ഓസ്ട്രേലിയൻ ഓപ്പണിൽ ജോക്കോവിച്ചിനെ വിറപ്പിച്ച് ഇന്ത്യൻ വംശജനായ യുഎസ് താരം; ആദ്യ സെറ്റ് നേടി, പിന്നെ തോറ്റു

Mail This Article
മെൽബൺ ∙ ഓസ്ട്രേലിയൻ ഓപ്പൺ കോർട്ടിൽ ഇന്നലെ ഒരു യുഎസ് താരത്തിനൊപ്പമായിരുന്നു ടെന്നിസ് ആരാധകരുടെ മനസ്സ്. പുരുഷ സിംഗിൾസ് ഒന്നാം റൗണ്ടിൽ നൊവാക് ജോക്കോവിച്ചിനെ വിറപ്പിച്ച ഇന്ത്യൻ വംശജൻ നിശേഷ് ബസവറെഡ്ഡിക്കൊപ്പം. സെർബിയൻ ഇതിഹാസത്തിനെതിരെ ആദ്യ സെറ്റ് സ്വന്തമാക്കിയ പത്തൊൻപതുകാരൻ നിശേഷ് വലിയൊരു അട്ടിമറിയുടെ സൂചന ഉയർത്തി.
പിന്നീടുള്ള മൂന്നു സെറ്റുകളിൽ പതിവു ഫോമിലേക്കുയർന്ന ജോക്കോ ആ പ്രതീക്ഷ ഇല്ലാതാക്കിയെങ്കിലും (4–6,6–3,6–4,6–2) റോഡ് ലേവർ അരീനയിൽ നിന്ന് നിറചിരിയോടെയായിരുന്നു നിശേഷിന്റെ മടക്കം. ആന്ധ്രപ്രദേശിലെ നെല്ലൂരിൽ നിന്ന് അമേരിക്കയിലേക്കു കുടിയേറിയവരാണ് നിശേഷിന്റെ മാതാപിതാക്കൾ. നിലവിൽ ലോക റാങ്കിങ്ങിൽ 107–ാം സ്ഥാനത്തുള്ള നിശേഷ് വൈൽഡ് കാർഡ് എൻട്രി ആയിട്ടാണ് ഓസ്ട്രേലിയൻ ഓപ്പണിന് എത്തിയത്.
പുരുഷ സിംഗിൾസിൽ ഒന്നാം സീഡ് യാനിക് സിന്നർ, മൂന്നാം സീഡ് കാർലോസ് അൽകാരസ് എന്നിവരും മുന്നേറി. 10–ാം സീഡ് ഗ്രിഗർ ദിമിത്രോവും 11–ാം സീഡ് സ്റ്റെഫാനോസ് സിറ്റ്സിപാസും പുറത്തായി. വനിതാ സിംഗിൾസിൽ കൊക്കോ ഗോഫ്, നവോമി ഒസാക്ക, ഇഗ സ്യാംതെക്, ജെസിക്ക പെഗുല, ബെലിൻഡ ബെൻസിച്ച് എന്നിവർ രണ്ടാം റൗണ്ടിലെത്തി.