ഓസീസ് താരം അലക്സ് ഡി മിനോറിനെ വീഴ്ത്തി നിലവിലെ ചാംപ്യൻ സിന്നർ; സെമിയിൽ യുഎസിന്റെ ബെൻ ഷെൽട്ടനെ നേരിടും

Mail This Article
മെൽബൺ∙ ഓസ്ട്രേലിയൻ ഓപ്പണിലെ ആദ്യ സെമിഫൈനലിന് തയാറെടുക്കുന്ന യുഎസ് താരം ബെൻ ഷെൽട്ടന്, നിലവിലെ ചാംപ്യൻ യാനിക് സിന്നർ എതിരാളി. ഇന്നു നടന്ന അവസാന ക്വാർട്ടറിൽ ആതിഥേയ താരം അലക്സ് ഡി മിനോറിനെ നേരിട്ടുള്ള സെറ്റുകൾക്ക് വീഴ്ത്തിയാണ് സിന്നർ സെമിഫൈനലിന് ടിക്കറ്റെടുത്തത്. ഏറെക്കുറെ ഏകപക്ഷീയമായി മാറിയ മത്സരത്തിൽ 6–3, 6–2, 6–1 എന്ന സ്കോറിനാണ് യാനിക് സിന്നറിന്റെ വിജയം. വെള്ളിയാഴ്ചയാണ് സിന്നർ – ബെൻ ഷെൽട്ടൻ സെമി പോരാട്ടം.
നേരത്തെ, ഇറ്റലിയുടെ ലൊറൻസോ സൊനെഗോയെ വീഴ്ത്തിയാണ് 21–ാം സീഡ് ബെൻ ഷെൽട്ടൻ സെമിയിൽ കടന്നത്. ഒന്നിനെതിരെ മൂന്നു സെറ്റുകൾക്കാണ് ഷെൽട്ടൻ സൊനെഗോയെ വീഴ്ത്തിയത്. സ്കോർ: 6-4, 7-5, 4–6, 7–6 (7–4). ഈ വിജയത്തോടെ, നേർക്കു നേർ ഏറ്റുമുട്ടലുകളിൽ ലൊറൻസോ സൊനെഗോയ‌്ക്കെതിരെ ബെൻ ഷെൽട്ടൻ 2–1ന്റെ ലീഡും സ്വന്തമാക്കി. ഇരുവരും തമ്മിൽ ഏറ്റവും ഒടുവിൽ കണ്ടുമുട്ടിയത് 2023 ഫ്രഞ്ച് ഓപ്പണിലായിരുന്നു. അന്ന് ഷെൽട്ടനെ ലൊറൻസോ സൊനെഗോ തോൽപ്പിച്ചു. അതിനു മുൻപ് ഒരിക്കൽ കണ്ടുമുട്ടിയപ്പോൾ സൊനെഗോയെ നേരിട്ടുള്ള സെറ്റുകൾക്ക് ബെൻ ഷെൽട്ടനും തോൽപ്പിച്ചിരുന്നു.
സെർബിയൻ താരം നൊവാക് ജോക്കോവിച്ച്, ജർമനിയുടെ അലക്സാണ്ടർ സ്വരേവ് എന്നിവരാണ് ഇതിനകം സെമി ഉറപ്പിച്ച മറ്റു രണ്ടുപേർ. സ്പെയിനിന്റെ ഇരുപത്തിയൊന്നുകാരൻ താരം കാർലോസ് അൽകാരസിനെ 4–6, 6–4, 6–3, 6–4 എന്ന സ്കോറിനാണ് ജോക്കോ വീഴ്ത്തിയത്. ഇതോടെ 25–ാം ഗ്രാൻസ്‌ലാം കിരീടത്തിലേക്ക് ഇനി സെർബിയൻ സൂപ്പർ താരത്തിന് രണ്ടു മത്സരങ്ങളുടെ ദൂരം മാത്രം. വെള്ളിയാഴ്ച നടക്കുന്ന സെമി ഫൈനലിൽ അലക്സാണ്ടർ സ്വരേവാണ് ജോക്കോയുടെ എതിരാളി. ഇന്നലെ ആദ്യ ക്വാർട്ടറിൽ രണ്ടാം സീഡ് സ്വരേവ് യുഎസിന്റെ 12–ാം സീഡ് ടോമി പോളിനെ മറികടന്നു (7–6,7–6,2–6,6–1).