത്തിലാണ് വിഷം കലർന്നതായി ജോക്കോവിച്ച് ആരോപിക്കുന്നത്.