സബാഷ് സെറിന!

മെൽബൺ∙ വനിതാ ടെന്നിസിലെ ഒരു പക്ഷേ, ഏറ്റവും വിലപിടിച്ച സോദരീ സംഗമമായിരുന്നു ഓസ്ട്രേലിയൻ ഓപ്പണിൽ ഇന്നലെ. ചേച്ചിയെ മറികടന്ന് അനിയത്തി ഗ്രാൻസ്ലാം കിരീടവും റെക്കോർഡും സ്വന്തമാക്കി. കൊച്ചനിയത്തിയിലൂടെ താനും വിജയിയായെന്ന് ചേച്ചി. കളിയിലെ ആവേശ മുഹൂർത്തങ്ങൾക്കൊപ്പം സഹോദര സ്നേഹത്തിന്റെ വൈകാരിക മുഹൂർത്തങ്ങളും കൈകോർത്തു നിന്ന ഫൈനൽ പോരാട്ടം മെൽബൺ പാർക്കിന് പുത്തൻ അനുഭവമായി.

സെറിന വില്യംസ് ചേച്ചി വീനസിനെ ഫൈനലിൽ കീഴടക്കിയത് 6–4, 6–4നാണ്. നേടിയത് കരിയറിലെ 23–ാം ഗ്രാൻസ്ലാം സിംഗിൾസ് കിരീടവും ഫ്രഫഷനൽ യുഗത്തിലെ (1968നു ശേഷം) കൂടുതൽ കിരീട വിജയത്തിന്റെ റെക്കോർഡും. സ്റ്റെഫി ഗ്രാഫിന്റെ 22 വിജയങ്ങളെ മറികടന്നു. എക്കാലത്തേയും വലിയ നേട്ടം ഓസ്ട്രേലിയക്കാരി മാർഗരറ്റ് കോർട്ടിന്റെ പേരിൽത്തന്നെ നിൽക്കുന്നു (24 കിരീടങ്ങൾ). ഓസ്ട്രേലിയൻ ഓപ്പണിൽ സെറിനയുടെ ഏഴാം സിംഗിൾസ് കിരീടവുമാണിത്. ഈ വിജയത്തോടെ ലോക ഒന്നാം റാങ്ക്, ജർമനിയുടെ ഏഞ്ചലിക് കെർബറിൽ നിന്നു സെറിന തിരിച്ചെടുത്തു. ചരിത്രമാകുന്ന മാസ്മര സംഖ്യയിലെത്തിയതിന്റെ ഉൻമാദത്തിലും സെറിന തന്റെ സഹോദരിയെ അഭിനന്ദിക്കാനാണ് ആദ്യം തന്നെ മുതിർന്നത്.

‘എന്റെ ഈ ചേച്ചി ഇല്ലായിരുന്നെങ്കിൽ ഞാൻ ഒരിക്കലും ഇവിടെ എത്തില്ലായിരുന്നു. വില്യംസ് സഹോദരിമാർ നില നിന്നെങ്കിൽഅതിനു കാരണം എന്റെ സഹോദരി മാത്രമാണ്. എന്നെ എന്റെ ഏറ്റവും മികച്ച നിലയിലേക്ക് ഉയർത്തിയതിനു നന്ദി’– സെറിന പറഞ്ഞു.

നേരിട്ടുള്ള സെറ്റ് വിജയത്തിന്റെ കണക്കൊന്നുമായിരുന്നില്ല സത്യത്തിൽ ഫൈനലിന്റെ കളത്തിൽക്കണ്ടത്. മെൽബൺ പാർക്കിൽ ഫൈനൽ കളിക്കുന്ന ഏറ്റവും പ്രായംകൂടിയ താരമായ വീനസ് വില്യംസ് പൊരുതിപ്പൊരുതി നിന്നു. ആ പോരുതന്നെ തനിക്കു വിജയമായിരുന്നെന്നു വീനസ് പിന്നീടു പറയുകയും ചെയ്തു. ടെന്നിസ് അതിന്റെ ഉയർന്ന നിലവാരത്തിൽത്തന്നെ ഇപ്പോഴും വഴങ്ങുന്നു എന്ന കണ്ടെത്തൽ തന്നെ മുന്നോട്ടു തന്നെ നയിക്കുമെന്നായിരുന്നു വീനസിന്റെ വിലയിരുത്തൽ.

മൽസര ശേഷം ജയിച്ച പോരാളിയെപ്പോലെയായിരുന്നു വീനസ്. ‘ഇതെന്റെ കൊച്ചനിയത്തിയാണു കൂട്ടരേ. അഭിനന്ദനങ്ങൾ മോളേ..! ഈ 23 വിജയങ്ങളിലും ഞാൻ നിന്റെ ഒപ്പമുണ്ടായിരുന്നു. ചിലപ്പോഴൊക്കെ ഞാനാണു നിനക്കു മുന്നിൽ തോറ്റത്. പക്ഷേ, നിന്റെ വിജയങ്ങൾ എന്നും എന്റേതുംകൂടിയായിരുന്നു. എനിക്ക് അഭിമാനമാണു തോന്നുന്നത്. നീയാണ് എന്റെ ലോകം.’– അനിയത്തിക്കു ചേച്ചിയുടെ ആദരം.

സെറീന നേടിയ ഗ്രാൻസ്‍ലാം സിംഗിൾസ് കിരീടങ്ങൾ

∙ ആകെ കിരീടങ്ങൾ – 23

∙ ഓസ്ട്രേലിയൻ ഓപ്പൺ – 7 (2003, 05, 07, 09, 2010, 2015, 2017)

∙ ഫ്രഞ്ച് ഓപ്പൺ– 3 (2002, 2013, 2015))

∙ വിമ്പിൾഡൻ– 7 ((2002, 03, 09, 2010, 2012, 2015, 2016)

∙ യുഎസ് ഓപ്പൺ– 6 (1999, 2002, 2008, 2012, 2013, 2014)