കൂടുതൽ ഗ്രാൻസ്‌ലാം മത്സരങ്ങളിൽ റോജർ ഫെഡററെ മറികടന്ന് റെക്കോർഡ്; ജോക്കോവിച്ച് 430 നോട്ടൗട്ട് !

Mail This Article
മെൽബൺ ∙ ഗ്രാൻസ്‌ലാം ടെന്നിസിലെ മറ്റൊരു ലോക റെക്കോർഡ് കൂടി സ്വന്തമാക്കി ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ നൊവാക് ജോക്കോവിച്ച് കുതിപ്പ് തുടരുന്നു. പോർച്ചുഗലിൽ നിന്നുള്ള ഇരുപത്തൊന്നുകാരൻ ജയ്മി ഫാരിയയെ തോൽപിച്ച് മൂന്നാം റൗണ്ടിലേക്കു മുന്നേറിയ (6-1,6-7,6-3, 6-2) ജോക്കോ, ഗ്രാൻസ്‌ലാം ടെന്നിസിലെ തന്റെ 430–ാം മത്സരത്തിനാണ് ഇന്നലെ ഇറങ്ങിയത്.
കൂടുതൽ ഗ്രാൻസ്‌ലാം മത്സരങ്ങൾ കളിച്ചതിനുള്ള ലോക റെക്കോർഡിന് ഉടമയായിരുന്ന റോജർ ഫെഡററെ (429) ജോക്കോ മറികടന്നു. കിരീടപ്പോരാട്ടത്തിൽ ജോക്കോവിച്ചിന്റെ എതിരാളികളായ രണ്ടാം സീഡ‍് അലക്സാണ്ടർ സ്വരേവ്, മൂന്നാം സീഡ് കാർലോസ് അൽകാരസ് എന്നിവരും മൂന്നാം റൗണ്ടിലെത്തി. എന്നാൽ ആറാം സീഡ‍് കാസർപർ റൂഡിനെ ചെക്ക് റിപ്പബ്ലിക്കിന്റെ കൗമാരതാരം യാക്കൂബ് മെൻസിക് (6-2, 3-6, 6-1, 6-4) അട്ടിമറിച്ചു.
വനിതാ സിംഗിൾസിൽ ഒളിംപിക്സ് ചാംപ്യൻ ചൈനയുടെ ഷെങ് ക്വിൻവെന്നിനും കാലിടറി. അൺ സീഡഡ് ജർമൻ താരം ലോറ സിഗ്‌മെണ്ടാണ് ഷെങ്ങിനെ അട്ടിമറിച്ചത് (7-6, 6-3). എന്നാൽ നിലവിലെ ചാംപ്യൻ അരീന സബലേങ്കയും മൂന്നാം സീഡ് കൊക്കോ ഗോഫും മൂന്നാം റൗണ്ടിലെത്തി.