ഒരു ടൈം ട്രാവൽ പോയാലോ? ‘പഴയ സോവിയറ്റ്’ കടവിലേക്ക്; ഒരു പലസ്തീൻ യുദ്ധഭീതിയും!
Mail This Article
കേരളത്തില്‍നിന്ന് പലസ്തീനിലേക്ക് എത്ര ദൂരമുണ്ട്..? അതറിയണമെങ്കില്‍ ഗൂഗിള്‍ നോക്കേണ്ട. ‘സോവിയറ്റ് സ്റ്റേഷന്‍ കടവി’ല്‍നിന്ന് ‘ഹാഷി’ലേക്കുള്ള ദൂരമളന്നാല്‍ മതി. ലോകത്തെവിടെനിന്നും എവിടേക്കുമുള്ള ദൂരമാണത്. അവനവന്റെ ഉള്ളില്‍ക്കടന്ന് അതിന്റെ രണ്ടറ്റങ്ങള്‍ തമ്മിലെത്ര കാതമുണ്ടെന്നുള്ളതിന്റെ ഉത്തരമാണത്. ഭയവും അടിച്ചമര്‍ത്തലും സ്വേച്ഛാധിപത്യവും തമ്മിലെത്ര ദൂരവ്യത്യാസം എന്നു ഗൂഗിളില്‍ തിരഞ്ഞു പാടുപെടേണ്ട. ‘സോവിയറ്റ് സ്റ്റേഷന്‍ കടവ്, ഹാഷ് എന്നീ നാടകങ്ങള്‍ ഇതിനു മറുപടി പറയും. തികച്ചും വ്യത്യസ്ത പരിതസ്ഥിതിയില്‍നിന്ന് തൃശൂരിലെ രാജ്യാന്തര നാടകോത്സവമായ ഇറ്റ്ഫോക്കിലെത്തിയ രണ്ടു നാടകങ്ങള്‍. സോവിയറ്റ് സ്റ്റേഷന്‍ കടവും ഹാഷും. ആദ്യത്തേതു മലയാളം, രണ്ടാമത്തേത് പലസ്തീനില്‍നിന്നുള്ള നാടകം. വ്യത്യസ്ത ദിവസങ്ങളില്‍ അരങ്ങിലെത്തിയ ഈ നാടകങ്ങള്‍ മനുഷ്യരുടെ ഇടയില്‍ ജീവിച്ചുകൊണ്ടേയിരിക്കുന്നു, അനുഭവങ്ങളായി. അല്ലെങ്കില്‍ നേരത്തെയുണ്ടായിരുന്ന മനുഷ്യര്‍ ജീവിച്ചത് ഈ അനുഭവങ്ങളിലൂടെയാണ്. ഇനി വരാന്‍ പോകുന്ന മനുഷ്യര്‍ അനുഭവിക്കാന്‍ പോകുന്നതും ഈ നാടകങ്ങള്‍ കൈമാറുന്ന തീ തന്നെ.