Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെറീനയും ഫൈനലിൽ; ഓസ്ട്രേലിയൻ ഓപ്പണിൽ വീണ്ടും വില്യംസ് സഹോദരിമാർ നേർക്കുനേർ

Venus Williams ഓസ്ട്രേലിയൻ ഓപ്പണിന്റെ വനിതാ വിഭാഗം സിംഗിൾസ് ഫൈനലിൽ കടന്ന വീനസ് വില്യംസിന്റെ ആഹ്ലാദം.

മെൽബൺ ∙ ഓസ്ട്രേലിയൻ ഓപ്പണിൽ 14 വർഷത്തിനുശേഷം വീണ്ടും വില്യംസ് സഹോദരിമാരുടെ ഫൈനൽ. ഇന്നു നടന്ന സെമിപോരാട്ടങ്ങളിൽ ചേച്ചി വീനസ് വില്യംസ് യുഎസിന്റെ തന്നെ കോകോ വാൻഡെവെഗെയേയും അനിയത്തി സെറീന ക്രോയേഷ്യൻ താരം മിർജാന ലൂസിച്ച് ബറോണിയേയും തോൽപ്പിച്ചതോടെയാണ് വീണ്ടും വില്യംസ് സഹോദരിമാരുടെ ഫൈനലിന് അരങ്ങോരുങ്ങിയത്.

ഇരുവരും നേർക്കുനേർ വരുന്ന ഒൻപതാം ഗ്രാൻസ്‌ലാം ഫൈനലാണിത്. 2009ൽ വിമ്പിൾഡൻ ഫൈനലിലാണ് അവസാനമായി ഇരുവരും നേർക്കുനേർ വന്നത്. വീനസ് ഒരു പ്രധാന ടൂർണമെന്റിന്റെ ഫൈനലിൽ അവസാനമായി കളിച്ചതും അന്നാണ്. ക്രൊയേഷ്യൻ താരം മിർജാന ലൂസിച്ച് ബറോണിയ്ക്കെതിരെ അനായാസ ജയത്തോടെയാണ് മുപ്പത്തിയഞ്ചുകാരിയായ സെറീന ഫൈനലിൽ കടന്നത്. സ്കോർ: 6-2, 6-1. കരിയറിലെ 23-ാം ഗ്രാൻസ്‌ലാം കിരീടമാണ് സെറീന ലക്ഷ്യമിടുന്നത്.

കോകോ വാൻഡെവെഗെയെ ഒന്നിനെതിരെ രണ്ടു സെറ്റുകൾക്ക് തോൽപ്പിച്ചാണ് വീനസിന്റെ ഫൈനൽ പ്രവേശം. സ്കോർ: 6-7, 6-2, 6-3. നേരത്തെ, അനസ്താസിയ പവ്‌ല്യൂചെങ്കോവയെ നേരിട്ടുള്ള സെറ്റിൽ (6–4, 7–6) തോൽപ്പിച്ചാണ് വീനസ് സെമിയിൽ കടന്നത്. 23 വർഷത്തിനിടെ ഒരു ഗ്രാൻസ്‌ലാം സെമി കളിക്കുന്ന കാണുന്ന ഏറ്റവും പ്രായംചെന്ന കളിക്കാരിയാണു 13–ാം സീഡ് വീനസ്. പവർ ഗെയിമിന്റെ ആശാത്തിയായ അമേരിക്കക്കാരി വാൻഡെവെഗെയ്ക്കെതിരെ മികച്ച പോരാട്ടമാണ് മുപ്പത്തിയാറുകാരിയായ വീനസ് നടത്തിയത്. ആദ്യസെറ്റ് ചെറിയ വ്യത്യാസത്തിൽ നഷ്ടമായെങ്കിലും രണ്ടും മൂന്നും സെറ്റുകളിൽ തിരിച്ചടിച്ച വീനസ്, അനായാസം സെമി കടമ്പ കടന്നു.