ബട്ടനുകൾ ഉപയോഗിച്ച് നടൻ ഇന്ദ്രൻസിന്റെ ചിത്രമൊരുക്കി കലാകാരൻ. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ശ്രീകാന്ത് ആണ് വ്യത്യസ്തമായ രീതിയിൽ പ്രിയതാരത്തിന് ആദരമൊരുക്കിയത്. 11,500 ലേറെ ബട്ടനുകൾ ഉപയോഗിച്ച് 36 മണിക്കൂർ കൊണ്ടാണ് ചിത്രം പൂർത്തിയാക്കിയത്.
ഇന്ദ്രൻസിന് ആദരമർപ്പിച്ചുള്ള കലാസൃഷ്ടി എന്ന ആഗ്രഹം ഏറെ നാളായി ശ്രീകാന്തിന്റെ മനസ്സിലുണ്ട്. വ്യത്യസ്തമായ രീതിയിൽ അതു ചെയ്യണമെന്നുണ്ടായിരുന്നു. തയ്യൽ തൊഴിലിലൂടെ സിനിമയിലേക്ക് എത്തിയ ഇന്ദ്രൻസിന് അതിന്റെ ഭാഗമായ വസ്തു ഉപയോഗിച്ച് ആദരമർപ്പിക്കുക എന്ന തീരുമാനത്തിലാണ് ഒടുവിൽ ശ്രീകാന്ത് എത്തിയത്. ‘‘ഓരോ ദിവസം പിന്നിടുമ്പോഴും കലാകാരൻ എന്ന നിലയിൽ ഇന്ദ്രൻസ് ചേട്ടൻ കൂടുതല്‍ ഉയരുന്നു. അപ്പോഴെല്ലാം അദ്ദേഹത്തിലെ വിനയവും വളരുന്നു. അന്നും ഇന്നും ഒരു സാധാരണ മനുഷ്യൻ. അദ്ദേഹത്തോട് എന്നും ഒരു പ്രത്യേക സ്നേഹമുണ്ട്. അതാണ് ഈ വർക്കിന് പ്രചോദനം’’– ശ്രീകാന്ത് പറഞ്ഞു.

നാലടി വീതം നീളവും വീതിയുമുള്ള കാർഡ്ബോഡിൽ ഫ്ലക്സ് ഒട്ടിച്ചാണു കാൻവാസ് തയാറാക്കിയത്. ഇതിൽ ഇന്ദ്രൻസിന്റെ രൂപം സ്കെച്ച് ചെയ്തു. പിന്നീട് ബട്ടനുകൾ ഒട്ടിച്ചു. ആറ് നിറങ്ങളിലുള്ള ബട്ടനുകളാണ് ഉപയോഗിച്ചത്. വളരെ വേഗം ചെയ്തു തീർക്കാം എന്നായിരുന്നു പ്രതീക്ഷ. എന്നാൽ വളരെ ശ്രദ്ധിച്ച് സാവധാനം മാത്രമേ ഇത് ചെയ്യാനാവൂ എന്ന് ചെയ്തു തുടങ്ങിയപ്പോഴാണു മനസ്സിലായതെന്നും ശ്രീകാന്ത് പറയുന്നു.
ബട്ടനുകൾ കൊണ്ട് ഇന്ദ്രൻസിനെ ഒരുക്കുന്ന വിഡിയോ ശ്രീകാന്ത് സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. ഇതു വൈറലായി. നിരവധി അഭിനന്ദനങ്ങൾ തേടിയെത്തി. ഇന്ദ്രൻസ് തന്റെ ഫെയ്സ്ബുക്ക് പേജിൽ ഈ വിഡിയോ പങ്കുവച്ചത് ശ്രീകാന്തിന് ഇരട്ടി മധുരമായി. ബ്രെഡ് ഉപയോഗിച്ച് ഒരുക്കിയ യൂസഫലിയുടെ ചിത്രവും അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. നെടുമങ്ങാട് കേക്ക് എൻ ആർട്ട് എന്ന സ്ഥാപനം നടത്തുകയാണ് ശ്രീകാന്ത്.