തിരുവല്ല : പരിസ്ഥിതി സൗഹൃദ ബയോനാനോ കോമ്പസിറ്റുകൾ വികസിപ്പിക്കുന്നത് ലക്ഷ്യമാക്കിയുള്ള ഗവേഷണ പദ്ധതിയിൽ ഭാഗമായി എംജി യൂണിവേഴ്സിറ്റിയും മാർത്തോമാ കോളജും. സ്ലൊവേനിയ സർവകലാശാലയ്ക്കൊപ്പമാണ് ഗവേഷണം നടത്തുന്നത്. കാർഷിക മാലിന്യങ്ങളിൽനിന്ന് സ്വാഭാവിക സെല്ലുലോസ്, നാനോ ഫൈബറുകൾ എന്നിവ വേർതിരിച്ചെടുത്ത് കോമ്പസിറ്റുകൾ വികസിപ്പിക്കുന്നതാണ് ഗവേഷണം. മെറ്റീരിയൽ സയൻസ്, സർഫസ് എഞ്ചിനീയറിംഗ്, ഓപ്ടോ ഇലക്ട്രോണിക്സ് മുതലായ മേഖലകളിൽ വിദഗ്ധനായ ജോസഫ് സ്റ്റെഫാൻ സർവകലാശാലയിലെ അധ്യാപകൻ പ്രൊഫ. മിറൻ മൊസെറ്റിക് ആണ് ഗവേഷണ സംഘത്തിലെ സ്ലൊവേനിയൻ പ്രതിനിധി. മഹാത്മാ ഗാന്ധി സർവകലാശാലയില വൈസ് ചാൻസിലർ പ്രഫ. സാബു തോമസും, മാർതോമാ കോളജിലെ രസതന്ത്ര വിഭാഗം അധ്യാപിക ഡോ. ജോസ്മിൻ പി. ജോസുമാണ് മറ്റംഗങ്ങൾ.
മഹാത്മാ ഗാന്ധി സർവകലാശാലയും മാർതോമാ കോളജും ചേർന്നു സമർപ്പിച്ച ഗവേഷണ പ്രോജക്ടിന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് 46 ലക്ഷം രൂപയുടെ ഗ്രാന്റ് അനുവദിച്ചിരുന്നു. ഈ ഗവേഷണത്തിലൂടെ വിവിധ മേഖലകളിൽ മലിനീകരണ നിയന്ത്രണം സാധ്യമാക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് പ്രഫ. മിറൻ മൊസെറ്റിക് എംജി യൂണിവേഴ്സിറ്റി സന്ദർശിച്ച വേളയിൽ അറിയിച്ചു. വൈസ് ചാൻസിലറുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം അദ്ദേഹം കവർജൻസ് അക്കാദമിയ ഹാളിൽ പ്രഭാഷണം നടത്തി.
പാക്കിംഗ് കവറുകൾ, വാഹനങ്ങളുടെ ടയറുകൾ തുടങ്ങിവയുടെ നിർമാണത്തിനും ടിഷ്യു എൻജിനിയറിംഗിലും നിലവിൽ ഉപയോഗിക്കുന്ന പെട്രോളിയം അധിഷ്ഠിത നാനോ കോമ്പസിറ്റുകൾക്ക് പകരം ബയോ നാനോ കോമ്പസിറ്റുകൾ വരുന്നതോടെ മലിനീകരണ തോത് ഗണ്യമായി കുറയ്ക്കാനാകും. ഒപ്പം ഓട്ടോ മൊബൈൽ, ബയോ മെഡിക്കൽ മേഖലകൾ കൂടുതൽ പരിസ്ഥിതി സൗഹൃദമാക്കാനും ഈ പദ്ധതി ഉപകരിക്കുമെന്ന് പ്രഫ. മിറൻ മൊസെറ്റിക് പറഞ്ഞു.
സുസ്ഥിര വികസനത്തിന് പരിസ്ഥിതി സൗഹാർദ സമീപനങ്ങൾ അത്യന്താപേക്ഷിതമാണ്. ദീർഘവീക്ഷണത്തോടെയുള്ള ഇത്തരം പദ്ധതികൾ ഭാവിയെ കൂടുതൽ സുരക്ഷിതവും മികവുറ്റതുമാക്കുമെന്ന് ഡോ. ജോസ്മിൻ. പി. ജോസ് പറഞ്ഞു.