അറുപതിലും ചെറുതാകാത്ത ചെറുപ്പം

kathakali-artist-sadanam-bhasi-60-th-birthday
സദനം ഭാസി

കഥകളി അരങ്ങിലെ ലാളിത്യത്തിന്റെയും സൗമ്യതയുടെയും മുഖമാണു സദനം ഭാസി. കീഴ്പ്പടം കളരിയുടെ അരങ്ങു സൗന്ദര്യം അല്‍പം പോലും ചോർന്നുപോകാതെ പിന്തുടരുന്ന കലാകാരൻ. സ്വന്തം പരിമിതികൾ മനസ്സിലാക്കി അരങ്ങിലെ പ്രവൃത്തി കൊണ്ടു കലാരംഗത്തു സ്വന്തം സ്ഥാനമുറപ്പിച്ചയാൾ. വൃശ്ചികത്തിലെ ചിത്തിര നാളിൽ (നവംബർ 21 തിങ്കൾ) സദനം ഭാസിയുടെ ഷഷ്ടിപൂർത്തിയാണ്. അറുപതു വയസ്സിലും അരങ്ങിൽ യൗവനത്തിന്റെ പ്രസരിപ്പു പരത്തുന്ന കലാകാരൻ.

കാറൽമണ്ണ പുളിങ്ങര ഗോവിന്ദൻകുട്ടി നായരുടെയും ദേവകിയമ്മയുടെയും മകന് കഥകളിക്കമ്പം കൈവന്നത് തിരുമുല്ലപ്പള്ളി മഹാദേവക്ഷേത്രത്തിലെ ഉത്സവക്കളികളിലൂടെയാണ്. അച്ഛൻ ഗോവിന്ദൻകുട്ടി നായർ കോട്ടയ്ക്കൽ ശിവരാമന്റെ ബന്ധുവാണെന്നതാണു കഥകളിയിലെ എടുത്തു പറയാവുന്ന പാരമ്പര്യം.

kathakali-artist-sadanam-bhasi-60-th-birthday-6

∙ കലാരംഗത്തേക്ക്

കാറൽമണ്ണയിൽ സദനം ലക്ഷ്മിക്കുട്ടി ടീച്ചർ നടത്തിയിരുന്ന നവകേരള കലാസമിതിയിൽ നൃത്തപഠനത്തിനു ചേർന്നു കൊണ്ടാണു കലാരംഗത്തു ചുവടു വയ്ക്കുന്നത്. ഭരതനാട്യവും നാടോടിനൃത്തവുമായി അഞ്ചു വർഷം അവിടെ തുടർന്നു. എട്ടാം ക്ലാസ്സിലെത്തിയപ്പോൾ ചിലങ്കയഴിച്ചു പഠനത്തിൽ ശ്രദ്ധയൂന്നി. പത്തു കഴിഞ്ഞതോടെ അഭിനിവേശം കഥകളിയോടായി. വീട്ടിൽ ആർക്കും താൽപര്യമില്ലാത്തിനാൽ കലാമണ്ഡലത്തിലും കോട്ടയ്ക്കൽ പിഎസ്‌വി നാട്യസംഘത്തിലും പ്രവേശനത്തിനു വേണ്ട സഹായം ലഭിച്ചില്ല. കലാമണ്ഡലത്തിൽ അപേക്ഷിച്ചെങ്കിലും പ്രവേശനം ലഭിച്ചില്ല. കോട്ടക്കൽ പി എസ് വി നാട്യസംഘത്തിൽ അപേക്ഷ നൽകിയെങ്കിലും ഇന്റർവ്യൂവിനു പോകാൻ കഴിഞ്ഞില്ല. വിവരമറിഞ്ഞ കോട്ടയ്ക്കൽ ശിവരാമനാശാൻ കണക്കിനു ശകാരിച്ചു. കഥകളി പഠിക്കാൻ പുറപ്പെട്ടതിനാണോ ശകാരം എന്നു ശങ്കിച്ചു. അതല്ല, തന്നോടൊരു വാക്കു പറയാതെ കഥകളി പഠനത്തിനു പുറപ്പെട്ടതായിരുന്നു കാരണം. പിന്നീട് അദ്ദേഹം തന്നെയാണു സദനത്തിലേക്കു വഴികാട്ടിയത്. സദനം കുമാരനും അന്നവിടെ ഗുരുനാഥനായിരുന്ന സദനം കൃഷ്ണൻകുട്ടി ആശാനും അദ്ദേഹം ശുപാർശക്കത്തു നൽകി. 1979 ജൂൺ 28നു സദനത്തിൽ കഥകളി വിദ്യാർഥിയായി ചേർന്നു. കൃഷ്ണൻകുട്ടിയാശാനു പുറമേ സദനം രാമൻകുട്ടിയാശാനും സദനം ഹരികുമാറും അവിടെ ഗുരുനാഥരായിരുന്നു. അതേ വർഷം ഡിസംബറിൽ കോട്ടായി ചമ്രകുളങ്ങര ശാസ്താക്ഷേത്രത്തിൽ പുറപ്പാടോ‍ടെ അരങ്ങേറ്റം.

kathakali-artist-sadanam-bhasi-60-th-birthday-8

കൃഷ്ണൻകുട്ടിയാശാനും രാമൻകുട്ടിയാശാനും തിരക്കേറിയതോടെ വൈകാതെ സദനം വിട്ടു. 1980ൽ കീഴ്പ്പടം കുമാരൻ നായരാശാൻ ഡൽഹി വിട്ട് സദനത്തിലെത്തി. അക്കാലത്തു തന്നെ കലാനിലയം ബാലകൃഷ്ണനും നരിപ്പറ്റ നാരായണൻ നമ്പൂതിരിയും ചൊല്ലിയാടിക്കാനുണ്ടായിരുന്നു. കുമാരൻ നായരാശാൻ സദനത്തിൽ താമസിച്ചു പഠിപ്പിക്കാൻ തുടങ്ങിയതോടെ പൂർണമായും അദ്ദേഹത്തിന്റെ ശിക്ഷണത്തിനു കീഴിലായി.

∙ കീഴ്പ്പടം കളരി

കുമാരൻ നായരാശാൻ എന്നും വ്യത്യസ്തകൾ തേടിയിരുന്ന ഗുരുനാഥനായിരുന്നു. അദ്ദേഹത്തിന് അരങ്ങിൽ സ്വന്തം ശൈലിയുണ്ടായിരുന്നു. പല വേഷങ്ങളിലും ആട്ടങ്ങളിലും കാലാനുസൃതമായ മാറ്റം വരുത്തി. ഒരു കുട്ടി കളരിയിലെത്തിയാൽ അവന്റെ കഴിവുകളും കുറവുകളും കൃത്യമായി ഗുരുനാഥൻ പഠിച്ചെടുക്കും. അതിനനുസരിച്ചുള്ള ശിക്ഷണമാകും പിന്നീട്. 14 വയസ്സുകാരനായ ഭാസിയുടെ ശരീരം കുറച്ചു ബലമുള്ളതായിരുന്നു. കളരിക്കു വേണ്ട മെയ്‌വഴക്കം അത്ര പോരാ. ഇതറിഞ്ഞ കുമാരൻ നായരാശാൻ മറ്റു ഗുരുക്കന്മാരോടു പറഞ്ഞ് കളരിയിൽ ചില ഇളവുകൾ നേടിക്കൊടുത്തു. ഗുരുനാഥൻ നല്ല പോലെ അധ്വാനിപ്പിക്കും. ശിക്ഷണത്തിൽ കടുകിട വിട്ടുവീഴ്ചയില്ല. ചിലപ്പോൾ രാത്രി പത്തു വരെ നീളും കളരി. പുലർച്ചെ മൂന്നിനു വിളിച്ചുണർത്തുകയും ചെയ്യും. കളരിക്കു സമീപം ഇരുട്ടിൽ മറഞ്ഞിരുന്നു ശിഷ്യരെ വീക്ഷിക്കുന്ന അദ്ദേഹം അടുത്ത കളരിയിൽച്ചെന്നു കുറവുകൾ പറഞ്ഞു കൊടുക്കുമായിരുന്നു. 1986ൽ പഠനം കഴിഞ്ഞു സദനം വിട്ടു. പിന്നീടുള്ള ജീവിതം പൂർണമായും കഥകളിക്കായി നീക്കിവച്ചു.

kathakali-artist-sadanam-bhasi-60-th-birthday-7

∙ വരവറിയിച്ചത് ഭദ്രകാളിയായി

പച്ചയും കത്തിയും കരിയും താടിയും മിനുക്കും ഒരുപോലെ തനിക്കിണങ്ങുമെന്നു തെളിയിച്ചിട്ടുണ്ട് സദനം ഭാസി. എന്നാൽ തന്റെ പരിമിതികൾ മനസ്സിലാക്കി മാത്രമേ അദ്ദേഹം വേഷങ്ങൾ സ്വീകരിച്ചിരുന്നുള്ളൂ. ഹംസം, ഹനുമാൻ, കാട്ടാളൻ, ബലരാമൻ, സ്ത്രീവേഷങ്ങൾ എന്നിവയാണ് അദ്ദേഹം കൂടുതലും അവതരിപ്പിച്ചിട്ടുള്ളത്. തോരണയുദ്ധത്തിലെ ഹനുമാനൊഴികെ മറ്റു വേഷങ്ങളെല്ലാം കുമാരൻ നായരാശാൻ ചൊല്ലിയാടിച്ചിട്ടുമുണ്ട്. തുടക്കത്തിൽ സ്ത്രീ വേഷങ്ങളായിരുന്നു ഏറെയും. കലാജീവിതത്തിൽ വഴിത്തിരിവായത് ദക്ഷയാഗത്തിലെ ഭദ്രകാളിയാണ്. പരിയാനംപറ്റ ദിവാകരന്റെ വീരഭദ്രനും ഭാസിയുടെ ഭദ്രകാളിയും ഒട്ടേറെ വേദികളെ ത്രസിപ്പിച്ചിട്ടുണ്ട്.

kathakali-artist-sadanam-bhasi-60-th-birthday-4

യാദൃച്ഛികമായാണു വെള്ളത്താടിയിൽ എത്തുന്നത്. കാറൽമണ്ണ കളിവട്ടത്തിന്റെ സംഘാടകൻ ടി.എം.ഗണപതിയുടെ ഗൃഹപ്രവേശത്തിന്റെ തലേന്നു ആ ഗൃഹാങ്കണത്തിൽ കഥകളി തീരുമാനിച്ചു. ഹനുമാൻ വേഷത്തിനു വിളിച്ച കലാകാരൻ എത്തിയില്ല. വൈകിട്ട് അദ്ദേഹമെത്തി പറഞ്ഞു, ഭാസി വെള്ളത്താടിക്ക് തേച്ചോളൂ എന്ന്. അങ്ങനെ സൗഗന്ധികത്തിലെ ഹനുമാനായി രംഗപ്രവേശം. സൗഗന്ധികത്തിലെ ഹനുമാനാണു കൂടുതൽ അരങ്ങിൽ അവതരിപ്പിച്ചതും. തോരണയുദ്ധത്തിലെ വെള്ളത്താടിയും പ്രതീക്ഷിക്കാതെ വന്നു ചേർന്നതാണ്. കടമ്പഴിപ്പുറത്തു നടന്ന കഥകളി ശിൽപശാലയിൽ തോരണയുദ്ധത്തിൽ ഭാസിയുടെ ഹനുമാനാണെന്ന് തീരുമാനിച്ചത് സംഘാടകരാണ്. ഈ  വിവരം ഗുരുനാഥൻ അറിഞ്ഞു. ആ വേഷം അദ്ദേഹം ചൊല്ലിയാടിച്ചിട്ടില്ല. പതിവു പോലെ ഒരു ദിവസം കുമാരൻ നായരാശാന്റെ വെള്ളിനേഴിയിലെ വീട്ടിലെത്തി ശിഷ്യൻ. ആ വരവു കാത്തിരിക്കുകയായിരുന്നു ഗുരുനാഥൻ. ഒരു ദിവസം മുഴുവൻ അവിടത്തെ ശിക്ഷണം. ആ അറിവും ഗുരുനാഥന്റെ അരങ്ങിലെ വേഷം കണ്ടുള്ള പരിചയവും ചേർത്തു തോരണയുദ്ധത്തിലെ ഹനുമാനെ അവതരിപ്പിക്കുകയായിരുന്നു ഭാസി. കീഴ്പ്പടത്തിന്റെ ഹനുമാൻ മറ്റുള്ളവരുടേതിൽ നിന്നു വ്യത്യസ്തനാണ്. സമുദ്രവർണനയും ലങ്കാവർണനയും ലങ്കയുടെ ഉൽപത്തി ചരിത്രവും വിശദമായി ആടും ഗുരുനാഥൻ. സമുദ്രവർണന പീഠത്തിൽ കയറി നിന്നാകരുത് എന്നു നിഷ്കർഷയുണ്ടായിരുന്നു അദ്ദേഹത്തിന്. മത്സ്യം, മുതല, ശംഖ് എന്നിവയുടെ വർണനകൾ പീഠത്തിൽ നിന്നായാൽ അനുസൃത ചലനങ്ങൾ അസാധ്യമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. കരിമ്പുഴ ശ്രീരാമക്ഷേത്രത്തിൽ ലവണാസുരവധത്തിൽ ഹനുമാനായതും അപ്രതീക്ഷിതമായാണ്.

kathakali-artist-sadanam-bhasi-60-th-birthday-3

മൂന്നു കഥയിലും വെള്ളത്താടിയാണെങ്കിലും ഹനുമാൻമാർ വ്യത്യസ്തരാണ്. തോരണയുദ്ധത്തിൽ ചെറുപ്പത്തിന്റെ തിളപ്പാണു മാരുതിയിൽ കാണുക. ലവണാസുരവധത്തിലാകട്ടെ വളരെ പക്വത കൈവന്ന രാമഭക്തനാണ്. ഒരു യുഗത്തിനപ്പുറം ദ്വാപരയുഗത്തിലെ പരിണത പ്രജ്ഞനായ ചിരഞ്ജീവിയായ ഹനുമാനാണു കല്യാണ സൗഗന്ധികത്തിൽ. കേവലം സൗഗന്ധിക പുഷ്പം തേടിയുള്ള യാത്രയല്ല ഭീമസേനന്റേതെന്നും വൈശ്രവണനു ശാപമോക്ഷം നൽകാനുള്ള യാത്രയാണെന്നും ഭാസിയടക്കമുള്ള ശിഷ്യർ രംഗത്ത് ആടുന്നതു കുമാരൻ നായരാശാന്റെ പുരാണജ്ഞാനത്തിന്റെ പ്രതിഫലനമാണ്.

∙ തൊട്ടേനെ ഞാൻ കൈകൾ കൊണ്ട്

മിന്നൽക്കൊടി പോലെ അരങ്ങിലേക്ക് പറന്നിറങ്ങുന്ന സദനം ഭാസിയുടെ ഹംസം ആസ്വാദകർക്ക് ഏറെ പഥ്യമാണ്. ഹംസത്തിന്റെ അവതരണത്തിൽ സ്വന്തമായി അദ്ദേഹം ആവിഷ്ക്കരിച്ച ശൈലി തന്നെ കാരണം. അന്നനട മാത്രമല്ല, അരയന്നങ്ങളുടെ ഓരോ ചലനവും വളരെ സൂക്ഷ്മമായി രംഗത്തവതരിപ്പിക്കും ഭാസി. ഒരിക്കൽ സ്വിറ്റ്സർലാൻഡിൽ കഥകളി അവതരിപ്പിക്കാൻ പോയി. അവിടെ താമസിക്കുന്ന ഹോട്ടലിനു സമീപത്തെ തടാകത്തിൽ അരയന്നങ്ങളുണ്ടായിരുന്നു. അവയുടെ ചേഷ്ടകൾ നോക്കിപ്പഠിച്ചു. ഉറങ്ങുമ്പോൾ ചുണ്ടുകൾ ചിറകനടിയിൽ തിരുകി ഒറ്റക്കാലിലുള്ള നിൽപ്, കാൽ പാതി ഉയർത്തി ഇടത്തോട്ടുള്ള തിരിഞ്ഞുനോട്ടം... ഇങ്ങനെ അവയുടെ ചലനങ്ങൾ സൂക്ഷ്മമായി പഠിച്ചു. അത് രംഗത്ത് അവതരിപ്പിക്കാൻ നടത്തിയ ശ്രമം വിജയിക്കുകയും ചെയ്തു.

kathakali-artist-sadanam-bhasi-60-th-birthday-2

∙ അരങ്ങിലെ ദുഃഖം അപമാനം

ഒരു കഥകളി കലാകാരനും അനുഭവിച്ചിട്ടില്ലാത്ത അപമാനത്തിന്റെ വേദനയുണ്ട് സദനം ഭാസിക്കു പറയാൻ. തന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാനും പൊറുക്കാനും കഴിയാത്ത ആ സംഭവം കോവിഡ് മഹാമാരിക്കാലത്താണെന്നതു ദുഃഖത്തിന്റെ തീവ്രതയേറ്റുന്നു. തന്റെ കൂടെ ഒട്ടേറെ കൂട്ടുവേഷങ്ങൾ ചെയ്തിട്ടുള്ള സുഹൃത്തായ കലാകരൻ സംഘാടകനായ കളിയരങ്ങ്. തോരണയുദ്ധത്തിലെ ഹനുമാനാണു വേഷം. കീഴ്പ്പടം ശൈലിയിൽ വിശദമായി വേണം ആട്ടമെന്നു സംഘാടകർ ആദ്യമേ പറഞ്ഞിരുന്നു. കളി തുടങ്ങാൻ വൈകിയതിനാൽ വിസ്തരിക്കണോ എന്നു സംഘാടകരോട് ആരാഞ്ഞിരുന്നു. വിസ്തരിച്ചു തന്നെ വേണം എന്നായിരുന്നു മറുപടി. ഹനുമാൻ സമുദ്ര വർണന തകർത്താടുകയാണ്. അപ്പോഴാണു തിരശ്ശീലയ്ക്കു പിന്നിൽ സംഘാടകനായ സുഹൃത്തിന്റെ ആക്രോശവും ഇളകിയാട്ടവും. അണിയറക്കാര്യമാകുമെന്നു കരുതി ആട്ടം തുടർന്നു. അപ്പോൾ സുഹൃത്തായ കലാകാരൻ അരങ്ങിൽ അവതരിച്ചു. എന്തൊക്കെയോ പുലമ്പി, പുലഭ്യം പറഞ്ഞു. ഒരിക്കലല്ല, മൂന്നു വട്ടം. എല്ലാം കേട്ടിട്ടും ഹനുമാന് ഏകാഗ്രത നഷ്ടമായില്ല. ആട്ടം പൂർത്തിയാക്കിയേ അദ്ദേഹം അരങ്ങു വിട്ടുള്ളൂ. അമിതമായി സമയമെടുത്തു എന്നായിരുന്നു പ്രകോപിതനാകാൻ സുഹൃത്ത്‌ പറഞ്ഞ കാരണം. പ്രതികരിക്കാൻ തോന്നിയ നിമിഷം കുമാരൻ നായരാശാന്റെ ക്ഷമാമന്ത്രം ചെവിയിലെത്തി. ‘കഥകളിക്കു വേണ്ടി പലതും കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കേണ്ടി വരും. അരങ്ങിനെ മറന്ന് നമ്മൾ ഒന്നും ചെയ്തുകൂടാ....’

എന്നാൽ, സംഭവം വിവാദമായി, ചർച്ചയായി. അനുരഞ്ജനശ്രമങ്ങളുമായി പലരുമെത്തി. പക്ഷേ, ഭാസി കുലുങ്ങിയില്ല. ഒരു കഥകളി കലാകാരൻ സഹ കലാകാരനെ അരങ്ങിൽ തേജോവധം ചെയ്ത അനീതിക്കു മാപ്പില്ലാ എന്നാണ് അന്നും ഇന്നും സദനം ഭാസിയുടെ നിലപാട്. കഥകളി ലോകം ഒപ്പം നിന്നത് ആ കലാകാരന് ചെറിയ തോതിലെങ്കിലും ആശ്വാസമായി. പിന്നീട് ആ വേഷക്കാരനൊപ്പം ഭാസി അരങ്ങു പങ്കിട്ടിട്ടില്ല. നിവൃത്തിയുണ്ടെങ്കിൽ മേലിലും അതുണ്ടാകില്ലെന്ന് ഭാസി പറയുന്നു.

kathakali-artist-sadanam-bhasi-60-th-birthday-5

∙ കോവിഡ് കാലം ദുരന്തകാലം

ഭാസിയുടെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടവും ഇക്കാലത്തു തന്നെയായിരുന്നു. കുടുംബത്തിലെ വിളക്കായിരുന്ന സഹധർമിണി അനിത ഭാസിയെയും മക്കളെയും അനാഥരാക്കി ഈ ലോകത്തോടു വിട പറഞ്ഞു. ജീവിതവേദിയിലെ കളിവിളക്കു പെട്ടെന്നു കാറ്റിൽ അണഞ്ഞപ്പോൾ പരന്ന ഇരുട്ടിൽ നിന്ന് ഇന്നും കര കയറിയിട്ടില്ല ആ കുടുംബം. മക്കൾ ശ്രീകാന്തും ഹരികൃഷ്ണനും അച്ഛനു തുണയായി ഒപ്പമുണ്ട്. 2020ൽ ആണ് അനിതയ്ക്കു കാൻസർ ആണെന്നു തിരിച്ചറിഞ്ഞത്. 2021 ഓഗസ്റ്റ് 22നു മരണം സംഭവിച്ചു.

കഥകളി തനിക്കു നൽകിയ സൗഭാഗ്യങ്ങളിൽ പൂർണ സംതൃപ്തനാണെന്ന് അറുപതിലെത്തിയ ഈ കലാകാരൻ സന്തോഷത്തോടെ സമ്മതിക്കുന്നു. മറ്റൊരു ലോകത്തെപ്പറ്റി ചിന്തിക്കാനില്ലാത്തതിനാൽ അരങ്ങുകളെ ആവോളം സ്നേഹിച്ചു. 13 രാജ്യങ്ങളിലായി നാൽപതോളം വിദേശ യാത്രകൾ. മലയാളി ആസ്വാദകരിൽ നിന്നും തീർത്തും വ്യത്യസ്തരായ മറുനാടൻ ആസ്വാദകർ.

അറുപത് വയസ്സ് കലാകരനെ സംബന്ധിച്ചു യൗവനകാലമാണ്. സ്വപ്രയത്നത്തിലൂടെ അരങ്ങുകൾ താണ്ടിയുള്ള അനുസ്യൂത പ്രയാണത്തിൽ ഒരു നാഴികക്കല്ല് മാത്രമാണ് ഈ പിറന്നാൾ എന്നു സദനം ഭാസി വിലയിരുത്തുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ ശവത്തിൽ ചവിട്ടിയിട്ട് നീ സീരിയസ് റോൾ ചെയ്താൽ മതി

MORE VIDEOS