എമ്മ Vs ഇഗ: ഓസ്ട്രേലിയൻ ഓപ്പൺ മൂന്നാം റൗണ്ടിൽ സൂപ്പർ പോരാട്ടങ്ങൾ

Mail This Article
മെൽബൺ ∙ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് വനിതാ സിംഗിൾസ് മൂന്നാം റൗണ്ടിൽ തന്നെ സൂപ്പർ പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി. രണ്ടാം സീഡ് ഇഗ സ്യാംതെക്കും മുൻ യുഎസ് ഓപ്പൺ ചാംപ്യൻ എമ്മ റഡുകാനുവും തമ്മിലാണ് ഒരു മത്സരം. നാലാം സീഡ് ജാസ്മിൻ പവോലീനി മുൻ ലോക മൂന്നാം നമ്പർ താരം എലെന സ്വിറ്റോലിനയെ നേരിടും.
രണ്ടു തവണ ഇവിടെ ചാംപ്യനായിട്ടുള്ള ജപ്പാന്റെ നവോമി ഒസാക്കയ്ക്ക് 2020 ടോക്കിയോ ഒളിംപിക്സ് സ്വർണ മെഡൽ ജേതാവായ സ്വിറ്റ്സർലൻഡിന്റെ ബെലിൻഡ ബെൻസിച്ചാണ് എതിരാളി. 8–ാം സീഡ് യുഎസിന്റെ എമ്മ നവാരോ മുൻ ലോക രണ്ടാം നമ്പർ താരം തുനീസിയയുടെ ഒൻസ് ജാബറിനെ നേരിടും. പുരുഷ സിംഗിൾസിൽ 17–ാം സീഡ് ഫ്രാൻസെസ് ടൈഫോ, 18–ാം സീഡ് ഹ്യൂബർട്ട് ഹുർകാച്ച് എന്നിവരാണ് ഇന്നലെ പുറത്തായ പ്രധാന താരങ്ങൾ. ഹംഗറിയുടെ ഫേബിയൻ മരോഷാനാണ് യുഎസ് താരം ടൈഫോയെ വീഴ്ത്തിയത് (6–7,6–4,3–6,6–4,
6–1). പോളണ്ട് താരം ഹുർകാച്ച് സെർബിയയുടെ മയോമിർ കെച്മനോവിച്ചിനു മുന്നിൽ നേരിട്ടുള്ള സെറ്റുകൾക്കു കീഴടങ്ങി (6–4,6–4,6–2). നിലവിലെ ചാംപ്യൻ യാനിക് സിന്നർ ഓസ്ട്രേലിയൻ വൈൽഡ് കാർഡ് താരം ട്രിസ്റ്റൻ സ്കൂൾകേറ്റിനെതിരെ ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ ശേഷം ജയിച്ചു കയറി (4–6,6–4, 6–1,6–3). 4–ാം സീഡ് ടെയ്‌ലർ ഫ്രിറ്റ്സ്, 13–ാം സീഡ് ഹോൾഗർ റൂണെ, 21–ാം സീഡ് ബെൻ ഷെൽട്ടൻ എന്നിവരും ജയിച്ചു കയറി. ആദ്യ റൗണ്ടിൽ 10–ാം സീഡ് ആന്ദ്രെ റുബ്‌ലേവിനെ അട്ടിമറിച്ച ബ്രസീലിന്റെ പതിനെട്ടുകാരൻ ജോവ ഫൊൻസേക ഇന്നലെ ഇറ്റലിയുടെ ലൊറൻസോ സൊനെഗോയ്ക്കു മുന്നിൽ കീഴടങ്ങി.