മെഗാ ഇഗാ! ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ കുതിപ്പ് തുടർന്ന് ഇഗ സ്യാംതെക്

Mail This Article
മെൽബൺ ∙ ആവേശകരമായ പോരാട്ടം പ്രതീക്ഷിച്ച് റോഡ് ലേവർ അരീനയിൽ എത്തിയവരെ കാത്തിരുന്നത് ഇഗ സ്യാംതെക്കിന്റെ വൺ ‘വുമൻ’ ഷോ! യുഎസ് ഓപ്പൺ മുൻ ചാംപ്യൻ ബ്രിട്ടന്റെ എമ്മ റഡുകാനുവിനെ നിർദാക്ഷിണ്യം തോൽപിച്ചാണ് (6–1, 6–0) ലോക രണ്ടാം നമ്പർ പോളണ്ടിന്റെ ഇഗ സ്യാംതെക് ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് വനിതാ സിംഗിൾസിൽ പ്രീക്വാർട്ടറിൽ കടന്നത്. 70 മിനിറ്റ് മാത്രം ദൈർഘ്യമുണ്ടായ പോരാട്ടത്തിൽ ഇഗയുടെ ഫോർഹാൻഡ് ഷോട്ടുകൾക്കു മുന്നിൽ എമ്മയ്ക്ക് മറുപടിയുണ്ടായിരുന്നില്ല. ബ്രിട്ടിഷ് താരത്തിന്റെ ബാക്ക് ഹാൻഡ് ദൗർബല്യം മുതലെടുത്ത ഇഗ ക്രോസ് കോർട്ട് ഷോട്ടുകളിലൂടെ അനായാസം പോയിന്റ് വാരിക്കൂട്ടി. ടൂർണമെന്റിൽ ഒരു സെറ്റ് പോലും നഷ്ടപ്പെടാതെയാണ് ഇഗ പ്രീക്വാർട്ടർ വരെ എത്തിയത്. ജർമനിയുടെ ഇവ ലൈസാണ് ഇഗയുടെ അടുത്ത എതിരാളി.
വനിതാ സിംഗിൾസിൽ യുക്രെയ്ൻ താരം എലീന സ്വിറ്റോലിന, കസഖ്സ്ഥാന്റെ എലീന റിബകീന എന്നിവരും മൂന്നാം റൗണ്ട് കടന്നപ്പോൾ ഇറ്റലിയുടെ ജാസ്മിൻ പവൊലീനി തോറ്റുപുറത്തായി. പുരുഷ സിംഗിൾസിൽ ലോക ഒന്നാം നമ്പർ ഇറ്റലിയുടെ യാനിക് സിന്നർ, ഡെൻമാർക്കിന്റെ ഹോൾഗർ റൂണെ, യുഎസ് താരങ്ങളായ ബെൻ ഷെൽട്ടൻ, ലേണർ ടിയെൻ എന്നിവർ നാലാം റൗണ്ടിൽ എത്തിയപ്പോൾ യുഎസ് താരം ടെയ്‌ലർ ഫ്രിറ്റ്സ് മൂന്നാം റൗണ്ടിൽ പുറത്തായി.
നദാലിനു പിന്നാലെ ലേണർ ടിയെൻ
കഴിഞ്ഞ 20 വർഷത്തിനിടെ ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസിന്റെ നാലാം റൗണ്ടിലെത്തുന്ന പ്രായം കുറഞ്ഞ താരമായി യുഎസിന്റെ ലേണർ ടിയെൻ. 18 വയസ്സും 10 മാസവും പ്രായമുള്ള ലേണർ, ഫ്രാൻസിന്റെ കോറെൻടിൻ മൗടെറ്റിനെ 7-6(10), 6-3, 6-3 എന്ന സ്കോറിനു മറികടന്നാണ് നാലാം റൗണ്ടിലെത്തിയത്. 2005ൽ തന്റെ 18 വയസ്സിൽ ഓസ്ട്രേലിയൻ ഓപ്പൺ നാലാം റൗണ്ടിലെത്തിയ സ്പാനിഷ് താരം റാഫേൽ നദാലിന്റെ പേരിലാണ് റെക്കോർഡ്.