ജോറാക്കി ജോക്കോവിച്ച്; പിന്നിൽനിന്നും തിരിച്ചടിച്ച് അൽകാരസിനെ വീഴ്ത്തി ഓസ്ട്രേലിയൻ ഓപ്പൺ സെമിയിൽ– വിഡിയോ

Mail This Article
മെൽബൺ ∙ ഓസ്ട്രേലിയൻ ഓപ്പണിൽ ഏവരും ആകാക്ഷയോടെ കാത്തിരുന്ന ആവേശപ്പോരാട്ടത്തിൽ യുവത്വത്തിന്റെ ചോരത്തിളപ്പിനു മേൽ ആധിപത്യം ഉറപ്പിച്ച് പരിചയസമ്പത്തിന്റെ കരുത്ത്! ആവേശം വാനോളമുയർന്ന പുരുഷ വിഭാഗം സിംഗിൾസ് ക്വാർട്ടറിൽ യുവതാരം സ്പെയിനിന്റെ കാർലോസ് അൽകാരസിനെ വീഴ്ത്തി സെർബിയൻ സൂപ്പർതാരം നൊവാക് ജോക്കോവിച്ച് സെമിഫൈനലിൽ കടന്നു. 3 മണിക്കൂറും 38 മിനിറ്റും നീണ്ട പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്നു സെറ്റുകൾക്കാണ് ജോക്കോവിച്ചിന്റെ വിജയം. സ്കോർ: 4-6, 6-4, 6-3, 6-4.
ഇതോടെ, മുപ്പത്തിയേഴുകാരൻ ജോക്കോവിച്ച് 25–ാം ഗ്രാൻസ്‌ലാം കിരീടത്തിലേക്കും റെക്കോർഡിലേക്കും ഒരു ചുവടുകൂടി വച്ചു. മറുവശത്ത്, ഇരുപത്തിയൊന്നുകാരനായ അൽകാരസിന്റെ കരിയർ സ്‌ലാമെന്ന മോഹവും തൽക്കാലം മോഹമായിത്തന്നെ അവശേഷിക്കും. നേർക്കുനേർ പോരാട്ടങ്ങളിൽ സ്പാനിഷ് താരത്തിനെതിരെ ജോക്കോവിച്ച് 5–3ന്റെ ലീഡും നേടി. പരുക്കിന്റെ ലക്ഷണങ്ങൾ പ്രകടമാക്കിയ ആദ്യ സെറ്റ് 6–4ന് കൈവിട്ട ശേഷമാണ്, മൂന്നാം സീഡായ സ്പാനിഷ് താരത്തിനെതിരെ ഏഴാം സീഡായ ജോക്കോവിച്ചിന്റെ വിജയമെന്നതും ശ്രദ്ധേയം.
മെൽബണിലെ റോഡ് ലേവർ അരീനയിൽ വെള്ളിയാഴ്ച നടക്കുന്ന രണ്ടാം സെമിയിൽ ജർമനിയുടെ രണ്ടാം സീഡായ അലക്സാണ്ടർ സ്വരേവാണ് ജോക്കോവിച്ചിന്റെ എതിരാളി. ഇന്നു നടന്ന ആദ്യ ക്വാർട്ടറിൽ ഒപ്പത്തിനൊപ്പം പൊരുതിയ യുഎസ് താരം ടോമി പോളിനെയാണ് ജർമൻ താരം ക്വാർട്ടറിൽ കീഴടക്കിയത്. 6–7 (1–7), 6–7 (0–7), 2–6, 6–1 എന്ന സ്കോറിനാണ് സ്വരേവിന്റെ വിജയം.
നാളെ അവസാന ക്വാർട്ടർ മത്സരങ്ങളിൽ ഇറ്റലിയുടെ ഒന്നാം സീഡ് യാനിക് സിന്നർ ആതിഥേയതാരം അലക്സ് ഡി മിനോറിനെയും യുഎസ് താരം ബെൻ ഷെൽട്ടൻ ക്വാർട്ടറിലെ ഏക അൺസീഡഡ് താരം ഇറ്റലിയുടെ ലൊറൻസോ സൊനഗോയെയും നേരിടും.
അതേസമയം, ഓസ്ട്രേലിയൻ ഓപ്പൺ ക്വാർട്ടർ ഫൈനലിൽ യുഎസ് താരം കൊക്കോ ഗോഫിനു തോൽവി. വനിതാ സിംഗിൾസിൽ സ്പാനിഷ് താരം പൗല ബഡോസയോടാണ് ഗോഫ് തോറ്റത്. 11–ാം സീഡായ പൗല 7–5, 6–4ന് ഗോഫിനെ തോൽപിച്ചാണു സെമി ഫൈനലിലേക്കു മുന്നേറിയത്. സ്പാനിഷ് താരം ആദ്യമായാണ് ഒരു ഗ്രാൻഡ്സ്‍ലാം സെമി ഫൈനലിലെത്തുന്നത്.വനിതാ സിംഗിൾസ് ഗ്രാൻഡ്സ്‍ലാം സെമി ഫൈനലിൽ കടക്കുന്ന നാലാമത്തെ മാത്രം താരമാണ് പൗല ബഡോസ എന്ന പ്രത്യേകതയുമുണ്ട്.