ADVERTISEMENT

‘ഞാൻ ആരാണ്?’ എന്ന ചോദ്യം ചിത്രകാരൻ മാത്യു കുര്യന്റെ മനസ്സിൽ ഉയർന്നിട്ട് 13 വർഷത്തിലേറെയായി. കഴിഞ്ഞ രണ്ടു വർഷമായി അതിനുത്തരം കണ്ടെത്താനുള്ള അലച്ചിലായിരുന്നു. ആ അനുഭവം മാത്യു 17 ചിത്രങ്ങളാക്കി മാറ്റി. പനമ്പിള്ളിനഗർ കഫെ പപ്പായയിൽ നവംബർ നാലിന് ഈ ചിത്രങ്ങളുടെ പ്രദർശനം ആരംഭിക്കുകയാണ്. ‘ഞാൻ ആരാണ്’ എന്ന ചോദ്യത്തിനുത്തരം ആർക്കും പറഞ്ഞു തരാനാവില്ല. അത് സ്വയം തിരിച്ചറിയേണ്ടതാണ്. അതിനുള്ള സാധ്യത തുറന്നിടുകയാണ് ഈ ചിത്രങ്ങളെന്ന് മാത്യു കുര്യൻ പറയുന്നു. ചിത്രപ്രദർശനത്തെക്കുറിച്ച് മാത്യു കുര്യൻ മനോരമ ഓൺലൈനുമായി സംവദിക്കുന്നു.

 

∙ ഞാൻ ആരാണ്?

who-am-i-mathew-kurian-painting-exhibition-cafe-papaya-panampilly-nagar-1
മാത്യു കുര്യൻ വരച്ച ചിത്രങ്ങൾ

‘Who am I?’ എന്നത് എന്റെ ഒരു അന്വേഷണമായിരുന്നു. അല്ലെങ്കിൽ പഠനം എന്നു പറയാം. സ്വയം കണ്ടെത്താനുള്ള യാത്ര. 13 വർഷമായി ഈ സംശയം മനസ്സിലുണ്ട്. രണ്ടു വർഷം മുമ്പാണ് ഉത്തരം തേടിയുള്ള യാത്ര തുടങ്ങുന്നത്. ഇന്ത്യയിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു. പലതരം ആളുകളെ കണ്ടു. ആ അനുഭവങ്ങളാണ് ചിത്രങ്ങളിൽ ആവിഷ്കരിച്ചത്. വരയ്ക്കാൻ വേണ്ടിയായിരുന്നില്ല യാത്ര. എനിക്കുണ്ടായ ഉൾവിളിയായിരുന്നു എല്ലാത്തിനും പ്രചോദനം. ഭൂമി എന്തിനാണ് കറങ്ങുന്നത്? ചന്ദ്രൻ എങ്ങനെയാ മുകളിൽ നിൽക്കുന്നത്? എന്നിങ്ങനെയുള്ള സംശയങ്ങളായിരുന്നു ചെറുപ്പത്തിൽ ഉണ്ടായിരുന്നു. മുതിർന്നപ്പോൾ ‘ഞാൻ ആരാണ്’ എന്നായി അത്. അതുപക്ഷേ ആർക്കും പറഞ്ഞു തരാനാവുന്നതല്ല എന്നു മനസ്സിലായതോടെ ഉത്തരം തേടി ഇറങ്ങുകയായിരുന്നു. ഞാൻ അത് അനുഭവിക്കുകയായിരുന്നു. അനുഭവിച്ചത് മറ്റൊരാളെ പറഞ്ഞു പഠിപ്പിക്കാനോ മനസ്സിലാക്കിക്കാനോ സാധിക്കില്ല. ചിത്രകാരനായതുകൊണ്ട് അത് കാൻവാസിലേക്ക് പകർത്തണമെന്നു തോന്നി. മനസ്സിലാക്കാൻ സാധിക്കുന്നവർ അങ്ങനെ ചെയ്യട്ടേ. കാഴ്ചക്കാരുടെ മനസ്സിൽ ഒരു ചിന്തയോ ചോദ്യമോ ഉണ്ടായാൽ പോലും സന്തോഷം. ഇക്കാലഘട്ടത്തിൽ ചിത്രീകരിച്ച 5 ഹ്രസ്വചിത്രങ്ങളും ഇതോടൊപ്പം പ്രദർശിപ്പിക്കുന്നുണ്ട്.

 

who-am-i-mathew-kurian-painting-exhibition-cafe-papaya-panampilly-nagar-2
മാത്യു കുര്യൻ വരച്ച ചിത്രങ്ങൾ

∙ ഈ അന്വേഷണത്തിലൂടെ മനസ്സിലാക്കിയത്?

മനുഷ്യരെല്ലാം പരസ്പം ബന്ധപ്പെട്ടു കിടക്കുന്നു. എല്ലാം ഒന്നാണ്. നാം ശ്വസിക്കുന്ന വായു. കുടിക്കുന്ന വെള്ളം. നമ്മുടെ പ്രശ്നങ്ങളാകട്ടെ, സുഖദുഃഖങ്ങളാകട്ടെ എല്ലാം ബന്ധപ്പെട്ടിരിക്കുന്നു. അങ്ങനെ നമ്മളെല്ലാം ഒന്നാകുന്നു. കേൾക്കുമ്പോൾ ഇതെല്ലാം വളരെ ലളിതമാണ്. പക്ഷേ ജോലി, ജാതി, മതം, വർഗം, വംശം, വർണം എന്നിങ്ങനെ അനേകം കാര്യങ്ങൾ ഇതു മനസ്സിലാക്കുന്നതിൽ നിന്നും നമ്മെ തടയുന്നു. നാം മറ്റു പലതിനും പിന്നാലെയുള്ള ഓട്ടത്തിലാണ്.

 

∙താങ്കളുടെ മുൻ പ്രദർശനങ്ങളിൽനിന്നും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?

ആനുകാലിക വിഷയങ്ങളായിരുന്നു മുമ്പ് പ്രദർശിപ്പിച്ചിരുന്നത്. എന്നാൽ അവയുടെ കാലാവധി ഒരാഴ്ച മാത്രമാണ്. പ്രശ്നങ്ങൾ മാറി കൊണ്ടേയിരിക്കും. ഒരു വർഷമോ അഞ്ചു വർഷമോ കഴിഞ്ഞ് ആ ചിത്രങ്ങൾ കാണുമ്പോൾ അത് മറ്റുള്ളവർക്ക് മനസ്സിലാക്കാനോ ഉൾക്കൊള്ളാനോ കഴിയണമെന്നില്ല. എന്നാൽ ഇത്തവണ ഒരിക്കലും മാഞ്ഞു പോകാത്ത, മറഞ്ഞു പോകാത്ത വിഷയമാണ്. നവംബർ 4,5,6 ദിവസങ്ങളിൽ ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 10 വരെയാണ് പ്രദർശനം.

 

∙ ചിത്രരചനയിലേക്ക്

ചെറുപ്പം മുതലേ ചിത്രരചനയോട് താൽപര്യമുണ്ടായിരുന്നു. അതാണ് പഠിച്ചും. അതിനുശേഷം ഇന്ത്യയിലും വിദേശത്തുമുള്ള വിവിധ മാധ്യമങ്ങളിൽ ഇല്ലുസ്ട്രേറ്ററും ഡിസൈനറുമായി പ്രവർത്തിച്ചു. അതിനിടയിൽ ചിത്രപ്രദർശനങ്ങളും ഗ്രൂപ്പ് ഷോകളുമായി സജീവമായിരുന്നു. കോട്ടയമാണ് സ്വദേശം. ഇപ്പോൾ കൊച്ചിയിലാണ് താമസം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com