രണ്ടാം കിരീടം ലക്ഷ്യമിട്ട് യാനിക് സിന്നർ ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ; സ്വരേവിനെ നേരിടും

Mail This Article
മെൽബൺ∙ ഓസ്ട്രേലിയൻ ഓപ്പണിൽ തുടർച്ചയായ രണ്ടാം ഗ്രാൻഡ്‌സ്‍ലാം കിരീടം ലക്ഷ്യമിട്ട് ഇറ്റാലിയൻ താരം യാനിക് സിന്നർ ഫൈനലിൽ കടന്നു. ഓസ്ട്രേലിയന്‍ ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ അലക്സാണ്ടർ സ്വരേവും നിലവിലെ ചാംപ്യൻസ് യാനിക് സിന്നറും ഏറ്റുമുട്ടും. ഞായറാഴ്ചയാണു ഫൈനൽ പോരാട്ടം. സെമി ഫൈനലിൽ യുഎസിന്റെ ബെൻ ഷെല്‍ട്ടനെ 7–6 (7–2), 6–2, 6–2 എന്ന സ്കോറിനാണ് സിന്നർ തോൽപിച്ചത്.
വെള്ളിയാഴ്ച നടന്ന ആദ്യ സെമിയിൽ സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ച് പരുക്കേറ്റു മടങ്ങിയതോടെയാണ് സ്വരേവ് ഫൈനലിൽ കടന്നത്. ഒപ്പത്തിനൊപ്പം ഇരു താരങ്ങളും പൊരുതിയ ആദ്യ സെറ്റ് ടൈ ബ്രേക്കറിലാണ് സിന്നർ പിടിച്ചെടുത്തത്. എന്നാൽ രണ്ടാം സെറ്റിൽ അത്തരമൊരു ഭീഷണി യുഎസ് താരത്തിൽനിന്നുണ്ടായില്ല. കൃത്യമായ ആധിപത്യം സിന്നർ തുടര്‍ന്നതോടെ 6–2ന് ഇറ്റാലിയൻ താരം മുന്നിലെത്തി. മൂന്നാം സെറ്റിന്റെ തുടക്കത്തിൽ ഷെൽറ്റൻ മുന്നിലെത്തി. എന്നാൽ ശക്തമായി തിരിച്ചടിച്ച സിന്നർ മത്സരം സ്വന്തമാക്കുകയായിരുന്നു.
സെർബിയൻ സൂപ്പർ താരം നൊവാക് ജോക്കോവിച്ച് ആദ്യ സെറ്റ് പൂർത്തിയായതിനു പിന്നാലെ മത്സരം മതിയാക്കി മടങ്ങിയതോടെയാണ് ജർമൻ താരം അലക്സാണ്ടർ സ്വരേവിന് ഫൈനലിലേക്ക് ‘വാക്കോവർ’ ലഭിച്ചത്. ജോക്കോവിച്ചും സ്വരേവും ഒപ്പത്തിനൊപ്പം പൊരുതിയ ശേഷമായിരുന്നു സെർബിയൻ താരത്തിന്റെ പിൻവാങ്ങൽ. ടൈ ബ്രേക്കർ വരെയെത്തിച്ച ആദ്യ സെറ്റ് കൈവിട്ടപ്പോള്‍ ജോക്കോ പിന്നോട്ടുപോയി. ആദ്യ സെറ്റ് 6–7 (5–7)ന് സ്വരേവ് സ്വന്തമാക്കി.