ADVERTISEMENT

ആഗോളവ്യാപകമായി ഊർജോൽപാദന രംഗത്തെ പ്രതിസന്ധികൾ ചർച്ചയാകുമ്പോൾ നവീന സാധ്യതകൾ പ്രയോജനപ്പെടുത്തി പരിഹാരം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് ഡോക്ടർ ജി. റീനമോൾ നടത്തിയ ഗവേഷണത്തിന് അഭിമാനനേട്ടം. ഈ വർഷത്തെ കൈരളി ഗവേഷണ പുരസ്‌കാരം ലഭിച്ച സന്തോഷത്തിലും ഡോക്ടർ ജി.റീനാമോൾ ചിന്തിക്കുന്നത് തന്റെ പഠനങ്ങൾ എങ്ങനെ സാമൂഹിക പുരോഗതിയ്ക്ക് പ്രയോജനപ്പെടുത്താം എന്നതിനെപ്പറ്റിയാണ്. നിലവിൽ സോളാർ എനർജി ഉപയോഗിച്ച് പ്രവർത്തിക്കുന്ന സിസ്റ്റത്തിന്റെ കാര്യക്ഷമത വർധിപ്പിക്കാനും നിർമാണത്തിന് പരിസ്ഥിതി സൗഹാർദ്ദപരമായ  അസംസ്കൃത വസ്തുക്കൾ ഉപയോഗിക്കാനും ഉള്ള സാധ്യതകൾ ഈ ഗവേഷണം ചൂണ്ടിക്കാണിക്കുന്നു. 

വൈജ്ഞാനിക രംഗത്തെ മികവിനുള്ള പുരസ്‌കാരം മാർത്തോമാ കോളേജിലെ അധ്യാപിക ഡോക്ടർ ജി. റീനമോൾക്ക് ലഭിച്ചതിൽ സന്തോഷവും പ്രതീക്ഷയുമുണ്ട്. പഠന വിഷയങ്ങളെ പുസ്തകങ്ങൾക്കപ്പുറം വിശാലാർഥത്തിൽ സമീപിക്കാനുള്ള പ്രേരണ വിദ്യാർഥികൾക്ക് നൽകാൻ അധ്യാപകർക്ക് കഴിയണം. റീനമോളെ പോലെ പ്രായോഗിക തലത്തിൽ അറിവിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ പ്രവർത്തിക്കുന്ന അധ്യാപകർ തീർച്ചയായും അംഗീകാരങ്ങൾ അർഹിക്കുന്നുണ്ട് - ഡോ. വർഗീസ് മാത്യു (പ്രിൻസിപ്പൽ, മാർത്തോമാ കോളേജ്)

 

കൈരളി ഗവേഷണ പുരസ്‌കാരം റീനമോൾ മിസ്സിന് ലഭിച്ചത് ഒരേ സമയം സന്തോഷവും അഭിമാനവും ഉള്ള കാര്യമാണ്. ഗവേഷണത്തോടുള്ള അതിയായ അഭിനിവേശവും ശാസ്ത്രീയമായ സമീപനവും ഉറച്ച ലക്ഷ്യബോധവുമാണ് ഈ പുരസ്‌ക്കാര നേട്ടത്തിലേയ്ക്ക് മിസ്സിനെ എത്തിച്ചത്. ഭാവിയിലേയ്ക്ക് മുതൽക്കൂട്ടാകുന്ന ധാരാളം പദ്ധതികൾക്ക് മിസ്സിന്റെ ആശയങ്ങൾ വഴി തെളിക്കട്ടെ എന്ന് ആശംസിക്കുന്നു - ഡോ. നീമ അണിമംഗലം (വകുപ്പ് മേധാവി, കെമിസ്ട്രി ഡിപ്പാർട്മെന്റ്)

ഡൈ-സെൻസിറ്റൈസ്ഡ് സോളാർ സെല്ലുകൾ ഉപയോഗിച്ച് താരതമ്യേന കുറഞ്ഞ ചിലവിൽ വ്യവസായിക അടിസ്ഥാനത്തിലും അതേ പോലെ വ്യക്തിപരമായ ആവശ്യങ്ങൾക്ക് വേണ്ടിയും ഊർജോൽപാദനം സാധ്യമാണ്. ഇത്തരം വസ്തുക്കൾ പുനരുപയോഗിക്കാൻ കഴിയുന്നതിനാൽ വിവിധ തലങ്ങളിലെ മലിനീകരണം ഒരു പരിധി വരെ കുറയ്ക്കാനാകും. നേരിട്ടോ അല്ലാതെയോ ഉള്ള സൂര്യപ്രകാശം പ്രയോജനപ്പെടുത്തി സ്വന്തമായി ചാർജ് ആകുന്ന  ഉപകരണങ്ങൾ നിർമിച്ചെടുക്കാനും പറ്റുമെന്നതിനാൽ യാത്രകളിലും മറ്റും ഇവ ഏറെ ഉപകാരപ്രദമാണ്. ഭാവിയിൽ ഇനിയും വൈദ്യുതി എത്താത്ത ഉൾനാടൻ ഗ്രാമങ്ങളിലും സാങ്കേതികമായി പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിലും തന്റെ ഗവേഷണത്തിന്റെ സാധ്യത ഉപയോഗിച്ച് പൊതുജനത്തിന്റെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്ന പദ്ധതികൾ മനസിലുള്ളതായി ഡോക്ടർ ജി. റീനമോൾ അറിയിച്ചു. 

വിദേശത്തും സ്വദേശത്തുമായി ധാരാളം അംഗീകാരങ്ങൾ ലഭിച്ചിട്ടുള്ള വ്യക്തിയാണ് റീനമോൾ മിസ്സ്‌. ഗവേഷണ രംഗത്തെ കാര്യങ്ങൾ പഠിക്കാൻ എല്ലായ്പ്പോഴും പ്രത്യേക താല്പര്യം പ്രകടിപ്പിക്കുന്നതിനൊപ്പ് തന്നെ  അധ്യാപനത്തിലും കോളേജ് പരിപാടികളിലും ഏറെ സജീവമായ ശൈലിയാണ് റീനമോൾ മിസ്സിന്റേത്. സഹപ്രവർത്തക എന്ന നിലയിൽ റീനമോൾ മിസ്സിന്റെ അറിവും പരിചയ സമ്പത്തും നേരിട്ട് മനസിലാക്കാൻ സാധിച്ചിട്ടുണ്ട്.വ്യക്തി ജീവിതത്തിലെ വിവിധ റോളുകൾക്കൊപ്പം കരിയറിലും മികവ് പുലർത്തുന്ന സമീപനം ഏതൊരാൾക്കും പ്രചോദനമാണ്. ഇനിയും നൂതനമായ ആശയങ്ങളുമായി ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു - ഡോ. സൂസൻ തോമസ് (IQAC കോർഡിനേറ്റർ, മാർത്തോമാ കോളേജ്)

 

കെമിസ്ട്രി പ്രധാന വിഷയമായി പഠിക്കുന്ന കുട്ടികൾക്ക് മുൻപിൽ വ്യത്യസ്തമായ ധാരാളം ശാഖകൾ ഉണ്ടെന്നും മറ്റു സയൻസ് വിഷയങ്ങളുമായി യോജിപ്പിച്ചു ഒരു സംരംഭമാക്കി പ്രവർത്തിക്കുന്നതിലൂടെ രാജ്യത്തിന്റെ പൊതു സാമ്പത്തികനില മെച്ചപ്പെടുത്തുന്നതിൽ പങ്കാളികളാവാൻ സാധിക്കുമെന്നും ഡോക്ടർ ജി. റീനമോൾ പറഞ്ഞു. സ്ത്രീകൾ ഉൾപ്പടെ ഗവേഷണ അഭിരുചിയുള്ളവർക്ക് വളർന്നു വരാൻ അനുകൂലമായ ഒരു വിദ്യാഭ്യാസ അന്തരീക്ഷത്തിലേയ്ക്ക് നമ്മുടെ പഠനസമ്പ്രദായം മാറുന്നതിലെ തന്റെ പ്രതീക്ഷയും ഡോക്ടർ റീനമോൾ പങ്കുവെയ്ക്കുകയുണ്ടായി.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com