മലപ്പുറം തുഞ്ചൻ ഉത്സവത്തിന്റെ ഭാഗമായി കോളേജ് വിദ്യാർഥികൾക്കായി നടത്തിയ സാഹിത്യ പ്രശ്നോത്തരിയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി മഹാത്മാഗാന്ധി സർവ്വകലാശാല സ്കൂൾ ഓഫ് ലെറ്റേഴ്സിലെ വിദ്യാർഥികൾ. ഒന്നാം വർഷ ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥി ബിൻഷ അബുബക്കറും, രണ്ടാം വർഷ മലയാളം ബിരുദാനന്തര ബിരുദ വിദ്യാർത്ഥി ആതിര മധുവുമാണ് വിജയികളായത്.
തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ സമഗ്ര സംഭാവനകളെ ഓർമിക്കുവാനും അദ്ദേഹത്തെ ആദരിക്കുവാനും എല്ലാവർഷവും പരിപാടി സംഘടിപ്പിക്കാറുണ്ട്. ഇരുന്നൂറിലധികം വിദ്യാർഥികൾ പങ്കെടുത്ത പരിപാടി തമിഴ് സാഹിത്യകാരൻ പെരുമാൾ മുരുകനാണ് ഉദ്ഘാടനം ചെയ്തത്. വിജയികൾക്ക് സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർ സമ്മാനം നൽകി.
ഈ വർഷത്തെ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ സംസ്ഥാനതല വായന മത്സരത്തിൽ ബിൻഷ ഒന്നാം സ്ഥാനം നേടിയിരുന്നു. സാഹിത്യ പ്രശ്നോത്തരിയിൽ സ്ഥിര വിജയികളാണ് ബിൻഷയും ആതിരയും.