വാന്‍ഗോഗിന്‍റെ സൺഫ്ളവേഴ്സിൽ തക്കാളി സൂപ്പ് ഒഴിച്ച് പ്രതിഷേധം

van-gogh-sunflowers-drenched-in-soup
ജെസ്റ്റ് സ്റ്റോപ് ഓയിലിന്റെ പ്രതിഷേധം (Image Credits: Just Stop Oil)

ലണ്ടനിലെ നാഷനല്‍ ഗാലറിയിലുള്ള വിന്‍സന്‍റ് വാന്‍ഗോഗിന്‍റെ വിശ്വപ്രസിദ്ധ പെയിന്റിങ് സണ്‍ഫ്ളവേഴ്സിന് മുകളില്‍ തക്കാളി സൂപ്പ് ഒഴിച്ച് തീവ്ര പരിസ്ഥിതിവാദികളുടെ പ്രതിഷേധം. ഫോസില്‍ ഇന്ധനങ്ങളുടെ ഉത്പാദനത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ജസ്റ്റ് സ്റ്റോപ്പ് ഓയില്‍ എന്ന സംഘടനയിലെ അംഗങ്ങളാണ് സൂപ്പ് ഒഴിച്ചത്.

കാനില്‍ കൊണ്ട് വന്ന തക്കാളി സൂപ്പ് ചിത്രത്തിന് മുകളില്‍ ഒഴിച്ചശേഷം പ്രതിഷേധക്കാര്‍ നിലത്തിരുന്ന് ചിത്രത്തിന് താഴെയുള്ള ഭിത്തിയിൽ തങ്ങളുടെ കൈകൾ പതിപ്പിച്ചു. തുടര്‍ന്ന് പ്രതിഷേധക്കാരില്‍ ഒരാളായ 21കാരി ഫീബി പ്ലമ്മര്‍ മുറിയില്‍ നില്‍ക്കുന്നവരോട് സംസാരിക്കാന്‍ തുടങ്ങി. ജീവിതമാണോ കലയാണോ കൂടുതല്‍ മൂല്യമുള്ളത് എന്ന ചോദ്യത്തോടെയായിരുന്നു തുടക്കം. കല ഭക്ഷണത്തേക്കാള്‍ മൂല്യമുള്ളതാണോ, നീതിയേക്കാള്‍ മൂല്യമുള്ളതാണോ എന്നീ ചോദ്യങ്ങള്‍ പിന്നാലെയെത്തി. നിങ്ങള്‍ ഈ ചിത്രത്തിന്‍റെ സംരക്ഷണത്തെ കുറിച്ചാണോ ആശങ്കപ്പെടുന്നത്? അതോ ഈ ഗ്രഹത്തിന്‍റെയും അതിലുള്ള ജനങ്ങളുടെയും സുരക്ഷയെക്കുറിച്ചോ? എണ്ണ പ്രതിസന്ധിയുടെ വിലയുടെ ഭാഗമാണ് ജീവിത പ്രതിസന്ധിയുടെ വില. വിശന്നിരിക്കുന്ന ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ഈ ഇന്ധനം അപ്രാപ്യമാണ്. ഒരു ടിന്‍ സൂപ്പ് ചൂടാക്കാന്‍ പോലുമുള്ള ഇന്ധന ചെലവ് അവര്‍ക്ക് താങ്ങാന്‍ സാധിക്കുന്നില്ല’’– ഫീബി പറഞ്ഞു. ഇതിനിടെ സുരക്ഷ ഉദ്യോഗസ്ഥരെത്തി ഫീബിയെയും ഒപ്പമുണ്ടായിരുന്ന അന്ന ഹോളണ്ട് എന്ന പ്രതിഷേധക്കാരിയെയും അറസ്റ്റ് ചെയ്തു.

ഗ്ലാസ് കവറിങ് ഉള്ളതിനാല്‍ ചിത്രത്തിന് നാശം സംഭവിച്ചിട്ടില്ല. ചട്ടക്കൂടിന് മാത്രം ചെറിയ ചില കേടുപാടുകള്‍ സംഭവിച്ചതായി നാഷനല്‍ ഗാലറി അധികൃതര്‍ അറിയിച്ചു. ആര്‍ട്ട് ഗാലറികളെയും മ്യൂസിയങ്ങളെയും ലക്ഷ്യം വച്ചുള്ള തീവ്രപരിസ്ഥിതിവാദികളുടെ പ്രതിഷേധ പരമ്പരയുടെ തുടര്‍ച്ചയാണ് വെള്ളിയാഴ്ച നാഷനല്‍ ഗാലറിയിൽ അരങ്ങേറിയത്. ജൂണ്‍ മാസത്തില്‍ ജസ്റ്റ് സ്റ്റോപ്പ് ഓയിലിന്‍റെ പ്രവര്‍ത്തകര്‍ ഗ്ലാസ്ഗോയിലെ കെല്‍വിന്‍ഗ്രോവ് ആര്‍ട്ട് ഗാലറയില്‍ സമാനമായ പ്രതിഷേധം നടത്തിയിരുന്നു. ഇതിനു പിന്നാലെ ഒരു ഡസനോളം പ്രശസ്ത ചിത്രങ്ങള്‍ക്കെതിരെ ആക്രമണമുണ്ടായി. ഇറ്റലിയിലും ജര്‍മ്മനിയിലും പരിസ്ഥിതിവാദികള്‍ സാന്ദ്രോ ബോട്ടിസെല്ലിയുടെയും പാബ്ലോ പിക്കാസോയുടെയും ചിത്രങ്ങള്‍ക്ക് നേരെ സമാനമായ പ്രകടനം നടത്തിയിരുന്നു.

ഫോസില്‍ ഇന്ധനങ്ങളുടെ ഉത്പാദനം ഗവണ്‍മെന്‍റുകള്‍ നിര്‍ത്തിവയ്ക്കണമെന്നാണ് തീവ്ര പരിസ്ഥിതി വാദികളുടെ ആവശ്യം. യുകെയിലെ ലിസ് ട്രസ് ഗവണ്‍മെന്‍റ് വടക്കൻ കടലിൽ പുതിയ എണ്ണ, വാതക പര്യവേഷണത്തിന് അനുമതി നല്‍കിയതിന് പിന്നാലെയാണ് വാന്‍ഗോഗിന്‍റെ ചിത്രത്തിന് നേരെയുള്ള പ്രതിഷേധം. എന്നാല്‍ ചിത്രങ്ങള്‍ക്ക് കേട് വരുത്തുകയല്ല മറിച്ച് പരിസ്ഥിതി വിഷയങ്ങളിലേക്ക് ജനശ്രദ്ധ ആകര്‍ഷിച്ച് ചര്‍ച്ചകള്‍ക്ക് തിരികൊളുത്തുകയാണ് ഈ പരിസ്ഥിതി സംഘടനകളുടെ ലക്ഷ്യം. വാന്‍ഗോഗിന്‍റെ സണ്‍ഫ്ളവേഴ്സ് ഗ്ലാസ് കൊണ്ട് സംരക്ഷിച്ചിരിക്കുന്ന ചിത്രമായതിനാല്‍ സൂപ്പ് ആയാലും നാശമാകില്ലെന്ന് അറിയാമായിരുന്നുവെന്ന് ജസ്റ്റ് സ്റ്റോപ്പ് ഓയില്‍ വക്താവ് മെല്‍ കാരിങ്ടണ്‍ ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS
FROM ONMANORAMA