‘ലേണേഴ്സ് ടെസ്റ്റ് ’പരാജയപ്പെട്ട് മെദ്വദേവ്

Mail This Article
മെൽബൺ ∙ മുൻ ലോക ഒന്നാം നമ്പർ താരത്തെ അട്ടിമറിച്ചാൽ എങ്ങനെ ആഘോഷിക്കണം? വിയറ്റ്നാം വംശജനായ യുഎസ് താരം ലേണർ ടിയെൻ ഇന്നലെ മെൽബണിൽ ആ സ്വപ്നനേട്ടം ആഘോഷിച്ചത് ഒരു പീറ്റ്സ കഴിച്ചാണ്! ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് രണ്ടാം റൗണ്ടിൽ റഷ്യൻ താരം ഡാനിൽ മെദ്‌വദേവിനെ തോൽപിച്ച പത്തൊൻപതുകാരൻ ടിയെൻ മത്സരശേഷം മാധ്യമസമ്മേളനത്തിനെത്തിയത് ഒരു പീറ്റ്സ ബോക്സും കയ്യിൽ പിടിച്ചാണ്.
വിജയമധുരത്തിനൊപ്പം പീറ്റ്സയും കൂടി നുണഞ്ഞായിരുന്നു ചോദ്യങ്ങൾക്കുളള മറുപടി. അഞ്ചു സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിനൊടുവിലാണ് ലോക റാങ്കിങ്ങിൽ 121–ാം സ്ഥാനത്തുള്ള ടിയെൻ 5–ാം റാങ്കുകാരനായ മെദ്‌വദേവിനെ വീഴ്ത്തിയത്. സ്കോർ: 6–3,7–6,6–7,1–6,7–6.
പുരുഷ സിംഗിൾസിൽ മുൻനിര താരങ്ങളായ കാർലോസ് അൽകാരസ്, നൊവാക് ജോക്കോവിച്ച്, അലക്സാണ്ടർ സ്വരേവ്, ടോമി പോൾ എന്നിവരും വനിതകളിൽ അരീന സബലേങ്ക, കൊക്കോ ഗോഫ്, ബെലിൻഡ ബെൻസിച്ച്, പൗള ബഡോസ, മിറ ആൻഡ്രീവ എന്നിവരും മൂന്നാം റൗണ്ട് ജയിച്ചു. മിക്സ്ഡ് ഡബിൾസിൽ ഇന്ത്യൻ താരം രോഹൻ ബൊപ്പണ്ണയും ചൈനീസ് താരം ഷാങ് ഷുവായിയും രണ്ടാം റൗണ്ടിലെത്തി.
പേരിനു പിന്നിൽ..
യുഎസിലെ ഇർവിൻ നഗരത്തിലാണ് ലേണർ ടിയെൻ ജനിച്ചത്. ഗണിത ശാസ്ത്ര അധ്യാപികയായ അമ്മ തന്റെ ജോലിയിൽ നിന്നു പ്രചോദനമുൾക്കൊണ്ടാണ് മകന് ലേണർ (Learner) എന്നു പേരു നൽകിയത്. ലേണറിന്റെ സഹോദരിയുടെ പേര് ജസ്റ്റിസ് (Justice) എന്നാണ്. അഭിഭാഷകനായ അച്ഛന്റെ ജോലിയിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട പേരാണത്.