തലയ്ക്കു മുകളിൽ തൂങ്ങിക്കിടക്കുന്ന ‘വിലക്കു ഭീഷണി’; വെല്ലുവിളികളെ മറികടന്ന് മെൽബണിൽ സിന്നർ വീണ്ടും വിന്നർ!

Mail This Article
മെൽബൺ∙ തലയ്ക്കു മുകളിൽ തൂങ്ങിക്കിടക്കുന്ന ‘വിലക്കു ഭീഷണിയുമായി’ ഇറ്റലിയിൽ നിന്നെത്തിയ സ്വർണമുടിക്കാരനാണ്, ഇത്തവണ മെൽബണിൽനിന്ന് ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് കിരീടവുമായി മടങ്ങുന്നത്. പുരുഷ സിംഗിൾസിൽ ഏറ്റവും കൂടുതൽ ഗ്രാൻസ്‌ലാം കിരീടങ്ങൾ നേടുന്ന ഇറ്റാലിയൻ താരമെന്ന വിശേഷണത്തോടെയാണ്, ഇരുപത്തിമൂന്നുകാരൻ യാനിക് സിന്നറിന്റെ കിരീടധാരണം. ഏകപക്ഷീയമായ ഫൈനൽ മത്സരത്തിൽ, രണ്ടാം സീഡ് ജർമനിയുടെ അലക്സാണ്ടർ സ്വരേവിനെ 6-3, 7-6, 6-3ന് മറികടന്നാണ് നിലവിലെ ചാംപ്യനും ലോക ഒന്നാം നമ്പറുമായ സിന്നർ ഓസ്ട്രേലിയൻ ഓപ്പണിൽ ചാംപ്യൻപട്ടം നിലനിർത്തിയത്.
2024 മാർച്ചിൽ ഒരു ടെന്നിസ് ടൂർണമെന്റിൽ വച്ചാണ് ഉത്തേജക പരിശോധനയിൽ സിന്നറിനു പിടിവീണത്. എന്നാൽ തന്റെ ഫിസിയോതെറപ്പിസ്റ്റിൽ നിന്നു സംഭവിച്ച വീഴ്ചയാണിതെന്ന് സിന്നർ വിശദീകരണം നൽകി. തുടർന്ന് സിന്നറിനു താൽക്കാലിക വിലക്ക് നേരിടേണ്ടിവന്നെങ്കിലും രാജ്യാന്തര ടെന്നിസ് ഇന്റഗ്രിറ്റി ഏജൻസിയിൽ (ഐടിഐഎ) അപ്പീൽ നൽകി വിലക്ക് ഒഴിവാക്കിയെടുത്തു.
കേസിൽ ഈ വർഷം ഏപ്രിലിൽ വാദം കേൾക്കാനിരിക്കെയാണ് ഓസ്ട്രേലിയൻ ഓപ്പണിൽ മത്സരിക്കാൻ സിന്നർ എത്തിയത്. വിലക്കിന്റെ ഭീതി നൽകിയ മാനസിക സമ്മർദത്തെ അതിജീവിച്ചാണ് ടൂർണമെന്റിലെ ഓരോ റൗണ്ടും ഇറ്റാലിയൻ താരം ജയിച്ചുകയറിയത്. ടൂർണമെന്റിൽ രണ്ടേ രണ്ടു സെറ്റുകൾ മാത്രമാണ് സിന്നർ നഷ്ടപ്പെടുത്തിയത്. ഫൈനലിൽ കനത്ത വെല്ലുവിളി ഉയർത്തുമെന്നു തോന്നിച്ച സ്വരേവിനെ പോലും നേരിട്ടുള്ള സെറ്റുകൾക്ക് സിന്നർ കീഴടക്കി. ആദ്യ സെറ്റ് 6–3ന് ജയിച്ച സിന്നർക്കെതിരെ രണ്ടാം സെറ്റ് ടൈബ്രേക്കറിലേക്ക് നീട്ടിയെടുക്കാൻ സാധിച്ചതു മാത്രമാണ് ഫൈനലിൽ ജർമൻ താരത്തിന് ആശ്വസിക്കാനുള്ള നേട്ടം.
ഫൈനലിൽ ഒരു ബ്രേക്ക് പോയിന്റ് പോലും വഴങ്ങാതെയാണ് ഇറ്റാലിയൻ താരം കിരീടം സ്വന്തമാക്കിയത്. സിന്നർക്കിത് മൂന്നാം ഗ്രാൻസ്‌ലാം ആണെങ്കിൽ ഇരുപത്തിയേഴുകാരൻ സ്വരേവ് ഇതു മൂന്നാം തവണയാണ് ഒരു ഗ്രാൻസ്‌ലാം ഫൈനലിൽ തോൽക്കുന്നത്. 2020 യുഎസ് ഓപ്പൺ ഫൈനലിലും 2024 ഫ്രഞ്ച് ഓപ്പണിലുമായിരുന്നു ഇതിനു മുൻപ് സ്വരേവ് പടിക്കൽ കലമുടച്ചത്. പ്രഫഷനൽ ടെന്നിസിൽ തുടർച്ചയായി 21–ാം മത്സരമാണ് യാനിക് സിന്നർ തോൽവിയറിയാതെ പൂർത്തിയാക്കിയത്.