ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസിൽ സെമി ലൈനപ്പ് പൂർണം; സബലേങ്ക x ബഡോസ, ഇഗ സ്വാതെക് x മാഡിസൻ കീസ്

Mail This Article
മെൽബൺ∙ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ വനിതാ വിഭാഗം സിംഗിൾസിൽ സെമി ലൈനപ്പ് പൂർണം. ആദ്യ സെമിയിൽ ബെലാറൂസ് താരം അരീന സബലേങ്ക സ്പെയിനിന്റെ പൗല ബഡോസയെയും, രണ്ടാം സെമിയിൽ പോളണ്ടിന്റെ ഇഗ സ്വാതെക് യുഎസ് താരം മാഡിസൻ കീസിനെയും നേരിടും. ഇന്നു നടന്ന ക്വാർട്ട പോരാട്ടങ്ങളിൽ ഇഗ സ്വാതെക് യുഎസ് താരം എമ്മ നവാരോയെയും യുഎസിന്റെ മാഡിസൻ കീസ് യുക്രെയ്ന്റെ എലീന സ്വിറ്റോലിനയെയും തോൽപ്പിച്ചു. നാളെയാണ് ഇരു സെമിഫൈനൽ മത്സരങ്ങളും നടക്കുക.
ഇത്തവണ ഓസ്ട്രേലിയൻ ഓപ്പണിൽ ഒരു സെറ്റു പോലും നഷ്ടമാക്കാതെയാണ് പോളിഷ് താരം ഇഗ സ്വാതെക് സെമിയിൽ കടന്നത്. ഏറെക്കുറെ ഏകപക്ഷീയമായി മാറിയ മത്സരത്തിൽ എമ്മ നവാരോയെ 6–1, 6–2 എന്ന സ്കോറിലാണ് ഇഗ തോൽപ്പിച്ചത്. മറുവശത്ത്, യുക്രെയ്ൻ താരത്തിനെതിരെ ആദ്യ സെറ്റ് നഷ്ടമാക്കിയ ശേഷമാണ് മാഡിസൻ കീസ് ശക്തമായി തിരിച്ചടിച്ച് സെമിയിൽ കടന്നത്. 3–6, 6–3, 6–4 എന്ന സ്കോറിലാണ് മാഡിസന്റെ വിജയം.
നേരത്തെ, തുടർച്ചയായ മൂന്നാം കിരീടം ലക്ഷ്യമിടുന്ന ബെലാറൂസ് താരം അരീന സബലേങ്ക റഷ്യൻ താരം അനസ്താസിയ പാവ്‌ലചെങ്കോവയെ തോൽപിച്ച് സെമിയിൽ കടന്നിരുന്നു. 6–2, 2–6, 6–3 എന്ന സ്കോറിനായിരുന്നു സബലേങ്കയുടെ വിജയം. സെമിയിൽ 11–ാം സീഡ് സ്പെയിനിന്റെ പൗല ബഡോസയാണ് എതിരാളി. ക്വാർട്ടറിൽ മൂന്നാം സീഡ് കൊക്കോ ഗോഫിനെയാണ് ബഡോസ തോൽപിച്ചത് (7–5, 6–4).