ADVERTISEMENT

മെൽബൺ∙ ഗ്രാൻസ്‌ലാം ടൂർണമെന്റിൽ രണ്ടാം സ്ഥാനക്കാരനിൽനിന്ന് ഒന്നാം സ്ഥാനത്തേക്ക് കയറാനുള്ള ജർമൻ താരം അലക്സാണ്ടർ സ്വരേവിന്റെ കഠിനപ്രയത്നം തുടർച്ചയായ മൂന്നാം ഫൈനലിലും വിഫലം. കന്നിക്കിരീടം ലക്ഷ്യമിട്ട് മൂന്നാം ഗ്രാൻ‌സ്‌ലാം ഫൈനലിന് ഇറങ്ങിയ ലോക രണ്ടാം നമ്പർ താരത്തിന് ഇത്തവണയും തോൽവി. ലോക ഒന്നാം നമ്പർ താരവും നിലവിലെ ചാംപ്യനുമായ ഇറ്റലിയുടെ ഇരുപത്തിമൂന്നുകാരൻ താരം യാനിക് സിന്നറാണ്, സ്വരേവിന്റെ കന്നി കിരീടമെന്ന മോഹം ഇത്തവണ തകർത്തത്. ആവേശകരമായ കലാശപ്പോരിൽ നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്നർ സ്വരേവിനെ വീഴ്ത്തിയത്. സ്കോർ: 6–3, 7–6 (7–4), 6–3.

ഇതോടെ റോജർ ഫെഡറർ, നൊവാക് ജോക്കോവിച്ച്, ആന്ദ്രെ അഗാസി എന്നിവർക്കു ശേഷം ഈ നൂറ്റാണ്ടിൽ ഓസ്ട്രേലിയൻ ഓപ്പൺ കിരീടം നിലനിർത്തുന്ന ആദ്യ പുരുഷ താരമായും സിന്നർ മാറി. ഇറ്റാലിയൻ താരത്തിന്റെ മൂന്നാം ഗ്രാൻസ്‍ലാം കിരീടം കൂടിയാണിത്. 2024ലെ ഓസ്ട്രേലിയൻ ഓപ്പണിനു പുറമേ, യുഎസ് ഓപ്പണിലും സിന്നർ കിരീടം ചൂടിയിരുന്നു. മൂന്നു ഗ്രാൻസ്‍ലാം കിരീടങ്ങൾ നേടുന്ന ആദ്യ ഇറ്റാലിയൻ താരം കൂടിയാണ് സിന്നർ.

ഇതിനു മുൻപു രണ്ടു തവണ ഗ്രാൻസ്‍‌ലാം ഫൈനലിൽ കടന്നപ്പോഴും, രണ്ടാം സ്ഥാനക്കാരനാകാനായിരുന്നു സ്വരേവിന്റെ വിധി. 2020ൽ യുഎസ് ഓപ്പണ്‍ ഫൈനലിലും 2024ൽ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിലും തോറ്റ സ്വരേവ്, ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ സിന്നറിനെതിരായ തോൽവിയോടെ റണ്ണർ അപ്പ് എന്ന നിലയിൽ ഹാട്രിക്ക് തികച്ചു.

നേർക്കുനേർ പോരാട്ടങ്ങിൽ സിന്നറിനു മേലുള്ള ആധിപത്യവും മെൽബണിൽ സ്വരേവിനെ സഹായിച്ചില്ല. ഇതിനു മുൻപ് ഇരുവരും ഏറ്റുമുട്ടിയ ആറു മത്സരങ്ങളിൽ നാലിലും സ്വരേവാണ് ജയിച്ചത്. ഗ്രാൻസ്‌ലാം വേദികളിൽ മൂന്നു തവണ കണ്ടുമുട്ടിയപ്പോൾ, യുഎസ് ഓപ്പണിൽ രണ്ടുതവണയും സ്വരേവും ഫ്രഞ്ച് ഓപ്പണിൽ 2020ൽ സിന്നറും ജയിച്ചു. അതേസമയം, ഇതിനു മുൻപ് ഇരുവരും ഏറ്റവും ഒടുവിൽ നേർക്കുനേർ എത്തിയ സിന്‍സിനാറ്റി ടൂർണമെന്റിന്റെ സെമിയിൽ സിന്നർ സ്വരേവിനെ വീഴ്ത്തിയിരുന്നു.

നേരത്തേ, സെമിയിൽ യുഎസിന്റെ ബെൻ ഷെൽട്ടനെ തോൽപിച്ചാണ് നിലവിലെ ചാംപ്യനായ സിന്നർ ഫൈനൽ ഉറപ്പിച്ചത്. സെർബിയൻ ഇതിഹാസം നൊവാക് ജോക്കോവിച്ചിനെ മറികടന്നായിരുന്നു സ്വരേവിന്റെ ഫൈനൽ പ്രവേശം. സെമിയിൽ സ്വരേവ് ആദ്യ സെറ്റ് ജയിച്ചുനിൽക്കെ ജോക്കോവിച്ച് പരുക്കേറ്റ് മത്സരത്തിൽനിന്ന് പിൻമാറുകയായിരുന്നു. 2019ൽ നൊവാക് ജോക്കോവിച്ച് സ്പാനിഷ് താരം റാഫേൽ നദാലിനെ തോൽപ്പിച്ച ശേഷം ഇതാദ്യമാണ് ഒന്നും രണ്ടും സീഡുകൾ ഓസ്ട്രേലിയൻ ഓപ്പണൽ ഫൈനലിൽ ഏറ്റുമുട്ടുന്നത്.

∙ സിന്നറിന്റെ ഫൈനൽ വഴി

ഒന്നാം റൗണ്ട് – നിക്കോളാസ് ജാറി (7-6 (7-2), 7-6 (7-5), 6-1)
രണ്ടാം റൗണ്ട് – ട്രിസ്റ്റൺ സ്കൂൾകെയ്റ്റ് (4-6, 6-4, 6-1, 6-3)
മൂന്നാം റൗണ്ട് – മാർക്കസ് ജിറോൺ (6-3, 6-4, 6-2)
നാലാം റൗണ്ട് – ഹോൾഗർ റൂൺ (6-3, 3-6, 6-3, 6-2)
ക്വാർട്ടർ ഫൈനൽ – അലക്സ് ഡി മിനോർ (6-3, 6-2, 6-2)
സെമിഫൈനൽ –  ബെൻ ഷെൽട്ടൻ (7-6 (7-2), 6-2, 6-2)

English Summary:

Jannik Sinner vs Alexander Zverev, Australian Open 2025 Final - Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com