ഓസ്ട്രേലിയൻ ഓപ്പണിന് നാളെ തുടക്കം: ജോക്കോവിച്ചിന്റെ പരിശീലകനായി മറെ; ഞങ്ങളെ തോൽപിക്കാൻ ആരുണ്ടെടാ..?
Mail This Article
മെൽബൺ ∙ നേർക്കുനേർ നിന്ന് വെല്ലുവിളിച്ചു തുടങ്ങിയ ‘ന്യൂജെൻ പയ്യൻമാരെ’ നേരിടാൻ നൊവാക് ജോക്കോവിച്ചിന് ഒരു കൂട്ടുകിട്ടിയിരിക്കുന്നു; പഴയ എതിരാളിയായ ആൻഡി മറെ! നാളെ തുടങ്ങുന്ന ഓസ്ട്രേലിയൻ ഓപ്പണിൽ മുൻ ബ്രിട്ടിഷ് താരം ആൻഡി മറെയെ പരിശീലകനാക്കിയാണ് സെർബിയൻ താരം ജോക്കോ ഇറങ്ങുന്നത്. കഴിഞ്ഞ സീസണിൽ ടെന്നിസിനോടു വിടപറഞ്ഞ മറെയ്ക്ക്, ഇത്തവണ 25–ാം ഗ്രാൻസ്‌ലാം കിരീടം ലക്ഷ്യമിടുന്ന മുപ്പത്തിയേഴുകാരൻ ജോക്കോയെക്കാൾ ഒരാഴ്ച മാത്രമാണ് പ്രായക്കൂടുതൽ.
റോജർ ഫെഡറർക്കു പിന്നാലെ റാഫേൽ നദാലും വിരമിച്ചതിനുശേഷമുള്ള ആദ്യ ഗ്രാൻസ്‌ലാമിൽ മറെയെ കൂട്ടുപിടിച്ച് പുതുതലമുറയ്ക്കു മുന്നിൽ മഹാമേരുപോലെ നിൽക്കുകയാണ് ജോക്കോവിച്ച്. നാളെ രാവിലെ 5.30നാണ് മത്സരങ്ങൾക്കു തുടക്കം. സോണി ടെൻ ചാനലുകളിൽ തൽസമയം.
∙ ‘ക്രിസ്റ്റ്യാനോയുടെ കോച്ചായി മെസ്സി’
‘‘ഫുട്ബോളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കോച്ചായി ലയണൽ മെസ്സി വന്നാൽ എങ്ങനെയുണ്ടാകും?’’ നൊവാക് ജോക്കോവിച്ചിന്റെ പരിശീലകനായി ആൻഡി മറെ എത്തിയതിനെ റഷ്യൻ ടെന്നിസ് താരം ഡാനിൽ മെദ്‌വദേവ് വിശേഷിപ്പിച്ചതിങ്ങനെയാണ്. പ്രായത്തിന്റെയും ഫോം നഷ്ടത്തിന്റെയും പരിമിതികളെ മറികടക്കാനാണ് മറെയുമൊത്തുള്ള പുതിയ കൂട്ടുകെട്ടിന് ജോക്കോവിച്ച് തുടക്കമിട്ടത്. കഴിഞ്ഞ സീസണിൽ ഒരു ഗ്രാൻസ്‌ലാം കിരീടം പോലും നേടാനാകാത്ത മുൻ ലോക ഒന്നാം നമ്പർ താരം ഏഴാം സീഡായാണ് മെൽബണിൽ മത്സരിക്കുക.
25–ാം ഗ്രാൻസ്‌ലാം കിരീടത്തിനായി ഒന്നരവർഷമായി കാത്തിരിപ്പ് തുടരുന്ന ജോക്കോവിച്ച്, 100–ാം കരിയർ സിംഗിൾസ് കിരീടമെന്ന നേട്ടത്തിനും തൊട്ടരികിലാണ്. കൂടുതൽ ഓസ്ട്രേലിയൻ ഓപ്പൺ നേട്ടങ്ങളിൽ വനിതാ താരം മാർഗരറ്റ് കോർട്ടിന്റെ റെക്കോർഡിനൊപ്പമെത്താനും (11) ജോക്കോയ്ക്ക് ഒരു കിരീടം കൂടി വേണം. ആദ്യ റൗണ്ടിൽ ഇന്ത്യൻ വംശജനായ യുഎസ് താരം നിശേഷ് ബസവറെഡ്ഡിയാണ് ജോക്കോയുടെ എതിരാളി. പത്തൊൻപതുകാരനായ നിശേഷിന്റെ മാതാപിതാക്കൾ ആന്ധ്രപ്രദേശിലെ നെല്ലൂരിൽനിന്ന് അമേരിക്കയിലേക്കു കുടിയേറിയവരാണ്.
∙ തലയെടുപ്പോടെ സിന്നർ
കന്നി ഗ്രാൻസ്‍ലാം കിരീടമെന്ന സ്വപ്നവുമായി കഴിഞ്ഞവർഷം ഈ വേദിയിലെത്തിയ ഇരുപത്തിരണ്ടുകാരൻ പയ്യനല്ല ഇപ്പോൾ ഇറ്റലിയുടെ യാനിക് സിന്നർ. ഓസ്ട്രേലിയയിലും ന്യൂയോർക്കിലുമായി ഒരുവർഷത്തിനിടെ 2 ഗ്രാൻസ്‍ലാം കിരീടം സ്വന്തമാക്കിയ സിന്നർ ലോക ഒന്നാംനമ്പറിന്റെ തലയെടുപ്പുമായാണ് മെൽബൺ പാർക്കിലേക്ക് വീണ്ടും വരുന്നത്. കഴിഞ്ഞവർഷം സെമിയിൽ ജോക്കോവിച്ചിനെയും ഫൈനലിൽ മെദ്‌വദേവിനെയും വീഴ്ത്തിയാണ് സിന്നർ ഓസ്ട്രേലിയൻ ഓപ്പണിൽ ജേതാവായത്. പുരുഷ സിംഗിൾസിൽ ജർമനിയുടെ അലക്സാണ്ടർ സ്വരേവാണ് രണ്ടാം സീഡ്.
വനിതാ സിംഗിൾസിൽ തുടർച്ചയായ മൂന്നാം ഓസ്ട്രേലിയൻ ഓപ്പൺ ട്രോഫി ലക്ഷ്യമിട്ടെത്തുന്ന ബെലാറൂസിന്റെ അരീന സബലേങ്കയ്ക്ക് വെല്ലുവിളി രണ്ടാം സീഡ് ഇഗ സ്യാംതെക്കും മൂന്നാം സീഡ് കൊക്കോ ഗോഫുമാണ്. മുൻ യുഎസ് ഓപ്പൺ ചാംപ്യൻ സ്‌ലൊവാൻസ് സ്റ്റീഫൻസിനെതിരെയാണ് സബലേങ്കയുടെ ആദ്യ മത്സരം.