ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ സബലേങ്കയ്ക്കും സ്വരേവിനും വിജയത്തുടക്കം; സുമിത് നാഗൽ പുറത്ത്

Mail This Article
മെൽബൺ ∙ ഓസ്ട്രേലിയൻ ഓപ്പണിൽ തുടർച്ചയായ മൂന്നാം കിരീടം ലക്ഷ്യമിട്ടെത്തിയ ഒന്നാം സീഡ് അരീന സബലേങ്കയ്ക്ക് വെല്ലുവിളിയുയർത്താൻ യുഎസിന്റെ സ്ലൊയേൻ സ്റ്റീഫൻസിനായില്ല. മുൻ യുഎസ് ഓപ്പൺ ചാംപ്യൻ കൂടിയായ സ്ലൊയേനെ ആദ്യ മത്സരത്തിൽ അനായാസം കീഴടക്കിയ സബലേങ്ക (6–3, 6–2) കിരീടത്തിലേക്കുള്ള കുതിപ്പ് തുടങ്ങി.
പുരുഷ സിംഗിൾസിൽ രണ്ടാം സീഡ് അലക്സാണ്ടർ സ്വരേവ് ഫ്രാൻസിന്റെ ലൂക്കാസ് പൗളിനെ (6-4, 6-4, 6-4) തോൽപിച്ചു. ആറാം സീഡ് കാസ്പർ റൂഡ്, വനിതകളിൽ ഒളിംപിക് ചാംപ്യൻ ഷെങ് ക്വിൻവെൻ എന്നിവരും ആദ്യ മത്സരം ജയിച്ചു കയറി. യാനിക് സിന്നറും ഇഗ സ്യാംതെക്കും കൊക്കോ ഗോഫും ഇന്ന് മത്സരത്തിനിറങ്ങും. ടൂർണമെന്റിന്റെ ആദ്യദിനത്തിൽ മഴ മത്സരങ്ങൾ തടസ്സപ്പെടുത്തി.
∙ സുമിത് നാഗൽ പുറത്ത്
ഇന്ത്യയുടെ സുമിത് നാഗൽ ആദ്യറൗണ്ടിൽ പുറത്തായി. പുരുഷ സിംഗിൾസിൽ ചെക്ക് റിപ്പബ്ലിക്കിന്റെ ടോമാസ് മഷാക്കാണ് സുമിത്തിനെ തോൽപിച്ചത് (6–3, 6–1, 7–5). കഴിഞ്ഞവർഷത്തെ ഓസ്ട്രേലിയൻ ഓപ്പണിൽ ആദ്യ മത്സരത്തിൽ സുമിത് അട്ടിമറി വിജയം നേടിയിരുന്നു.