Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരാധകർക്കു നന്ദി പറഞ്ഞ് മരിയ ഷറപ്പോവയുടെ കത്ത്

sharapova-2

ന്യൂയോർക്ക് ∙ ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനു ശേഷം തനിക്കു പിന്തുണ നൽകിയ ആരാധകർക്കു നന്ദി പറഞ്ഞ് റഷ്യൻ ടെന്നിസ് താരം മരിയ ഷറപ്പോവ. ആരാധകരുടെ നല്ലവാക്കുകൾ തന്റെ മുഖത്ത് പുഞ്ചിരി വിരിയിച്ചുവെന്ന് സ്വന്തം വെബ്സൈറ്റിൽ പോസ്റ്റ് ചെയ്ത കത്തിൽ ഷറപ്പോവ പറയുന്നു. ടെന്നിസിലേക്കു തിരിച്ചു വരാനാകുമെന്നു പ്രത്യാശ പ്രകടിപ്പിച്ച ഷറപ്പോവ, കത്ത് ഫെയ്സ്ബുക്കിലും പങ്കുവച്ചു. കത്തിന്റെ പൂർണ രൂപം:

‘ഇന്നലെ രാവിലെ എഴുന്നേറ്റ ഉടൻ ഞാൻ എന്റെ മെയിൽ ഇൻബോക്സ് പരിശോധിച്ചു. സ്നേഹവും കരുതലും കൊണ്ട് അത് നിറഞ്ഞിരിക്കുന്നു. എന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ സന്ദേശമാണ് ആദ്യം തുറന്നത്. ഒറ്റവാക്ക് കൊണ്ട് എന്നെ ചിരിപ്പിക്കാനും കരയിക്കാനും കഴിയുന്ന സുഹൃത്ത്. തലേന്നു വൈകിട്ട് സുഖവിവരങ്ങൾ അന്വേഷിച്ചുകൊണ്ട് ഞങ്ങൾ ഫോണിലും സംസാരിച്ചിരുന്നു...

പുലർവേളകൾ എനിക്കിഷ്ടമാണ്. പുതിയ ദിവസമാണത്; പുതിയ തുടക്കവും. പക്ഷേ, ഇന്നൊരു സാധാരണ ദിവസമായിരുന്നില്ല എന്നതു സത്യം; രാവിലെ ആറു മണിക്ക് പ്രത്യേകിച്ചൊന്നും എന്റെ മനസ്സിലേക്കു വന്നില്ലെങ്കിലും. ഞാൻ വീണ്ടും ടെന്നിസ് കളിക്കാൻ പോകുന്നു, എനിക്കതിന് അവസരം കിട്ടും കിട്ടും എന്നു മാത്രമാണ് ഞാൻ ചിന്തിച്ചത്. ഇങ്ങനെയൊരു സാഹചര്യത്തിലൂടെ കടന്നുപോകരുതെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. പക്ഷേ, ഞാനിതു മറികടക്കും... രാവിലെ എക്സർസൈസ് ചെയ്യുക എന്നത് എന്റെ ശീലമാണ്. അതുകൊണ്ടു തന്നെ പതിവുപോലെ ഞാൻ ജിംനേഷ്യത്തിലേക്കു പുറപ്പെട്ടു. പെയിന്റടിച്ച ഗ്ലാസുകളുള്ള കുറച്ചു കാറുകൾ എന്നെ പിന്തുടരുന്നു. ഓ, പാപ്പറാത്‌സികൾ... അവർ വീണ്ടും എന്റെ പിന്നാലെ കൂടിയിരിക്കുന്നു!

ഓൺലൈനിൽ അധികസമയം ചെലവഴിക്കുന്നത് എനിക്കു ശീലമില്ല, കോഫി ടേബിളുകൾ പോലുള്ള പുരാവസ്തുക്കൾക്കു വേണ്ടിയുള്ള തിരച്ചിലിനല്ലാതെ. പക്ഷേ, ഇന്നലെ എനിക്കു പിന്തുണയേകാനായി കൂട്ടുകാർ നിർമിച്ച കൊളാഷ് ഞാൻ ഇരുന്നു വായിച്ചു. ഐ സ്റ്റാൻഡ് വിത്ത് മരിയ, ലെറ്റ് മരിയ പ്ലേ എന്ന ഹാഷ്ടാഗുകളിൽ നിങ്ങൾ അയച്ച സന്ദേശങ്ങൾകൊണ്ടു നിർമിച്ചതാണത്. എന്റെ ഓമനയായ വളർത്തു പട്ടിക്കു മനസ്സിലായിട്ടുണ്ടാകില്ല, സാധാരണ അവനോടൊപ്പം നടക്കാൻ പോകുന്ന ഞാൻ എന്താണിങ്ങനെ കുത്തിയിരുന്നു വായിക്കുന്നതെന്ന്...

ഈ നിമിഷത്തിൽ എന്റെ ആരാധകരായ നിങ്ങളെക്കുറിച്ചോർക്കുന്നത് എനിക്കു വലിയ അഭിമാനം നൽകുന്നു. എന്റെ പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്കകം അളവറ്റ സ്നേഹവും പിന്തുണയുമാണ് നിങ്ങളെനിക്കു തന്നത്. കരിയറിന്റെ ഉന്നതിയിൽ, വലിയ നേട്ടങ്ങൾ കൈവരിക്കുമ്പോൾ മാത്രമേ ഇത്തരം സന്ദേശങ്ങൾ ലഭിക്കൂ എന്നാണ് ഞാൻ കരുതിയിരുന്നത്. നിങ്ങളുടെ നല്ലവാക്കുകൾ എന്റെ മുഖത്തു പുഞ്ചിരി വിരിയിച്ചു. വീണ്ടും ടെന്നിസ് കളിക്കാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു. അതിനുള്ള അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളോടു നന്ദി പറയാൻ വേണ്ടി മാത്രമാണ് ഞാനിത്രയും എഴുതിയത്.

നന്ദി, നിറഞ്ഞ മനസ്സോടെ നന്ദി!

– മരിയ ഷറപ്പോവ

related stories
Your Rating: