ADVERTISEMENT

കൊച്ചി ∙ 2010 ഗ്വാങ്ചൗ ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടെന്നിസ് ടീമിലേക്കു തിരഞ്ഞെടുക്കപ്പെടുമ്പോൾ 22 വയസ്സായിരുന്നു ഹൈദരാബാദുകാരൻ ജെ.വിഷ്ണുവർധന്. ഇടത്തരം കുടുംബം. ഒന്നര ലക്ഷം രൂപയെങ്കിലും വേണം ഒരുക്കങ്ങൾക്ക്. സഹായത്തിനായി ടെന്നിസ് അസോസിയേഷനു മുന്നിൽ കൈനീട്ടി. സഹായമൊന്നും കിട്ടിയില്ല. മനസ്സു മടുക്കാതെ മത്സരിച്ച് ഗ്വാങ്ചൗവിൽ ഇരട്ടമെഡലുകൾ സ്വന്തമാക്കി. മിക്സ്ഡ് ഡബിൾസിൽ സാനിയ മിർസയ്ക്കൊപ്പം വെള്ളി. പുരുഷ ടീം ഇനത്തിൽ വെങ്കലം. മെഡലുകളുമായി വിമാനത്താവളത്തിലിറങ്ങുമ്പോൾ പുഷ്പ ഹാരങ്ങളുമായി നിൽക്കുന്നു അസോസിയേഷൻ പ്രതിനിധികൾ. 

കൊച്ചിയിൽ ഓൾ ഇന്ത്യാ റാങ്കിങ് ടെന്നിസ് ടൂർണമെന്റിനിടയിൽ ‘മലയാള മനോരമ’യോട് ഇതു പറയുമ്പോൾ വിഷ്ണുവർധന്റെ മുഖത്തു ചിരി. ‘ഇന്ത്യയിൽ ടെന്നിസിന്റെ സ്ഥിതി ഇതാണ്. നമ്മൾ നേട്ടങ്ങളെ മാത്രമാണ് അംഗീകരിക്കുന്നത്. പ്രതിഭയെ അല്ല. യുഎസിൽ ഒളിംപിക്സിനു തയാറെടുക്കാൻ താരത്തിനു നൽകുന്നത് ഒരു ലക്ഷം ഡോളറാണ്. എന്നാൽ മെഡൽ നേടിയാൽ ലഭിക്കുക പതിനായിരം ഡോളർ മാത്രം.’ഇന്ത്യ ഒരുകാലത്ത് ഏഷ്യൻ ടെന്നിസിലെ വൻശക്തിയായിരുന്നു. ഡേവിസ് കപ്പിലെ ലോക ഗ്രൂപ്പിൽ പതിവായി പ്രീക്വാർട്ടർ മുതൽ മുകളിലായിരുന്നു നേട്ടങ്ങൾ. എന്നാൽ ഇന്നു നാം ഏഷ്യൻ നിലവാരത്തിൽ പോലുമില്ല. ഓരോ ദിവസവും നിലവാരം താഴോട്ടാണ്. 

Qഎന്താണു പരിഹാരം?


A
കുട്ടികളിൽനിന്നുള്ള പ്രതിഭകളെ കണ്ടെത്താൻ താഴേത്തട്ടിലുള്ള പദ്ധതികൾ എവിടെയുമില്ല. അതുപോലെ, ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള മത്സരാവസരങ്ങളും ഇല്ല. ഇവ രണ്ടും വളരെ പ്രധാനമാണ്. മികച്ച പ്രതിഭകളെ കണ്ടെത്തി പരിശീലിപ്പിക്കാൻ തമിഴ്നാട് സർക്കാർ ഇപ്പോൾ മികച്ച പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. വിജയ് അമൃതരാജും സോംദേവുമാണ് അതിനു നേതൃത്വം നൽകുന്നത്. അതു മറ്റ് സംസ്ഥാനങ്ങൾക്കും മാതൃകയാക്കാം

Qകൊച്ചിയിലെ മത്സര കേന്ദ്രത്തെക്കുറിച്ച് ?

A
കൊച്ചി റീജനൽ സ്പോർട്സ് സെന്ററിലെ ടെന്നിസ് സമുച്ചയം മികവുറ്റതാണ്. നാലു കോർട്ടുകളുണ്ട് ഇവിടെ. മികച്ച താമസ, ജിം സൗകര്യങ്ങളുണ്ട്. പക്ഷേ, ഇവിടെ നാലു മുതൽ എട്ടുവരെ പ്രായവിഭാഗത്തിലുള്ള കുട്ടികളെയാരെയും കണ്ടില്ല. ഇത്രയും സൗകര്യമുള്ള സ്ഥലത്ത് 200 കുട്ടികളെങ്കിലും പരിശീലനത്തിനുണ്ടാകണം. 

Qസാനിയയുമായുള്ള സൗഹൃദം?

A
പ്രതിസന്ധികളെയും മാനസിക പിരിമുറുക്കങ്ങളെയും എങ്ങനെ നേരിടണമെന്ന് എന്നെ പഠിപ്പിച്ച ആത്മാർഥ സുഹൃത്താണു സാനിയ. ഗ്വാങ്ചൗ ഏഷ്യാഡിൽ സാനിയ എന്നെ മിക്സ്ഡ് ഡബിൾസ് പങ്കാളിയായി തിരഞ്ഞെടുക്കുമ്പോൾ മികച്ച റാങ്ക് പോലും എനിക്കുണ്ടായിരുന്നില്ല. സാനിയ അർപ്പിച്ച വിശ്വാസം എന്റെ ആത്മവിശ്വാസം ഉയർത്തി. അമ്മയായശേഷവും സാനിയ ടെന്നിസിലേക്കു തിരിച്ചുവന്നതും ഡബിൾസിൽ ലോക ഒന്നാം നമ്പറായതും ആശ്ചര്യത്തോടെ മാത്രമേ നോക്കിക്കാണാനാകൂ. 

Qപെയ്സും സാനിയയും ബൊപ്പണ്ണയുമെല്ലാം    പ്രായം കൂടിയശേഷമാണല്ലോ മികവിലേക്ക് ഉയർന്നത്?

A
അതിൽ അദ്ഭുതം വേണ്ട. ഇന്ത്യക്കാർ പാശ്ചാത്യരേക്കാൾ വൈകിയാണു പക്വതയാർജിക്കുന്നത്. മുപ്പതിലെത്തുമ്പോഴാണ് ഇന്ത്യയിൽ താരങ്ങൾ മികച്ച പ്രകടനത്തിലെത്തുന്നത്. ഇന്ത്യയിലെ പതിനെട്ടുകാരനെയും യൂറോപ്പിലെ പതിനെട്ടുകാരനെയും ഒരുപോലെ കാണേണ്ടതില്ല.

കൊച്ചിയിലെ ടൂർണമെന്റിൽ ടോപ് സീഡാണ് വിഷ്ണുവർധൻ. കേരളം ഏറെ പ്രിയപ്പെട്ട നാടാണ് അദ്ദേഹത്തിന്. എല്ലാ വർഷവും ആലപ്പുഴയിലേക്കു കുടുംബത്തിനൊപ്പം വരാറുണ്ട്. ഈ ടൂർണമെന്റ് കഴിഞ്ഞാലും ആലപ്പുഴയിൽപോയി രണ്ടു ദിവസം താമസിക്കുമെന്നു പറയുന്നു വിഷ്ണുവർധൻ.

English Summary:

J. Vishnuvardhan: Sania Mirza's influence on my tennis career

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com