റേഡിയോ ദിനത്തിൽ (ഫെബ്രുവരി 13) ഓർമകളിൽ ഒരു റേഡിയോക്കാലം. ഇല്ലത്തെ ചായ്പ്പിലെ കട്ടിലിൽ മൂടിപ്പുതച്ചുറങ്ങിയ കുട്ടിനിക്കറുകാരന്റെ ചെവിയിലേക്ക് ആ സംഗീതം മുഴങ്ങി. 'വന്ദേ മാതരം .. സുജലാം സുഫലാം മലയജശീതലാം ..' ഒപ്പം രവീ എഴുന്നേൽക്കൂ സമയം 5.50 ആയി. എന്ന അച്ഛന്റെ സ്നേഹവിളിയും. കണ്ണുകൾ തുറക്കുമ്പോൾ സുഭാഷിതത്തിൽ എത്തിയിരിക്കും റേഡിയോ. എഴുന്നേറ്റാൽ പിന്നെ പ്രഭാതഭേരിക്കും വാർത്തകൾക്കുമൊപ്പം സമയനിഷ്ഠമായി പ്രഭാത ദിനചര്യകൾ നടക്കും. രാത്രിയായാൽ കട്ടിലിൽ അച്ഛനെ കെട്ടിപ്പിടിച്ചു കിടക്കുമ്പോൾ ( ഡിഗ്രി കാലം വരെ തുടർന്നു.) ഒന്നുകിൽ റേഡിയോ നാടകം അല്ലെങ്കിൽ സംഗീതക്കച്ചേരി അതുമല്ലെങ്കിൽ കഥകളിപദങ്ങൾ. അതങ്ങിനെ അലയടിക്കും ഉറങ്ങും വരെ.
അന്ന് ഞാൻ മാടായി കോളേജിലെ ഫൈൻ ആർട്സ് സെക്രട്ടറി ....
ആർട്സ് ഡേ പരിപാടിക്ക് ഗസ്റ്റായെത്തിയ കണ്ണൂർ ആകാശവാണിയിലെ പ്രോഗ്രാം എക്സിക്യൂട്ടിവ് നമ്മുടെ കോളേജിന് യുവവാണിയിൽ പ്രോഗ്രാം അവതരിപ്പിക്കാൻ അവസരം തരുന്നു. അങ്ങനെ മലയാളം അധ്യാപകൻ കോറമംഗലം നാരായണൻ മാഷും എന്‍റെ സ്വന്തം ഫൈൻ ആർട്സ് അഡ്വൈസർ സജി പി ജേക്കബ് സാറും ( ഇന്നത്തെ ലയോള കോളേജ് പ്രിൻസിപ്പൽ )കുട്ടികളുമെല്ലാം ചേർന്ന് ആകാശവാണിയിൽ എത്തുന്നു. എന്‍റെ ഗുരുനാഥൻ കൈതപ്രം വിശ്വേട്ടൻ പഠിപ്പിച്ചു തയ്യാറാക്കിത്തന്ന സംഗീതശില്പവും ലളിതഗാനവുമൊക്കെ ആയിരുന്നു പരിപാടികൾ. അങ്ങനെ ആദ്യമായി ആകാശവാണി റെക്കോർഡിങ് റൂമിൽ. ഉണരുന്നതും ഉറങ്ങുന്നതും വന്ദേമാതരവും കഥകളിപ്പദവും അടങ്ങിയ റേഡിയോ പരിപാടികൾ കേട്ടുകൊണ്ടായിരുന്ന കുട്ടിക്കാലത്തെ പഴയ കഥ .....
വർഷങ്ങൾക്ക് ശേഷം അതേ സ്റ്റുഡിയോ റൂമിൽ വിശിഷ്ടാതിഥിയായി സ്‌കൂൾ സഹപാഠി ആകാശവാണി പ്രോഗ്രാം എക്സിക്യൂട്ടീവായ ജീജയ്‌ക്കൊപ്പം പരിപാടിയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചെന്ന സ്വകാര്യ അഹങ്കാരവും കൂട്ടിനുണ്ട് ഇന്ന്.
സംഗീത പഠനത്തിനൊപ്പം വരമ്പശ്ശേരി ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്നു അന്ന് ഞാൻ. അമ്പലത്തിലെ ഓഫീസിനു മുകളിലെ കൊച്ചു മുറിയ്ക്കു പുറമെ പി എം ജി ലോ കോളേജ് ജംഗ്ഷനിലെ സ്കിന്നർ ഡോക്ടറുടെ നാലുകെട്ടിൽ ഒരു മുറി കൂടി ഉണ്ടായിരുന്നു വാടകയ്ക്ക്. അന്ന് കൂടെ താമസിച്ചിരുന്ന സെക്രട്ടെറിയറ്റ് ഉദ്യോഗസ്ഥനായ ഹരിയേട്ടനാണ് ആകാശവാണിയിൽ അനൗൺസർ തസ്തികയിലേക്ക് ആളിനെ എടുക്കുന്നു എന്ന വാർത്ത അറിയിക്കുന്നത്. അപേക്ഷിച്ചു.
വോയിസ് ടെസ്റ്റിൽ വിജയിക്കുന്നു. എന്റെ എല്ലാമെല്ലാമായ കൈതപ്രം എഴുതിത്തന്ന ഒരു ചെറിയ ശുപാർശക്കത്തുമായി ആദ്യം ചെന്ന് കാണുന്നത് ഗായകനും ആകാശവാണി ഉദ്യോഗസ്ഥനുമായ ജി ശ്രീറാം സാറിനെ ആയിരുന്നു. സാറെന്നെ അന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഡയറക്ടറായിരുന്ന ആർ.സി . ഗോപാൽ സാറിനടുത്തേക്കയക്കുന്നു. താത്കാലിക നിയമനം ലഭിക്കുന്നു. അതാണ് ആകാശവാണി തുടക്കം. ബേബൻ കൈമാപ്പറമ്പൻ സാറിനു കീഴിൽ വിദ്യാഭ്യാസരംഗം ആയിരുന്നു ആദ്യത്തെ അസൈൻമെന്റ്.
ഇല്ലത്തെ ചായ്പ്പിൽ അച്ഛന്റെ മർഫി റേഡിയോയിലൂടെ ഒഴുകിവരുമായിരുന്ന റേഡിയോ പരിപാടികൾ കേട്ടുണർന്ന... ഉറങ്ങിയ..ഒരു ബാല്യകാല സ്വപ്നത്തിന്റെ സാക്ഷാത്ക്കാരം ..
ത്യാഗരാജസ്വാമികളും അഗ്നിസാക്ഷിയും കൃഷ്ണകൃപാസാഗരവും ഭർത്താവുമെല്ലാം എനിക്ക് ഭാഗ്യമായി മാറിയപ്പോൾ സംഗീതവും ആകാശവാണിയിലെ ജോലിയും ഒരുഭാഗത്തേക്കൊന്ന് ഒതുങ്ങിയ കാലമായിരുന്നു അത്. എന്തൊക്കെ തിരക്കായിരുന്നുവെങ്കിലും ശനിയും ഞായറും രാഗശ്രീയിലെ ക്‌ളാസ്സുകൾ മുടക്കാറില്ലായിരുന്നു. ആകാശവാണിയിൽ റേഡിയോ റിപ്പോർട്ടുകളും ചിത്രീകരണങ്ങളും ചലച്ചിത്ര ശബ്ദരേഖകളും അതുപോലെ തയ്‌യാറാക്കിയ പ്രോഗ്രാമുകൾക്കും കയ്യും കണക്കുമില്ലായിരുന്നു. അതോടോപ്പം ആകാശവാണി നാടകവിഭാഗത്തിൽ അന്ന് ബി ഗ്രേഡ് ആർട്ടിസ്റ്റുമായി. എല്ലാ സെക്ഷനുകൾക്കുവേണ്ടിയും പരിപാടികൾ തയ്യാറാക്കാൻ അവസരങ്ങളൊരുപാട് ലഭിച്ചിട്ടുണ്ട്. ആകാശവാണിക്കാലത്തു പിന്തുണയേകിയ ആകാശവാണിയിലെ എല്ലാ ഉയർന്ന ഉദ്യോഗസ്ഥർക്കും പ്രോഗ്രാം എക്സിക്യൂട്ടീവുമാർക്കും ഉദ്യോഗസ്ഥർക്കും ഒരുപാട് നന്ദി.
എന്നാലും എന്‍റെ പാട്ടുകൾക്കും അഭിനയത്തിനും പ്രോത്സാഹനവുമായി ഏറ്റവും മുന്നിൽ മുഹമ്മദ് റോഷൻ സാറുണ്ടായിരുന്നു. പിന്നെ ബിജു മാത്യു സാറും. അന്ന് ആകാശവാണിയിലെ ഏറ്റവും വലിയ കൂട്ടും ഇവരോടായിരുന്നു. എന്‍റെ ആദ്യ പരമ്പര ത്യാഗരാജസ്വാമികളുടെ ഷൂട്ടിംഗ് തിരുവല്ലയിൽ നടക്കുമ്പോൾ പിന്തുണയായി ഇവരെത്തിയത് അഭിമാനപൂർവം ഓർക്കുന്നു. പിന്നീട് പരമ്പരകൾ എന്നെ അൽപം തിരക്കുകാരനാക്കിയപ്പോൾ ആകാശവാണിയിൽ നിന്നു അൽപം പിറകോട്ടു നിന്നു. ആ സമയത്തു യുവവാണിയിൽ സെലിബ്രിറ്റി ഗസ്റ്റായി എനിക്കിഷ്ടപ്പെട്ട പാട്ടുകൾ അവതരിപ്പിക്കാനും അതുപോലെ ഹലോ പ്രിയഗീതം അവതരിപ്പിക്കാനുമുള്ള അവസരവും കിട്ടിയെന്നുള്ളത് എന്‍റെ സ്വകാര്യ അഹങ്കാരങ്ങളിൽ ഒന്നായി.
അഭിനയത്തിനു മുകളിലേക്ക് സംഗീതസംവിധാനം എന്നിൽ സ്വാധീനം ചെലുത്താൻ തുടങ്ങിയ കാലം. മുഹമ്മദ് റോഷൻ സർ വിളിച്ചു ചോദിച്ചു. ദൂരദർശനിലെ ഒരു പരമ്പരയ്ക്കു സംഗീതസംവിധാനം ചെയ്യണം. എന്നിൽ അതുനൽകിയ സന്തോഷം അളക്കാവുന്നതല്ല. അങ്ങനെ റോഷൻ സാറുമൊത്തു തിരുവനന്തപുരം ഐറിസ് സ്റുഡിയോയിൽ റെക്കോർഡിങ്. സംവിധായിക ശാലിനി നോബിളും പാട്ടുകാരൻ ഷൈൻ ഡാനിയലും അമ്മയുമെല്ലാം അവിടെത്തി.. കൂടെ ഒരു പാട്ടുപാടാൻ ആകാശവാണിയിലെ ലീലാമ്മ മാത്യൂവും. "പ്രപഞ്ചമേ പ്രഭാതമേ..: ഇതായിരുന്നു ആദ്യഗാനം. പിന്നീട് ആമ്പൽപ്പൂക്കൾ എന്ന ക്യാപ്റ്റൻ രാജു അഭിനയിച്ച പരമ്പരയുടെ പാട്ട്. കുട്ടികളുടെ പരിപാടിക്കുവേണ്ടിയും അന്ന് പാട്ടുകൾ ചെയ്‌തു. അതിന്റെ ഷൂട്ടിംഗ് കാണാൻ ഞാനും റോഷൻ സാറും അരുവിക്കര ഡാമിൽ പോയതും ഓർക്കുന്നു.
അതിനിടയിൽ മലയാള മനോരമ വാർഷിക പതിപ്പിനായി "അനുഭവം ഇത് അഭിനയം " ഫീച്ചറിലും റോഷൻ സർ എന്നെ ഒപ്പം കൂട്ടി. ആകാശവാണി ഗൾഫ് പ്രക്ഷേപണത്തിനായി പാതിരാത്രിയിലെ യാത്രയും ഓർമ്മകളിലുണ്ട്.
അങ്ങനെയിരിക്കെ ഒരുദിവസം മുഹമ്മദ് റോഷൻ സാറിന്റെ ചോദ്യം. ചോദ്യമല്ല നിർദേശം. അനന്തപുരി എഫ് എം നു വേണ്ടി എല്ലാ മണിക്കൂറിലുമുള്ള വാർത്തകൾക്ക് വേണ്ടി ഒരു തീം മ്യൂസിക് ചെയ്യണം. അത് നൽകിയ സന്തോഷവും ആത്മവിശ്വാസവും ചെറുതല്ല. അങ്ങനെ സുനീഷിന്റെ ബെൻസണിൽ റെക്കോർഡിങ്.
Dr രശ്മി മധു ഗായികയായി. അതോടൊപ്പം എന്നെ ഞെട്ടിച്ചുകൊണ്ട് റോഷൻ സർ എനിക്ക് 4 വരികൾ കൂടി തന്നു. "പനിനീർപ്പൂവിൽ കാറ്റൊന്നു തൊട്ടതുപോൽ...പൗർണമിച്ചന്തം പൊട്ടൊന്നു തൊട്ടതുപോൽ..." എന്നാരംഭിക്കുന്ന വരികൾ. അനന്തപുരി എഫ് എം ജിങ്കിളായും ചെയ്യണം.
അങ്ങനെ അതിനു രണ്ട് ട്യൂണുകൾ തയ്യാറാക്കി. രണ്ടും വേണമെന്ന് റോഷൻ സർ പറഞ്ഞത് ആത്മവിശ്വാസം കൂട്ടി. ആരെക്കൊണ്ട് പാടിക്കാം? റോഷൻ സാറിന്റെ ചോദ്യം. ഒന്നും ചിന്തിച്ചില്ല.
എംജി ശ്രീകുമാർ. ഒന്നെന്നെ നോക്കി റോഷൻ സർ ചോദിച്ചു. ആകാശവാണിയുടെ കുറഞ്ഞ പേയ്‌മെന്റിൽ അദ്ദേഹം പാടുമോ? പാടും. ഞാൻ പറഞ്ഞു. അന്ന് ഇരുപതിലധികം പാട്ടുകൾ ശ്രീകുമാർ സർ എന്‍റെ സംഗീതത്തിൽ പാടിത്തന്നിട്ടുണ്ട്. സുനീഷ് ബെൻസണും ഞാനും ചേർന്ന് വിളിച്ചു
ചോദിച്ചു. പാടാം രവി എന്ന ഉത്തരം. അങ്ങനെ ഒരേ വരികൾക്ക് രണ്ട് ട്യൂണുകൾ... അതിമനോഹരമായി അന്ന് എംജി ശ്രീകുമാർ സർ പാടിത്തന്നു.ഒപ്പം രശ്മി മധുവും ബിജോയും സുരേഷ് വാസുദേവും അനിത ഷെയ്ക്കും പാട്ടുകാരായി വന്നു. bk പ്രകാശേട്ടൻ ഓർക്കസ്ട്രേഷനിൽ. 6 ജിങ്കിളുകൾ അങ്ങനെ തയ്യാറായി. അനന്തപുരി എഫ്എമ്മിൽ മണിക്കൂറുകൾ ഇടവിട്ട് മാറി മാറി എന്‍റെ സംഗീതത്തിലുള്ള ജിങ്കിളുകൾ. എങ്ങിനെയാണ് മുഹമ്മദ് റോഷൻ സാറിനു നന്ദി പറയേണ്ടതെന്നറിയില്ല.അതിനു ശേഷം ഹലോ പ്രിയഗീതത്തിൽ അതിഥിയായപ്പോൾ ജിങ്കിളുകളുടെ സ്വീകാര്യത എന്നെ ഞെട്ടിച്ചു. അങ്ങനെ ഞാൻ ജോലി ചെയ്ത ആകാശവാണിയുടെ അനന്തപുരി എഫ്എമ്മിന്റെ സംഗീതകാരനായി.
പിന്നീട് കേരളത്തിൽ സ്വകാര്യ എഫ് എം റേഡിയോകൾ സ്വാധീനത്തിൽ എത്താൻ തുടങ്ങിയപ്പോൾ ഇന്നത്തെ റെഡ് എഫ് എം ( അന്നത്തെ എസ് എഫ് എം 93.5) ന്‍റെ തുടക്കക്കാരനാകാൻ എറണാകുളത്തേക്ക്. രണ്ടുവർഷക്കാലം ജീവിതം റെഡ് എഫ് എമ്മിന് വേണ്ടി.
വർഷം ഒരുപാട് കഴിഞ്ഞെങ്കിലും. കാലമൊരുപാട് മുന്നോട്ടു നീങ്ങിയെങ്കിലും റോഷൻ സർ റിട്ടയർ ചെയ്‌തെങ്കിലും ഇന്നും അനന്തപുരി എഫ് എം ലൂടെ ജിങ്കിളുകൾ ഒഴുകിയെത്തും. അതോടൊപ്പം അനന്തപുരി എഫ് എമ്മിൽ ഫോണിൽ വിളിച്ചാലും കേൾക്കാം എംജി ശ്രീകുമാർ സർ പാടിയ ജിങ്കിളുകൾ.
അങ്ങനെ ആകാശവാണിയിലൂടെ മുഹമ്മദ് റോഷൻ സർ എന്‍റെ പാട്ടെഴുത്തുകാരനും ആകാശവാണി എന്‍റെ കാശുകാരനുമായി. ഇതിനുമൊക്കെ അപ്പുറം സിനിമാസംഗീത സംഗീത സംവിധായകനായപ്പോൾ കേരളത്തിലെ മാത്രമല്ല ലോകത്തിലെ എല്ലാ മലയാളം റേഡിയോകളിലും ഞാൻ അതിഥിയായി. ഞാൻ എനിക്കഭിമുഖമായി മറ്റു സെലിബ്രിറ്റികളെ വച്ച് ചെയ്തിരുന്ന അതേ പ്രോഗ്രാമ്മുകളിൽ ഞാൻ സെലിബ്രിറ്റിയായി. റേഡിയോകളിൽ എന്റെ പാട്ടുകൾ ഒഴുകി. ഇത് എനിക്കായി കാലം ഒരുക്കിവച്ച സ്വപ്ന സാക്ഷാത്ക്കാരം.
Content Summary : OK Ravishankar Memoir about his Radio Life