ADVERTISEMENT

കലയെക്കുറിച്ച് പുതു അറിവുകളും കാഴ്ചപ്പാടുകളും പങ്കുവെച്ച് ഇന്ത്യന്‍ ആര്‍ട്ട് ആന്‍ഡ് ഡിസൈന്‍ എജ്യുക്കേറ്റേര്‍സ് അസോസിയേഷന്‍റെ(ഐഎഡിഇഎ)  അഞ്ചാമത് വാര്‍ഷിക ആര്‍ട്ട് എജ്യുക്കേറ്റേര്‍സ് കോണ്‍ഫറന്‍സിന്  സമാപനമായി. കൊച്ചി മുസീരിസ് ബിനാലെ ആൻഡ് ആർട്ട് ബൈ ചിൽഡ്രൻ പ്രോഗ്രാം ആണ് രണ്ടുദിവസം നീണ്ട സമ്മേളനത്തിന്  ആതിഥ്യമരുളിയത്.

ഐഎഡിഇഎയും അതിന്റെ വിജ്ഞാനപങ്കാളികളായ ഫൗണ്ടേഷൻ ഫോർ ഇന്ത്യൻ കണ്ടംപററി ആർട്ട്(FICA), ലേണിംഗ് ത്രൂ ആർട്ട്സ് നറേറ്റീവ് ആൻഡ്  ഡിസ്കോഴ്സ് (LAND), റെയിൻബോ ഫിഷ് സ്റ്റുഡിയോ, ചെന്നൈ ഫോട്ടോ ബിനാലെ, പിരമൽ ഫൗണ്ടേഷൻ, കൊച്ചി ബിനാലയുടെ ആർട്ട് ബൈ ചിൽഡ്രൻ ഇനിഷ്യേറ്റീവ് എന്നിവരും ചേർന്ന് നടത്തിയ കോൺഫറൻസിൽ ശില്‍പശാലകളും  പാനല്‍ ചര്‍ച്ചകളും ബിനാലെ കലാകാരന്മാരുടെ അവതരണങ്ങളും കോർത്തിണക്കിയിരിക്കുന്നു.

ഡൽഹി, മുംബൈ, ബാംഗ്ലൂർ, ഹൈദരാബാദ്, ഉദയ്പൂർ, ജയ്പൂർ, വഡോദര, ജമ്മു,കൊച്ചി, ഈറോഡ്, മധുരൈ, കോയമ്പത്തൂർ, ഭോപ്പാൽ എന്നിങ്ങനെ ഇന്ത്യയിലെ വിവിധ നഗരങ്ങളിലെ സ്കൂളുകളിൽ നിന്നുള്ള അൻപതിലധികം കല അധ്യാപകർ കോൺഫറൻസിൽ പങ്കെടുത്തു.

fifth-annual-iadea-art-educators-conference-at-kochi-muziris-biennale-day-2-image-one

ഡൽഹിയിലെ ലാന്‍ഡ് ഫൗണ്ടേഷൻ സ്ഥാപകയും ഡയറക്ടറുമായ കൃതി സൂഡിന്റെ പ്രചോദനാത്മകമായ സെഷനോട് കൂടിയാണ് രണ്ടാം ദിവസത്തിന് തുടക്കമായത്. സ്കൂളുകളിൽ എല്ലാ വിഷയങ്ങളും പഠിപ്പിക്കുന്നതിനുള്ള ഒരു ഉപാധിയായി കലയെ എങ്ങനെ ഉപയോഗിക്കാം എന്നതിന്റെ പ്രാധാന്യത്തെ കുറിച്ചാണ് കൃതി സംസാരിച്ചത്. ഡൽഹി ഗവൺമെന്റുമായി ചേർന്ന് രണ്ട് സ്കൂളുകളിൽ ദൃശ്യ കല കോർ കരിക്കുലമായി വികസിപ്പിച്ചതിനെ പറ്റി കൃതി വിശദീകരിച്ചു. ഈ കോർ കരിക്കുലത്തിന് അനുബന്ധമായാണ് മറ്റു വിഷയങ്ങളും ഇവിടെ പഠിപ്പിക്കുന്നത്.

fifth-annual-iadea-art-educators-conference-at-kochi-muziris-biennale-day-2-image-two

രണ്ടാം ദിനവും ബിനാലെ വേദികളിലെ ക്യൂറേറ്റഡ് ടൂർ തുടർന്നു. സെഷനുകൾക്കായി വിവിധ നഗരങ്ങളിൽ നിന്നും പ്രമുഖ കലാകാരന്മാരും എത്തി. പ്രശസ്ത മിക്സഡ് മീഡിയ ആര്‍ടിസ്റ്റായ എം. തംഷാങ്ഫാ നാഗാ സമൂഹത്തിലെ തന്റെ വേരുകളിൽ നിന്നാണ് തന്റെ കലയ്ക്കുള്ള പ്രചോദനം ഉൾക്കൊള്ളുന്നതെന്ന്  കല അധ്യാപകരോട് വിശദീകരിച്ചു. പേപ്പറും മുളയും തെങ്ങോലയും തഴപ്പായയും ഉപയോഗിച്ചുള്ള ഇദ്ദേഹത്തിന്റെ മൾട്ടിമീഡിയ ഇൻസ്റ്റലേഷൻ സ്റ്റുഡന്റ് ബിനാലെയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ക്ലാസ് റൂമുകളുടെ നാലു ചുവരുകൾക്ക് പുറത്ത് തങ്ങൾക്ക് ചുറ്റുമുള്ള സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലാൻ വിദ്യാർഥികളെ പഠിപ്പിക്കണമെന്ന് അദ്ദേഹം കല അധ്യാപകരോട് ആഹ്വാനം ചെയ്തു. ആർട്ട് മീഡിയേറ്റർമാരുടെയും കലാകാരന്മാരുടെയും മാർഗ്ഗനിർദേശത്തിനനുസരിച്ച് ബിനാലെ വേദികളിലെ 40 തെരഞ്ഞെടുത്ത സൃഷ്ടികൾ കോൺഫറൻസ് പ്രതിനിധികൾ സന്ദർശിച്ചു.

അസോറ ഹോട്ടലിലെ ഉച്ചഭക്ഷണത്തിനുശേഷം അധ്യാപകർ കബ്റാൽ യാർഡിലുള്ള  ബിനാലെ പവിലിയനിലേക്ക് നീങ്ങി. ചെന്നൈ അമേരിക്കൻ ഇന്റർനാഷണൽ സ്കൂളിൽ നിന്നുള്ള കല അധ്യാപികയും ഐഎഡിഇഎ കോൺഫറൻസ് ക്യൂറേറ്ററുമായ സന്ധ്യ ഗോപിനാഥ് ഉച്ചയ്ക്കു ശേഷമുള്ള ആദ്യ സെഷൻ നയിച്ചു. തങ്ങളുടെ അധ്യാപന ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ മുഹൂർത്തങ്ങൾ ഓർത്തെടുക്കാനും പങ്കുവയ്ക്കാനും സന്ധ്യ ഗോപിനാഥ് അധ്യാപകരോട് ആവശ്യപ്പെട്ടു. ഇതിലൂടെ കല അധ്യാപകർ എന്ന നിലയിൽ തങ്ങളുടെ ദൗത്യത്തെ നിർവചിക്കാനും അധ്യാപകരെ  പ്രോത്സാഹിപ്പിച്ചു. സന്ധ്യയുടെ ശില്പശാല കണ്ണുതുറപ്പിക്കുന്നതായിരുന്നു എന്നും തങ്ങളുടെ ഉള്ളിലേക്ക് ഇറങ്ങിച്ചെന്ന് എന്തുകൊണ്ട് കല പഠിപ്പിക്കാൻ ആഗ്രഹിക്കുന്നു എന്ന് കണ്ടെത്താൻ സെഷൻ സഹായിച്ചതായും ആർഷ വിദ്യാ മന്ദിറിലെ അധ്യാപിക സരിക കരോളീൻ പ്രതികരിച്ചു. ശില്പശാലയിലൂടെ നിർവചിച്ചെടുത്ത തങ്ങളുടെ ദൗത്യത്തെ ക്ലാസ് റൂമുകളിലേക്ക് കൊണ്ടുപോകുമെന്നും അത് നടപ്പാക്കാനായി സജീവമായി പ്രവർത്തിക്കുമെന്നും സരിക കൂട്ടിച്ചേർത്തു. 

ഇതിനെ തുടർന്ന് പിരമൽ ഫൗണ്ടേഷനിലെ മൊണാൽ ജയറാമും ലാൻഡ് ഫൗണ്ടേഷനിലെ കൃതി സൂഡും സിപിബി പ്രിസം മേധാവി ഗായത്രി നായരും പങ്കെടുത്ത പാനൽ ചർച്ച നടന്നു. പുണെയിൽ നിന്ന് വീഡിയോ കോൺഫറൻസ് വഴിയാണ് മൊണാൽ ചർച്ചയിൽ പങ്കാളിയായത്. സന്ധ്യാ ഗോപിനാഥ് ചർച്ചയ്ക്ക് മോഡറേറ്ററായി.

കൊച്ചി ബിനാലെ ഫൗണ്ടേഷൻ സ്ഥാപകനും പ്രസിഡന്റുമായ ബോസ് കൃഷ്ണമാചാരിയുടെ മുഖ്യപ്രഭാഷണത്തോടെയും മുംബൈയിൽ നിന്നുള്ള രാജ്യാന്തരപ്രശസ്തയായ കലാകാരി ശില്പ ഗുപ്തയുടെ 15 മിനിറ്റ് നീളുന്ന വീഡിയോ കുറിപ്പോടെയുമാണ് കോൺഫറൻസിന് സമാപനമായത്. ബിനാലെയുടെ ലക്ഷ്യം കാഴ്ചക്കാരിൽ കൗതുകം ഉണർത്തുകയും പുതിയതും ആവേശകരവുമായ കല ഇടപെടലുകളിലൂടെ ഒരേ വേദിയിൽ  വിസ്മയം സൃഷ്ടിക്കുകയുമാണെന്നും ബോസ് കൃഷ്ണമാചാരി  പറഞ്ഞു. 'എന്താണ് കല?' എന്ന കോൺഫറൻസ് പ്രമേയത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളാണ് ശില്പ ഗുപ്ത ഹ്രസ്വ  വീഡിയോയിലൂടെ പങ്കുവെച്ചത്.  തന്റെ  സൃഷ്ടികളുമായി സജീവമായി സംവദിക്കാൻ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നതിന് ശ്രദ്ധാപൂർവം രൂപകൽപ്പന ചെയ്ത ആർട്ടിവിറ്റീസ് (Artivities) വർക്ക് ബുക്കും ശില്പ അവതരിപ്പിച്ചു. ഈ വർക്ക് ബുക്കിന്റെ കോപ്പികൾ കല അധ്യാപകരുമായി പങ്കുവെച്ച ശില്പ ഇത് ക്ലാസ് റൂമുകളിൽ ഉപയോഗപ്പെടുത്താമെന്ന് പറഞ്ഞു.

fifth-annual-iadea-art-educators-conference-at-kochi-muziris-biennale-day-2-image-three

ഇന്ത്യയിലെ 15 നഗരങ്ങളിൽ നിന്നായി തങ്ങളുടെ സമയവും പ്രയത്നവും ചെലവാക്കി കൊച്ചിയിലെത്തിയ കോൺഫറൻസ് പ്രതിനിധികൾക്ക് ഐഎഡിഇഎ സ്ഥാപക സാറ വെട്ടത്ത് നന്ദി പറഞ്ഞു. നല്ലൊരു അധ്യാപകനോ അധ്യാപികയോ ആകാൻ തങ്ങളുടെ പഠനയാത്ര തുടർന്നുകൊണ്ടേയിരിക്കണമെന്നും പ്രഫഷണലായി സ്വയം പുതുക്കിക്കൊണ്ട് ഇരിക്കണമെന്നുമുള്ള ആശയത്തെ ഈ പങ്കാളിത്തം ശരിവയ്ക്കുന്നതായും സാറ വെട്ടത്ത് ചൂണ്ടിക്കാട്ടി. ഐഎഡിഇഎയുടെ മറ്റു ശില്പശാലകളെ കുറിച്ചും വിശദീകരിച്ച സാറ ഇവയെ കുറിച്ചുള്ള വിവരങ്ങൾ www.arteducatorsindia.org എന്ന വെബ്സൈറ്റിൽ ലഭ്യമാണെന്നും കൂട്ടിച്ചേർത്തു.

fifth-annual-iadea-art-educators-conference-at-kochi-muziris-biennale-day-2-image-five

വലിയ പാഠങ്ങൾ പകർന്നു തന്ന കോൺഫറൻസ് ആസ്വദിച്ചെന്നും ഇവിടെനിന്നും ലഭിച്ച പുതിയ കാഴ്ചപ്പാടുകളും പഠന ഉപാധികളും തങ്ങളുടെ സ്കൂളുകളിലേക്കും ക്ലാസ് റൂമുകളിലേക്കും കൊണ്ടുപോകുമെന്നും പല കല അധ്യാപകരും അഭിപ്രായപ്പെട്ടു. എന്താണ് കലയായി നിർവചിക്കപ്പെടുന്നതെന്ന്  മനസ്സിലാക്കാൻ ഈ കോൺഫറൻസ് സഹായകമായതായി മധുര ലക്ഷ്മി സ്കൂളിൽ നിന്നുള്ള ബാബു ഭാസ്കർ പറഞ്ഞു." വിവിധ മാധ്യമങ്ങൾ ഉപയോഗിച്ച് പല തരത്തിൽ നിർമ്മിക്കപ്പെട്ട സമകാലിക കലാസൃഷ്ടികൾ കണ്ണുതുറപ്പിക്കുന്നതായിരുന്നു. കലാകാരന്മാരോട് നേരിട്ട് സംസാരിച്ച് അവർ ഈ കലാസൃഷ്ടി നടത്തിയ പ്രക്രിയയെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ സാധിച്ചു. ഇത്തരം പരീക്ഷണങ്ങൾ കലയിൽ നടത്താൻ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കും", അദ്ദേഹം കൂട്ടിച്ചേർത്തു.

ഐഎഡിഇഎയും അതിന്റെ വിജ്ഞാനപങ്കാളികളായ ഫൗണ്ടേഷൻ ഫോർ ഇന്ത്യൻ കണ്ടംപററി ആർട്ട്‌(FICA), ലേണിംഗ് ത്രൂ ആർട്ട്സ് നറേറ്റീവ് ആൻഡ് ഡിസ്കോഴ്സ്(LAND), റെയിൻബോ ഫിഷ് സ്റ്റുഡിയോ, ചെന്നൈ ഫോട്ടോ ബിനാലെ, പിരമൽ ഫൗണ്ടേഷൻ, കൊച്ചി ബിനാലയുടെ ആർട്ട് ബൈ ചിൽഡ്രൻ ഇനിഷ്യേറ്റീവ് എന്നിവരും ചേർന്ന് നടത്തുന്ന കോൺഫറൻസിൽ ശില്‍പശാലകളും പാനല്‍ ചര്‍ച്ചകളും ബിനാലെ കലാകാരന്മാരുടെ അവതരണങ്ങളും കോർത്തിണക്കിയിരിക്കുന്നു. ഡൽഹി, മുംബൈ, ബാംഗ്ലൂർ, ഹൈദരാബാദ്, ഉദയ്പൂർ, ജയ്പൂർ, വഡോദര, ജമ്മു,കൊച്ചി, ഈറോഡ്, മധുരൈ, കോയമ്പത്തൂർ, ഭോപ്പാൽ എന്നിങ്ങനെ ഇന്ത്യയിലെ വിവിധ നഗരങ്ങളിലെ സ്കൂളുകളിൽ നിന്നുള്ള അൻപതിലധികം കല അധ്യാപകർ കോൺഫറൻസിൽ പങ്കെടുത്തു.

5th Annual IADEA Art Educators Conference - Kochi Muziris Biennale - Day 1

കോൺഫറൻസിന്റെ ആദ്യദിനത്തിൽ ശില്‍പിയും ആര്‍ക്കിടെക്റ്റുമായ അസിം വാക്വിഫ്, ചിത്രകാരി ദേവി സീതാറാം,മിക്സഡ് മീഡിയ ആര്‍ടിസ്റ്റ് എം. തംഷാങ്ഫാ തുടങ്ങിയ കലാകാരന്മാരുടെ ഒപ്പം ബിനാലെ വേദികളിൽ ക്യൂറേറ്റഡ് ടൂർ നടന്നു. കലാകാരന്മാർ ഫാബ്രിക്കേറ്റർമാർക്ക് ഏജൻസി നൽകുന്നതിനെപ്പറ്റിയും പരമ്പരാഗതവും  ആധുനികവുമായ കലകളുടെ ഇടയിലെ മായുന്ന അതിർവരമ്പുകളെ പറ്റിയും വാക്വിഫ് സംസാരിച്ചു. പാരാമെട്രിക് ആർക്കിടെക്ചർ ട്രെൻഡിങ് ആകുന്നതിനെക്കുറിച്ച് സംസാരിച്ച അദ്ദേഹം തന്റെ കലയിൽ എപ്രകാരമാണ് കുട്ട നെയ്യുന്ന സങ്കേതങ്ങൾ പ്രയോജനപ്പെടുത്തുന്നതെന്നും പറഞ്ഞു.

പുരുഷാധിപത്യ സ്വഭാവമുള്ള സംസ്കാരത്തിലേക്ക് തന്റെ ചിത്രങ്ങൾ ആഴ്ന്നിറങ്ങുന്നത് എങ്ങനെയാണെന്ന് ദേവി സീതാറാം വിശദീകരിച്ചു. ചിത്രങ്ങളുടെ സെലക്ടീവ് ക്രോപ്പിങ്ങിലൂടെയും ഫ്രെയിമിങ്ങിലൂടെയും താൻ എങ്ങനെയാണ് ചില കാര്യങ്ങൾ പ്രസ്താവിക്കുന്നതെന്നും അവർ പറഞ്ഞു.

കോൺഫറൻസിനെത്തിയവർ ചെറു സംഘങ്ങളായി, ആർട്ട് മീഡിയേറ്റർമാരുടെ സഹായത്തോടെ ആസ്പിൻവാൾ ഹൗസ്, സ്റ്റുഡന്റ് ബിനാലെ, ആനന്ദ് വെയർഹൗസ്, ഡച്ച് ഹൗസ് എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത 40 സൃഷ്ടികൾ ചുറ്റിക്കണ്ടു.

5th Annual IADEA Art Educators Conference - Kochi Muziris Biennale - Day 1

അസോറ ഹോട്ടലിൽ ഒരുക്കിയിരിക്കുന്ന ഉച്ചഭക്ഷണത്തിന്റെ ഇടവേള പോലും പിയർ നെറ്റ്‌വർക്കിങ്ങിനും വിജ്ഞാന പങ്കുവെക്കലിനും അവസരം ഒരുക്കി.കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ പ്രോഗ്രാം മാനേജർ ബ്ലെയ്സ് ജോസഫ് നയിച്ച ഇന്ററാക്ടീവ് ആർട്ട് ശില്പശാല ആയിരുന്നു ഒന്നാം നാളിലെ മറ്റൊരു ആകർഷണം.കലയിലൂടെ സമൂഹ നിർമ്മിതി എന്ന വിഷയത്തിലൂന്നിയായിരുന്നു അദ്ദേഹത്തിന്റെ ശില്പശാല. അധികാര ഘടന ഇല്ലാത്തതും വിനോദപ്രദവുമായ അന്തരീക്ഷം സൃഷ്ടിച്ച് കുട്ടികൾക്കും മുതിർന്നവർക്കും കലയെ സൂക്ഷ്മമായി നിരീക്ഷിക്കാനുള്ള അവസരം ഒരുക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഭാഷയും ശാരീരിക ചലനങ്ങളും കളികളും ഇടകലർത്തിയുള്ള ബ്ലെയ്സിന്റെ ശില്പശാല ആകർഷകവും രസകരവും ആയിരുന്നെന്ന് പിരമൽ ഫൗണ്ടേഷനിലെ പ്രിയം മെഹ്ത അഭിപ്രായപ്പെട്ടു.

5th Annual IADEA Art Educators Conference - Kochi Muziris Biennale - Day 1

ഇതിനെ തുടർന്ന് ബിനാലെ കലാകാരന്മാരായ അസിം വാക്വിഫ്, ദേവി സീതാറാം, എം. തംഷാങ്ഫാ എന്നിവർ പങ്കെടുത്ത പാനൽ ചർച്ച നടന്നു. 'എന്താണ് കല' എന്ന പ്രമേയത്തെ ആസ്പദമാക്കി നടത്തിയ ചർച്ചയ്ക്ക് ഐ എ ഡി ഇ എ സ്ഥാപക സാറ വെട്ടത്ത് മോഡറേറ്ററായി.

5th Annual IADEA Art Educators Conference - Kochi Muziris Biennale - Day 1

ടികെഎം വെയർ ഹൗസിലേക്കുള്ള ഒരു പ്രത്യേക സന്ദർശനത്തോടെയാണ് ഒന്നാം ദിനം അവസാനിച്ചത്. ഇവിടെവെച്ച് ചെന്നൈ ഫോട്ടോ ബിനാലയുടെ സ്ഥാപക ട്രസ്റ്റിയും സിപിബി പ്രിസം മേധാവിയുമായ ഗായത്രി നായർ സി പി ബി ലെൻസ് അധിഷ്ഠിത കലാകാരന്മാരായ പളനികുമാർ, ഋഷി കൊച്ചാർ, ദീപാന്വിത സാഹ എന്നിവരെ പരിചയപ്പെടുത്തി. ഇവരുടെ സൃഷ്ടികൾ കൊച്ചി മുസീരസ് ബിനാലെയുടെ ഭാഗമാണ്.

ദക്ഷിണാഫ്രിക്കൻ കലാകാരൻ വില്യം കെൻട്രിജിന്റെ വീഡിയോ ഇൻസ്റ്റലേഷൻ, ജിതേഷ് കല്ലാട്ട് ക്യൂറേറ്റ് ചെയ്തതും കെ എൻ എം എ അവതരിപ്പിക്കുന്നതുമായ സൃഷ്ടികളുടെ ശേഖരം തുടങ്ങി ഈ വേദിയിലെ മറ്റു പ്രധാന സൃഷ്ടികളും കോൺഫറൻസിൽ പങ്കെടുക്കുന്നവർ സന്ദർശിച്ചു.

5th Annual IADEA Art Educators Conference - Kochi Muziris Biennale - Day 1

പരിപാടിയിൽ നിന്നും പല കാര്യങ്ങൾ പഠിക്കാനായെന്നും ഐ എ ഡി ഇ എ ഭാവിയിൽ സംഘടിപ്പിക്കുന്ന പഠന പരിപാടികൾക്കായി കാത്തിരിക്കുകയാണെന്നും കോൺഫറൻസിൽ പങ്കെടുത്ത കല അധ്യാപകർ അഭിപ്രായപ്പെട്ടു. പഴയതും വീണ്ടെടുത്തതുമായ ഇടങ്ങളിലെ വൈവിധ്യപൂർണ്ണമായ കലാ സൃഷ്ടികളുടെ പ്രദർശനം ആവേശകരമായ അനുഭവമായിരുന്നു എന്ന് ശിവ് നാടാർ സ്കൂളിലെ അനാമിക റോയ് പറഞ്ഞു."ഗൈഡഡ് ടൂറിൽ ആർട്ട് മീഡിയേറ്റർ മിന ആശയങ്ങളും കലാ സങ്കേതങ്ങളും ചിന്തോദ്ദീപകവും മനോഹരവുമായ രീതിയിൽ വിശദീകരിച്ചു. തങ്ങളുടെ ആശയങ്ങൾ പ്രകടിപ്പിക്കാൻ വ്യത്യസ്ത സാമഗ്രികൾ ഉപയോഗിച്ച് കലാകാരന്മാർ നടത്തിയിരിക്കുന്ന പരീക്ഷണങ്ങൾ ഇഷ്ടമായി. ഇതിൽ നിന്ന് ലഭിച്ച അറിവുകൾ എന്റെ വിദ്യാർഥികളുമായി തീർച്ചയായും പങ്കുവയ്ക്കും, " അനാമിക കൂട്ടിച്ചേർത്തു.

Content Summary : 5th Annual IADEA Art Educators Conference - Kochi Muziris Biennale

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com