ADVERTISEMENT

കേരള ലളിതകലാ അക്കാദമി മുൻ ചെയർമാനും മനോരമ ആഴ്ചപ്പതിപ്പ് മുൻ എഡിറ്റർ ഇൻ ചാർജുമായ കെ.എ.ഫ്രാൻസിസ് അടക്കം 11 കലാകാരന്മാരുടെ ചിത്രശിൽപപ്രദർശനത്തിന് ദക്ഷിണ മുംബൈയിലെ ജഹാംഗീർ ആർട്ട് ഗാലറിയിൽ തുടക്കമായി. ഒരാഴ്ച നീളുന്നതാണ് പ്രദർശനം. റീഡേഴ്സ് ഡൈജസ്റ്റ് മുൻ എഡിറ്ററും ചിത്രകാരനുമായ മോഹൻ ശിവാനന്ദ് ഉദ്ഘാടനം ചെയ്തു.

‌ഹരിദ്വാറിലെ പ്രഭാതമാണ് കെ.എ.ഫ്രാൻസിസിന്റെ പ്രധാന ചിത്രത്തിന്റെ പ്രമേയം. ഹരിദ്വാറിൽ താന്ത്രിക് ആർട്ട് പഠിച്ചിരുന്ന കാലത്തെ കാഴ്ചകളും ഓർമകളും ചാലിച്ചുള്ളതാണ് ചിത്രം. ആണും പെണ്ണുംപോലെ നിൽക്കുന്ന രണ്ടു മലനിരകൾ ചുംബിക്കുന്ന ‘കിസിങ് ഹിൽസ്’ മറ്റു ചിത്രങ്ങളിൽ ഒന്നാണ്. അജയൻ വി.കാട്ടുങ്കൽ, കളഭകേസരി, മിനി ശർമ, മോപ്പസാങ് വാലത്ത്, സജിത് പനയ്ക്കൻ, വി.സതീശൻ, സി.കെ.ഷാജി, ഷിബു ചന്ദ്, സിദ്ധാർഥൻ, ടി.ആർ.ഉദയകുമാർ എന്നിവരാണ് ‘സതേൺ വിൻഡ്’ എന്ന പ്രദർശനത്തിൽ പങ്കെടുക്കുന്ന മറ്റു കലാകാരന്മാർ.

‘ഡോംഗി സീരീസ്’ എന്ന ഉദയകുമാറിന്റെ ചിത്രങ്ങൾ കഴുതകളെ കേന്ദ്രീകരിച്ച് കോവിഡ് കാലത്ത് വരച്ചതാണ്. വലിയ സംഭവമാണ് തങ്ങളെന്ന് ചിന്തിച്ചിരുന്ന മനുഷ്യൻ എത്ര നിസാരനാണെന്നു ചിത്രങ്ങളിലെ കഴുതകൾ ചൂണ്ടിക്കാട്ടുന്നു. പ്രകൃതി, നൃത്തം, സംഗീതം എന്നിവയിലൂന്നിയുള്ള സൗന്ദര്യമാത്മക വീക്ഷണത്തിലുള്ളതാണ് മോപ്പസാങ്ങിന്റെ രചനകൾ. പ്രകൃതിയുടെ നശീകരണമാണ് സിദ്ധാർഥന്റെ സൃഷ്ടികളുടെ പ്രമേയം. കൊച്ചി ആർഎൽവി ഫൈൻ ആർട്സ് കോളജിലെ മുൻ വകുപ്പു മേധാവിയാണ് അദ്ദേഹം. തിരമാലകളുടെയും പന്നൽച്ചെടികളുടെയും പശ്ചാത്തലത്തിലുള്ളതാണ് കോട്ടയം സ്വദേശി മിനി ശർമയുടെ ചിത്രങ്ങൾ.

southern-wind-art-exhibition-at-jahangir-art-gallary-mumbai-2
ജഹാംഗീർ ആർട്ട് ഗാലറിയിൽ പ്രദർശിപ്പിക്കുന്ന തന്റെ ചിത്രത്തിനൊപ്പം കെ.എ.ഫ്രാൻസിസ്.

തുണികളിൽ തീർത്ത അക്രലിക് ചിത്രങ്ങളാണ് തിരുവനന്തപുരം സ്വദേശി ഷിബു ചന്ദിന്റേത്. കേരള മെഡിക്കൽ എജ്യുക്കേഷൻ വകുപ്പിൽ ആർട്ടിസ്റ്റാണ് ഷിബു. സ്വയം സൃഷ്ടിച്ച ലോകത്തുനിന്നു പുറത്തുകടക്കാൻ പറ്റാത്ത മനുഷ്യന്റെ അവസ്ഥ പത്തനംതിട്ട സ്വദേശി കളഭകേസരി തന്റെ ‘റൗണ്ട് ടേബിൾ’ എന്ന ചിത്രത്തിലൂടെ ചൂണ്ടിക്കാട്ടുന്നു. ‘ഹോളി ട്രീ’ എന്ന പരമ്പരയിലുള്ള ചിത്രങ്ങളാണ് മലപ്പുറം സ്വദേശി സി.കെ.ഷാജി പ്രദർശിപ്പിക്കുന്നത്. കാലവും തിരയും ആർക്കുമായി കാത്തിരിക്കില്ല എന്ന ചിന്തയിൽ ഉൗന്നിയുള്ള സൃഷ്ടികളാണ് ചേർത്തല സ്വദേശി സജിത് പനയ്ക്കലിന്റേത്. ആലപ്പുഴ സ്വദേശി അജയൻ വി.കാട്ടുങ്കൽ, തിരുവനന്തപുരം സ്വദേശി വി.സതീശൻ എന്നിവരാണ് പ്രദർശനത്തിൽ പങ്കെടുക്കുന്ന ശിൽപികൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com