ADVERTISEMENT

അന്തരിച്ച ചിത്രകാരൻ അച്യുതൻ കൂടല്ലൂരിനെ ആർട്ടിസ്റ്റ് നമ്പൂതിരി അനുസ്മരിക്കുന്നു.

 

മദ്രാസിൽ ചോളമണ്ഡലത്തെ ജീവിതകാലത്താണ് അച്യുതനെ പരിചയപ്പെടുന്നത്. ചോളമണ്ഡലം അന്ന് ചിത്രകാരന്മാരുടെ ഒരു പ്രധാന താവളമാണ്. പ്രമുഖ ചിത്രകാരന്മാരുടെ സഹവാസവും എക്സിബിഷനുകളും ചോളമണ്ഡലത്തുണ്ടാകും. അതോടൊപ്പം ചിത്രകലയിൽ താൽപര്യമുള്ളവർക്കും അവസരങ്ങൾ ലഭിക്കാറുണ്ട്. അത്തരം പ്രതീക്ഷകളുമായി ഒട്ടേറെ യുവചിത്രകാരന്മാർ ചോളമണ്ഡലത്തിനു സമീപത്തെ ലോഡ്ജുകളിലും മറ്റുമായി താമസമാക്കിയിരുന്നു. അങ്ങനെയൊരു കെട്ടിടത്തിലായിരുന്നു അച്യുതനും താമസിച്ചിരുന്നതെന്നാണ് ഓർമ. 

ഒരിക്കൽ അച്യുതന്റെ താമസ സ്ഥലത്തു പോയതും ഓർക്കുന്നു. മുറിയിലും വഴിയിലും എല്ലാം ചിത്രങ്ങൾ പരത്തിയിട്ടിരിക്കുന്നു. അവയിൽ തട്ടാതെ വേണമായിരുന്നു നടക്കാൻ. ജീവിതത്തിൽ പ്രത്യേക അടുക്കും ചിട്ടയും ഇല്ലായിരുന്നു. ശ്രദ്ധ മുഴുവൻ കാൻവാസിലും നിറങ്ങളിലുമായിരുന്നു. 

ജീവിതം കലയ്ക്കുവേണ്ടി സമർപ്പിച്ച മികച്ചൊരു പ്രതിഭയായിരുന്നു അച്യുതൻ കൂടല്ലൂർ. അന്നത്തെ ചെറുപ്പക്കാരുടെ ആവേശമായിരുന്ന അമൂർത്ത ചിത്രങ്ങളോടായിരുന്നു അച്യുതനും ആഭിമുഖ്യം. മനുഷ്യരെ കഥാപാത്രമാക്കിയാണ് ഞാനൊക്കെ വരയ്ക്കുന്നത്. രൂപങ്ങളിലൂടെയാണ് ആശയം സംവേദനം ചെയ്യുന്നത്. എന്നാൽ, അമൂർത്ത രീതിയിൽ കൂടുതൽ സ്വാതന്ത്ര്യം ലഭിക്കും. അവർക്ക് രൂപങ്ങൾ വേണമെന്നില്ല. 

കൃത്യമായ താളവും തുല്യതയും പാലിച്ച് നിറങ്ങൾ കാൻവാസിൽ ചാലിച്ച് മറ്റൊരു തരത്തിലുള്ള ദൃശ്യാനുഭൂതിയാണ് അവർ നൽകുന്നത്. ആത്യന്തികമായി എല്ലാം അനുഭവങ്ങളുടെ പകർത്തിയെഴുത്തുകൾ തന്നെ. 

അമൂർത്ത ചിത്രകാരന്മാരുടെ ഒരു കൂട്ടായ്മ തന്നെ അക്കാലത്ത് ചോളമണ്ഡലം കേന്ദ്രീകരിച്ചുണ്ടായിരുന്നു. അച്യുതനും പൊന്നാനി സ്വദേശി ഗോപിയെപ്പോലുള്ളവരും ആ വലയത്തിലുണ്ടായിരുന്നു. ചിത്ര പ്രദർശനവും ഇടയ്ക്കൊക്കെ സംഘടിപ്പിക്കും. 

ചിലപ്പോഴൊക്കെ അതിൽ പങ്കെടുത്തിട്ടുമുണ്ട്.

അടുത്ത കാലത്ത് കൂടല്ലൂരിൽ നടന്ന ഒരു ആദരിക്കൽ ചടങ്ങിലാണ് ഒടുവിൽ കണ്ടത്. ചടങ്ങിലേക്ക് എനിക്കും ക്ഷണമുണ്ടായിരുന്നു. അച്യുതന്റെ ചിത്രങ്ങളുടെ പ്രദർശനവുമുണ്ടായിരുന്നു. അന്ന് പരിചയം പുതുക്കി പിരിഞ്ഞതാണ്.

 

 

 

അച്യുതൻ കൂടല്ലൂർ ചിത്രരചനയ്ക്കിടെ. (ഫയൽ ചിത്രം)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT