സ്റ്റാർ വാർ! ഓസ്ട്രേലിയൻ ഓപ്പൺ ക്വാർട്ടർ ഫൈനലിൽ ജോക്കോവിച്ച്– അൽകാരസ്

Mail This Article
മെൽബൺ∙ സെമിഫൈനലിലോ ഫൈനലിലോ കാണാമെന്ന് ആരാധകർ കൊതിച്ചിരുന്ന നൊവാക് ജോക്കോവിച്ച്– കാർലോസ് അൽകാരസ് പോരാട്ടം ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ ഇത്തവണ അൽപം നേരത്തേയാണ്! പ്രീക്വാർട്ടർ മത്സരങ്ങൾ അനായാസം ജയിച്ച ഇരുവരും നാളെ നടക്കുന്ന പുരുഷ സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ നേർക്കുനേർ മത്സരിക്കും.
പ്രീ ക്വാർട്ടറിൽ ചെക്ക് റിപ്പബ്ലിക് താരം ജിറി ലെഹ്കയെ (6–3, 6–4, 7–6 (4) മറികടന്നാണ് സെർബിയൻ താരം ജോക്കോവിച്ച് തന്റെ 15–ാം ഓസ്ട്രേലിയൻ ഓപ്പൺ ക്വാർട്ടർ ഫൈനലിലെത്തിയത്. ഇതോടെ ഏറ്റവും കൂടുതൽ തവണ ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ കടക്കുന്ന താരമെന്ന റെക്കോർഡിൽ ജോക്കോവിച്ച് റോജർ ഫെഡറർക്ക് ഒപ്പമെത്തി.
ബ്രിട്ടന്റെ ജാക്ക് ഡ്രാപ്പറെ മറികടന്നാണ് സ്പാനിഷ് യുവതാരം കാർലോസ് അൽകാരസ് ക്വാർട്ടറിൽ കടന്നത്. 7–5, 6–1 എന്ന സ്കോറിൽ അൽകാരസ് ലീഡ് ചെയ്തു നിൽക്കുമ്പോൾ ജാക്ക് മത്സരത്തിൽ നിന്നു പിൻമാറുകയായിരുന്നു. യുഎസിന്റെ ടോമി പോൾ, ജർമനിയുടെ അലക്സാണ്ടർ സ്വെരേവ് എന്നിവരും ക്വാർട്ടർ കടന്നു.
വനിതാ സിംഗിൾസ് മത്സരങ്ങളിൽ ബെലാറൂസിന്റെ അരീന സബലേങ്ക, യുഎസിന്റെ കോകോ ഗോഫ്, സ്പാനിഷ് താരം പൗല ബഡോസ എന്നിവരും ക്വാർട്ടറിൽ കടന്നു.
ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ, ചൈനീസ് താരം സാങ് ഷുയി സഖ്യം മിക്സ്ഡ് ഡബിൾസിന്റെ ക്വാർട്ടർ ഫൈനലിൽ കടന്നു. പ്രീക്വാർട്ടർ മത്സരത്തിൽ നിന്നു യുഎസിന്റെ ടെയ്‌ലർ ടൗൺസെന്റ്– മൊണാക്കോയുടെ ഹ്യൂഗോ നൈസ് സഖ്യം വിട്ടുനിന്നതോടെയാണ് ബൊപ്പണ്ണ സഖ്യം നേരിട്ട് ക്വാർട്ടറിൽ എത്തിയത്.
ബ്രോഡ്കാസ്റ്റർ അധിക്ഷേപിച്ചെന്ന് ജോക്കോവിച്ച്
തന്നെയും തന്റെ ആരാധകരെയും ഓസ്ട്രേലിയൻ ഓപ്പണിന്റെ ഔദ്യോഗിക ചാനൽ അധിക്ഷേപിച്ചതായി നൊവാക് ജോക്കോവിച്ച്. മത്സര ശേഷം കോർട്ടിൽ വച്ചു നടത്തുന്ന അഭിമുഖത്തിൽ നിന്ന് സെർബിയൻ താരം വിട്ടുനിന്നു. ചാനൽ പരസ്യമായി മാപ്പു പറയുന്നതുവരെ ഈ വിട്ടുനിൽക്കൽ തുടരുമെന്നും മുപ്പത്തിയേഴുകാരൻ താരം വ്യക്തമാക്കി.
മെദ്‌വദേവിന് 65 ലക്ഷം രൂപ പിഴ
കോർട്ടിലെ മോശം പെരുമാറ്റത്തിന് റഷ്യൻ താരം ഡാനിൽ മെദ്‌വദേവിന് 76000 ഡോളർ ( ഏകദേശം 65 ലക്ഷം രൂപ) പിഴ ചുമത്തി ഓസ്ട്രേലിയൻ ഓപ്പൺ സംഘാടകർ. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ തായ് താരം കസിഡിറ്റ് സാംറേയ്ക്ക് എതിരായ വിജയത്തിനു ശേഷം മെദ്‌വദേവ് 5 തവണ റാക്കറ്റ് നെറ്റിൽ വലിച്ചടിച്ചിരുന്നു. യുഎസ് താരം ലേണർ ടിയെനെതിരായ തോൽവിക്കു പിന്നാലെ കോർട്ടിൽ റാക്കറ്റ് വലിച്ചെറിയുകയും ചെയ്തു. ഈ രണ്ടു സംഭവങ്ങളുമാണ് പിഴയിലേക്ക് നയിച്ചത്.