മുഹമ്മദ് നദീറിന്റെ ചിത്രപ്രദര്‍ശനം ജൂലൈ 19 മുതല്‍ 22 വരെ ദര്‍ബാര്‍ ഹാള്‍ ഗാലറിയില്‍

muhammad-nadeer-painting-exhibition-durbar-art-gallery-kochi

എഴുത്തുപരീക്ഷകള്‍ എഴുതാന്‍ വെല്ലുവിളികള്‍ നേരിട്ടു വളര്‍ന്ന മുഹമ്മദ് നദീര്‍ എന്ന 21-കാരന്‍ എഴുതിയ ചിത്രങ്ങളുടെ പ്രദര്‍ശനം - ട്രാന്‍സിയന്റ് മൂഡ്‌സ് - കൊച്ചി ദര്‍ബാര്‍ ഹാള്‍ ആര്‍ട് ഗാലറിയിലെ ഗാലറി ബിയില്‍ ജൂലൈ 19ന് ആരംഭിക്കും. വി.കെ ശ്രീരാമന്‍, ഡോ. സുനില്‍ പി. ഇളയിടം, പി.പി രാമചന്ദ്രന്‍, പി.എന്‍ ഗോപീകൃഷ്ണന്‍, അന്‍വര്‍ അലി, പി രാമന്‍, ഡോ. പി.എം ആരതി തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ വൈകീട്ട് 5-30ന് അച്ചു ഉള്ളാട്ടില്‍ ഉദ്ഘാടനം ചെയ്യും. ഞാറ്റുവേല വാട്‌സപ് കൂട്ടായ്മയാണ് സംഘാടകര്‍. പ്രദര്‍ശനം 22 വരെ നീണ്ടുനില്‍ക്കും. കാന്‍വാസിലും പേപ്പറിലും അക്രിലികില്‍ വരച്ച 21 ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്.

പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്ത് തിരുവേഗപ്പുറയില്‍ 2001-ല്‍ ജനിച്ച മുഹമ്മദ് നദീര്‍ സാമ്പത്തികവും സാമൂഹികവുമായ പിന്നാക്കവസ്ഥകളെ മറി കടന്നാണ് ചിത്രകാരനായത്. തന്റെ വ്യത്യസ്ത മികവുകളുമായി ചിത്രകലയിലൂടെ ജീവിതം തിരിച്ചു പിടിച്ച നദീര്‍ കുട്ടിക്കാലം മുതലേ ചിത്രകലയില്‍ താല്പര്യം കാണിച്ചു. ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത് സ്‌കൂളിലെ വിവിധ പരിപാടികളില്‍ അതിഥികളായെത്തുന്നവരുടെ ചിത്രങ്ങള്‍ ഉടന്‍ വരച്ചു നല്‍കി നദീര്‍ ശ്രദ്ധിക്കപ്പെട്ടു. തിരുവേഗപ്പുറയിലെ ഡോ. ശ്രീകുമാറിന്റെ പിന്തുണയോടെ പട്ടാമ്പിയിലെ ശില്പചിത്രാ സ്‌കൂളില്‍ ചിത്രകലയില്‍ പ്രാഥമിക ശിക്ഷണം നേടി. സ്‌ക്രൈബിന്റെ സഹായത്തോടെ പ്ലസ് ടു പാസായശേഷം ചിത്രകലാ പഠനത്തിനായി തിരുവനന്തപുരം ഗവ. ഫൈനാര്‍ട്‌സ് കോളേജില്‍ ചേര്‍ന്നു. സാമൂഹ്യമാദ്ധ്യമങ്ങളില്‍ നദീറിന്റെ ചിത്രങ്ങള്‍ ഇതിനകം ശ്രദ്ധിക്കപ്പെട്ടു. തന്റെ അധ്യാപകനായ കവി പി. രാമനും നദീറിന് പിന്തുണയുമായെത്തി.

muhammad-nadeer-3

ചിത്രകല പഠിക്കണമെന്നത് നദീറിന്റെ ഏറെക്കാലത്തെ സ്വപ്നമായിരുന്നു. പ്രായോഗിക പരീക്ഷകളില്‍ നേട്ടം കൈവരിക്കുമ്പോഴും ബിഎഫ്എ കോഴ്‌സിന്റെ തിയറി പരീക്ഷകള്‍ നദീറിന് വെല്ലുവിളിയായിത്തുടര്‍ന്നു. സ്‌ക്രൈബിന്റെ സഹായത്തോടെയാണ് ചിത്രകലാചരിത്രം പോലുള്ള വിഷയങ്ങള്‍ നദീര്‍ എഴുതുന്നത്. ചിത്രം വരക്കാന്‍ കഴിവുള്ള നദീറിനെപ്പോലുള്ള വ്യത്യസ്ത മികവുള്ള വിദ്യാർഥികളെ നമ്മുടെ ചിത്രകലാ ബിരുദ കോഴ്‌സുകള്‍ സൗഹാര്‍ദ്ദത്തോടെ പരിഗണിക്കുന്നില്ല എന്നതിന് തെളിവാണ് നിലവില്‍ സിലബസ്സിലുള്ള തിയറി പേപ്പറുകളുടെ വൈപുല്യമെന്ന് നദീറിന്റെ സ്‌കൂള്‍കാല ഗുരുനാഥന്‍ കൂടിയായ കവി പി. രാമന്‍ ചൂണ്ടിക്കാണിക്കുന്നു.. ചിത്രകലയില്‍ ഉന്നത പരിശീലനം നേടി ചിത്രകാരന്മാരാവാന്‍ ആഗ്രഹിക്കുന്ന, എന്നാല്‍ സവിശേഷ കാരണങ്ങളാല്‍ എഴുത്തുവിദ്യയില്‍ സുഗമത ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കു കൂടി പ്രാപ്യമാകുന്ന തരത്തില്‍ നമ്മുടെ കലാപഠന കോഴ്‌സുകള്‍ പുനക്രമീകരിക്കണമെന്ന് നദീറിന്റെ മനോഹരങ്ങളായ ചിത്രങ്ങള്‍ കാണുമ്പോള്‍ നമുക്ക് ബോധ്യപ്പെടുമെന്നും രാമന്‍ പറയുന്നു. ബിഎഫ്എ കോഴ്‌സ് പൂര്‍ത്തിയായ ശേഷം എംഎഫ്എ കോഴ്‌സിനു ചേര്‍ന്നു പഠിക്കാനാണ് നദീറിന്റെ ആഗ്രഹം.

പരേതനായ സെയ്തലവിയാണ് നദീറിന്റെ പിതാവ്. ഉമ്മ സാജിത. തിരുവേഗപ്പുറയിലെ ലക്ഷം വീട് കോളനിയിലുള്ള വട്ടപ്പറമ്പ് വീട്ടില്‍ നദീറിന്റെ വിദ്യാഭ്യാസം തിരുവേഗപ്പുറ. ജി.യു.പി.സ്‌കൂള്‍ നരിപ്പറമ്പ്, ഗവ. ജനതാ ഹയര്‍ സെക്കന്ററി സ്‌കൂള്‍ നടുവട്ടം എന്നിവിടങ്ങളിലായിരുന്നു.

muhammad-nadeer-2

നദീറിന്റെ കലാപഠനത്തിന് എല്ലാ നിലയിലും പിന്തുണയേകി ഞാറ്റുവേല വാട്‌സ് ആപ് കൂട്ടായ്മ തുടക്കം മുതല്‍ കൂടെയുണ്ട്. നദീര്‍ ചിത്രങ്ങളുടെ ഈ പ്രദര്‍ശനവും ഞാറ്റുവേല കൂട്ടായ്മയാണ് സംഘടിപ്പിക്കുന്നത്. ചിത്രകലയിലൂടെ തന്റെ സ്വപ്നങ്ങള്‍ക്കും ജീവിതത്തിനു തന്നെയും രൂപം നല്‍കുകയാണ് ഈ ചെറുപ്പക്കാരന്‍. കല മനുഷ്യനെ ഉയിര്‍ത്തെഴുന്നേല്പിക്കുന്നതിന്റെ ജീവിക്കുന്ന സാക്ഷ്യമാണ് ഈ ചിത്രകാരനും അയാളുടെ ചിത്രങ്ങളും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS