Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓസ്ട്രേലിയൻ ഓപ്പണിൽ ‘ഫെഡറർ വസന്തം’; 18-ാം ഗ്രാൻസ്‍‌ലാം കിരീടം

TENNIS-GRAND SLAM-COMBO-FEDERER

മെൽബൺ ∙ ടെന്നിസിൽ പോരാട്ടവീര്യത്തിനു പുതിയ അധ്യായം കുറിച്ച് റോജർ ഫെഡററുടെ വിജയം. പരുക്കുമൂലം ആറു മാസം കളിക്കളത്തിൽ നിന്നു വിട്ടുനിന്ന ഫെഡറർ തിരിച്ചുവരവിലെ ആദ്യ ഗ്രാൻസ്‌ലാം ഫൈനലിൽ തന്റെ എക്കാലത്തെയും കടുത്ത എതിരാളി സ്പെയിനിന്റെ റാഫേൽ നദാലിനെ കീഴടക്കി ഓസ്ട്രേലിയൻ ഓപ്പണിൽ അഞ്ചാം കിരീടം നേടി (6–4, 3–6, 6–1, 3–6, 6–3).

നിർണായകമായ അഞ്ചാം സെറ്റിൽ 1–3നു പിന്നിലായിരുന്ന ഫെഡറർ അത്യുജ്വലമായി തിരിച്ചടിച്ച് തുടർച്ചയായി അഞ്ചു പോയിന്റ് നേടി കിരീടം സ്വന്തമാക്കുകയായിരുന്നു. പുരുഷ ടെന്നിസിൽ ഗ്രാൻസ്‌ലാം കിരീടനേട്ടത്തിൽ ഒന്നും രണ്ടും സ്ഥാനക്കാരായ ഫെഡററും നദാലും തമ്മിലുള്ള പോരാട്ടം മൂന്നു മണിക്കൂർ 38 മിനിറ്റ് നീണ്ടു. ഫെഡറർ 20 എയ്സുകൾ പായിച്ചപ്പോൾ നദാലിനു നാല് എയ്സുകളേ തൊടുക്കാനായുള്ളൂ. ഒപ്പത്തിനൊപ്പം നിന്ന കളിയിൽ ഫെഡറർക്കു നേട്ടമായതും ഇതാണ്.

ഫെഡററുടെ 18ാം ഗ്രാൻസ്‌ലാം കിരീടമാണിത്; 2012ൽ വിമ്പിൾഡൺ നേടിയ ശേഷമുള്ള ആദ്യ ഗ്രാൻസ്‌ലാം കിരീടവും. ഓസ്ട്രേലിയൻ ഓപ്പൺ നേടുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരമാണ് ഫെഡറർ– 35 വയസ്സ്. 1972ൽ കെൻ റോസ്‍വാൾ 37–ാം വയസ്സിൽ ഓസ്ട്രേലിയൻ ഓപ്പൺ നേടിയിരുന്നു.

ടെന്നിസ് കളിയുടെ എല്ലാ ചാരുതയും തികഞ്ഞ ഫൈനലായിരുന്നു അത്. തുല്യശക്തികളുടെ പോരാട്ടം. നിർണായക അഞ്ചാം സെറ്റിലെ പത്താം ഗെയിം ഇരുവരുടെയും പോരാട്ടവീര്യത്തിനു നേർ സാക്ഷ്യം. ഫെഡറർക്ക് സ്വന്തം സർവിൽ രണ്ടു ബ്രേക് പോയിന്റിനെ അതിജീവിക്കേണ്ടിവന്നു. ചാംപ്യൻഷിപ് പോയിന്റിൽ ഫെഡറർ സർവ് ചെയ്തത് നദാൽ വീണ്ടും ഡ്യൂസിലെത്തിച്ചു. എന്നാൽ ഭാഗ്യം ഫെഡറർക്കൊപ്പമായിരുന്നു.

federer-1

ആദ്യ നാലു സെറ്റുകൾ പങ്കിട്ട ഫെഡററും നദാലും കരുതലോടെയാണ് അഞ്ചാം സെറ്റിൽ പൊരുതിയത്. ഫെഡററെ ബ്രേക് ചെയ്ത് സ്വന്തം സർവ് ഹോൾഡ് ചെയ്ത ന‍‍ദാൽ 2–0ന് മുന്നിലെത്തിയതുമാണ്. എന്നാൽ ഏതാണ്ടു മുഴുവൻ കാണികളുടെയും പിന്തുണയുണ്ടായിരുന്ന ഫെഡറർ പിന്നീടങ്ങോട്ട് പോരാട്ടം കടുപ്പിച്ചു.

ആറാം ഗെയിമിൽ നദാലിനെ ബ്രേക് ചെയ്ത് 3–3ൽ എത്തിയ ഫെഡറർ ചെയ്തതൊന്നും പിഴച്ചില്ല. കിരീടത്തിലേക്കുള്ള ഫോർഹാൻഡ് ഷോട്ട് അംപയറുടെ റിവ്യൂവിലൂടെ അനുകൂലമായതോടെ ഫെഡറർ ആനന്ദക്കണ്ണീരണിഞ്ഞു. മധുരപ്പതിനേഴും കടന്ന് 18–ാം ഗ്രാൻസ്‌ലാം കിരീടം.

Your Rating: