ADVERTISEMENT

ക്ഷേത്രങ്ങളെ ചുറ്റിയുള്ള വഴികൾ ഉപയോഗിക്കുന്നതിനുള്ള നിരോധനം നീക്കാൻ ലക്ഷ്യമിട്ട്, ഗാന്ധിയൻ തത്വങ്ങളിലും ശ്രീനാരായണഗുരുവിന്റെ സമത്വമൂല്യങ്ങളിലും പ്രചോദനം ഉൾക്കൊണ്ട്  1924-25- കാലഘട്ടത്തിൽ നടന്ന ക്ഷേത്രപ്രവേശന പ്രസ്ഥാനത്തിന്റെ സാമൂഹിക പരിഷ്കരണ മുന്നേറ്റത്തിന്റെയും പേരിലാണ് വൈക്കത്തിന്റെ ഓർമ്മകൾ ചരിത്ര താളുകളിൽ നിറയുന്നത് .

വിഷ്ണുവിന്റെ ആറാമത്തെ അവതാരവും, യോദ്ധാവും സന്യാസിയുമായ പരശുരാമൻ പണികഴിപ്പിച്ചതായി വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണ് വൈക്കം മഹാദേവ ക്ഷേത്രം. കോട്ടയം ജില്ലയിലെ വേമ്പനാട് കായലിന്റെ തീരത്തുള്ള വൈക്കം എന്ന ചെറുപട്ടണത്തിന്റെ സിരാ കേന്ദ്രമായിരുന്നു അന്നും ഇന്നും വൈക്കം മഹാദേവ ക്ഷേത്രം. വൈക്കത്തഷ്ടമിയുടെ 12 ദിവസങ്ങൾ– ആയിരക്കണക്കിന് ഭക്തർ ക്ഷേത്ര സങ്കേതത്തിലേക്കു ഈ സമയത്ത് ഒഴുകിയെത്തും. 

മലയാള മാസമായ വൃശ്ചികത്തിലെ കൃഷ്ണപക്ഷത്തിന്റെ (പൂർണ്ണചന്ദ്രനു ശേഷമുള്ള എട്ടാം ദിവസം) അവസാനത്തെ അല്ലെങ്കിൽ ഉത്സവം തുടങ്ങിയ പന്ത്രണ്ടാം ദിവസത്തെയാണ് അഷ്ടമി സൂചിപ്പിക്കുന്നത്, ഇടുങ്ങിയ  ഈ നഗരം അഷ്ടമിയുടെ പന്ത്രണ്ട് ദിവസങ്ങളിലും വളരെ ജീവസ്സുറ്റതായി മാറും.

Vaikom-pic-1
ചിത്രം – മനോജ് വൈക്കം

എല്ലാ തെരുവുകളും താൽക്കാലിക കടകളും ഉന്തുവണ്ടികളും കൊണ്ട് നിറയും, വൈവിധ്യമാർന്ന വസ്ത്രങ്ങൾ, ഭക്ഷണങ്ങൾ, കളിപ്പാട്ടങ്ങൾ, അതിലും പ്രധാനമായി, പൂജ സാമഗ്രികളും വിൽക്കുന്ന കടകളും. കൂടാതെ നാടൻ മധുരപലഹാരങ്ങളുടെയും ലഘുഭക്ഷണങ്ങളുടെയും ധാരാളിത്തം, പ്രത്യേകിച്ച് പല നിറത്തിലും രുചിയിലും വരുന്ന ഹൽവകൾ. എപ്പോൾ പ്രവേശിച്ചാലും ‘ഫുൾ മീൽസ്’ വിളമ്പാൻ തയ്യാറായിരിക്കുന്ന ഹോട്ടലുകളും ഈ ചെറുനഗരത്തില്‍ കാണാനാകും. 

നിറങ്ങളുടെ ഒരു മേളമാണ് നമുക്ക് അവിടെങ്ങും കാണാനാകുന്നത്. വേമ്പനാട് തടാകത്തിനരികിൽ, ബലൂണുകളും കോട്ടൺ മിഠായികളും വിൽക്കുന്ന കച്ചവടക്കാരുണ്ടാകും. കൃത്രിമ ആഭരണങ്ങൾ, ഗ്ലാസ് വളകൾ, ബിന്ദികൾ എന്നിവയുടെ ഷോപ്പിങിൽ സ്ത്രീകൾ മുഴുകുന്നു.  അതേപോലെ ഈ സമയം ഇവിടെ ട്രാഫിക് നിയന്ത്രണം ഒരു വലിയ വെല്ലുവിളിയാണ്. 

ക്ഷേത്രത്തിലേക്കുള്ള റോഡുകളിൽ പ്രത്യേകിച്ച് കിഴക്ക്, പടിഞ്ഞാറൻ കവാടങ്ങളിലേക്കുള്ള വാഹനഗതാഗതം ഇല്ല. ഫെറി സർവ്വീസുകൾ ഉത്സവത്തിന്റെ അവസാന നാലു ദിവസങ്ങളിൽ പലമടങ്ങ് വർധിക്കും, അതിനർത്ഥം കൂടുതൽ കാൽനടയാത്രയും അമിതമായി തിങ്ങിക്കൂടിയ ജനക്കൂട്ടവുമാണ്. ഈ മാമാങ്കം സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സർക്കാരിന്റെയും ക്ഷേത്ര അധികാരികളുടെയും എല്ലാ വിഭാഗങ്ങളും തമ്മിൽ ആഴ്ചകളോളം തയ്യാറെടുപ്പും ഏകോപനവും ആവശ്യമാണ്.

അഷ്ടമി ദർശനവും അഷ്ടമി വിളക്കും ഏറ്റവും ദര്‍ശന പ്രധാനമെന്നു കരുതപ്പെടുന്നു. ഏറ്റുമാനൂർ ശ്രീമഹാദേവക്ഷേത്രത്തിൽ ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി ജോലി ചെയ്തിരുന്ന ഇ.പി.  ഗോപീകൃഷ്ണൻ  അഷ്ടമി ദർശനത്തിന്റെ പ്രാധാന്യം വിശദീകരിക്കുന്നത് ഇങ്ങനെയാണ്, “  വ്യാഘ്രാപാദ മഹർഷിക്കു ( ഈ പട്ടണത്തിന്  പേര് ലഭിച്ചത് അദ്ദേഹത്തിൽ നിന്നുമാണ്) ക്ഷേത്രത്തിന്റെ  കിഴക്കേ കവാടത്തിൽ അഷ്ടമി നാളിൽ ശിവന്റെയും പാർവതിയുടെയും ദർശനവും അനുഗ്രഹവും ലഭിച്ചു.‌ 

ആ ദിനത്തെയാണ് അഷ്ടമി ദർശനം എന്നറിയപ്പെടുന്നത്, ഈ സമയം ക്ഷേത്ര അധിപനായ ദേവനെ ആരാധിക്കുന്നത് വളരെ പുണ്യമായി കണക്കാക്കപ്പെടുന്നു. പുലർച്ചെ തന്നെ ആളുകൾ ക്ഷേത്രത്തിൽ തടിച്ചുകൂടാൻ തുടങ്ങും. പക്ഷേ,   തന്റെ പുത്രനായ സുബ്രഹ്മണ്യ ഭഗവാന്‍ താരകാസുരനുമായി നടത്തുന്ന മഹാ യുദ്ധത്തിന്റെ വിജയത്തിനായി ഉപവസിക്കുന്നതിനാൽ ഭഗവാൻ പരമേശ്വരൻ ആഘോഷങ്ങളിൽ പങ്കെടുക്കില്ലെന്നാണ് വിശ്വാസം. 

അഷ്ടമി വിളക്കിന്റെ പന്ത്രണ്ടാം രാത്രി: ഒരു അച്ഛന്റെയും മകന്റെയും ആഗ്രഹത്തിന്റെയും പുനഃസമാഗമത്തിന്റെയും സന്ദർഭമാണത്. 

ആ ഐതിഹ്യം ഇങ്ങനെയാണ്. വൈക്കം മഹാദേവ ക്ഷേത്രത്തിൽ നിന്ന് അൽപ്പം അകലെയുള്ള ഉദയനാപുരം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പരമശിവന്റെ പുത്രനായ  സുബ്രഹ്മണ്യൻ താരകാസുരനെ നശിപ്പിക്കാൻ പുറപ്പെട്ടു. യുദ്ധം തുടങ്ങി ദിവസങ്ങൾ കഴിയുന്തോറും മകന്റെ തിരിച്ചുവരവിന്റെ യാതൊരു ഒരു ലക്ഷണവുമില്ല, പരമശിവൻ ദുഃഖത്തിൽ മുഴുകി  രാവും പകലും മകന്റെ വിജയത്തിനായി ഉപവസിച്ചു

പന്ത്രണ്ടാം ദിവസം  ആചാരപരമായ എന്നാൽ ആർഭാടമില്ലാത്ത ഒരു  യാത്രയ്ക്കായി വൈക്കത്തപ്പൻ പുറപ്പെട്ടു, പക്ഷേ ആ രാത്രി, വിജയത്തിന്റെ കാഹളം മുഴങ്ങി, താരകാസുര നിഗ്രഹത്തിനുശേഷം വിജയശ്രീലാളിതനായ ഉദയനാപുരത്തപ്പന്റെ വരവ്, (സുബ്രഹ്മണ്യ ഭഗവാന്റെ മറ്റൊരു പേര്). എങ്ങും ആഹ്ലാദപ്രകടനം.  ക്ഷേത്രവും  പാതയും പുഷ്പങ്ങളാൽ അലങ്കരിച്ചു ആഘോഷത്തോടെ സ്വീകരിച്ചു.

 വിളക്കുകളുടെ വിശാലമായ നിരകളാൽ ക്ഷേത്ര പരിസരമാകെ തിളങ്ങി വിളങ്ങും. രാത്രിക്ക് ഒരു കുളിർ പ്രകാശം   പൂർണ്ണമായി പ്രകാശിച്ച ചുറ്റുവിളക്കുകൾ നൽകും.  പരമശിവൻ തന്റെ മകനെ സ്വീകരിക്കാൻ  അതി ഗാംഭീര്യത്തോടെ ഒരു ആനപ്പുറത്ത് കയറി ശ്രീകോവിലിൽ നിന്ന് പുറത്തേക്കു എഴുന്നള്ളുന്നു. ദേവീദേവന്മാരുടെ ദേവഗണങ്ങളാൽ ചുറ്റപ്പെട്ട് അനുഗ്രഹിക്കപ്പെട്ട പിതാവിന്റെയും മകന്റെയും ഈ കൂടിക്കാഴ്ചയെ അഷ്ടമി വിളക്ക് എന്ന് വിളിക്കുന്നു.

indu-chintha
ഇന്ദു ചിന്ത

കൂട്ടുമ്മേൽ ഭഗവതിയും ശ്രീനാരായണപുരം ദേവനും ഉൾപ്പെടെ എല്ലാ ദേവതകളും ഒത്തുചേരുന്ന ഈ രാത്രിയിൽ മാത്രം നടത്തുന്ന ഒരു പ്രത്യേക ചടങ്ങായ 'കൂടിപൂജ' കഴിഞ്ഞ്, സുബ്രഹ്മണ്യൻ വിടപറഞ്ഞ് തന്റെ വാസസ്ഥലത്തേക്ക് മടങ്ങും. ശ്രീകോവിലിനു ചുറ്റുമുള്ള ചുറ്റുവിളക്കും മറ്റു വിളക്കുകളും മെല്ലെ മാഞ്ഞു പോകുന്നു. ഒരു അസാധാരണമായി വിടപറയലിന്റെ നേർത്ത പ്രകാശം മാത്രം ബാക്കിയാകും.

അതിനുശേഷം ഉദയനാപുരത്തപ്പന്റെ വിട പറച്ചിലാണ്. കണ്ടു  നിൽക്കുന്നവർക്കു പോലും വേദനാജനകമാണ് ഈ വിടവാങ്ങൽ. ദുഃഖ നിർഭരം ആണ് ഈ കാഴ്ച. നാദസ്വരത്തിൽ ദുഃഖ:ഖണ്ടാര രാഗം വായിക്കുന്നു. അവിടെ കൂടി നില്ക്കുന്ന ഭക്തജനങ്ങൾ എല്ലാവരുടെയും കണ്ണുകൾ ഈറനണിയും. വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും ശബ്ദത്തിന്റെയും നിശ്ശബ്ദതയുടെയും ഒരുമിക്കലോടെ , നമ്മുടെ വികാരവും ആ സന്തോഷത്തിലും ദുഃഖത്തിലും ഒത്തുചേരുന്നു. മകനുമായുള്ള വേർപാടിൽ ദുഖിക്കുന്ന ദേവനും നമ്മളും വികാരപരമായി ഒന്നായിത്തീരുന്ന സന്ദർഭം.

(ഹൈദരാബാദ് സ്വദേശിനിയായ ലേഖിക ഫോക്​ലോർ അക്കാദമി അവാർഡ് ജേതാവാണ്, തെയ്യക്കാഴ്‌ചകളെയും അനുഷ്ഠാനകലകളെയും കുറിച്ചു പുസ്തകം രചിച്ചിട്ടുണ്ട്.)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com