ADVERTISEMENT

കാലം മാറുമ്പോൾ കോലം മാറുന്നു എന്ന ചൊല്ലിനെ സാർത്ഥകമാക്കും വിധമാണ് ഇന്നത്തെ ക്യാമ്പസ് ജീവിതവും. കൈയിൽ പുസ്തകവുമായി പാവാടയുമിട്ട് പോകുന്ന പെൺകുട്ടികളും ബുദ്ധിജീവി ലുക്കും മുണ്ടും ധരിച്ചു വരുന്ന കോളജ് കുമാരന്മാരെയും ഇപ്പോൾ കാണാനാകില്ല. യുവ തലമുറ കെട്ടിലും മട്ടിലും ഇന്ന് 'മോഡേണാണ്'. പാശ്ചാത്യ സംസ്കാരത്തിന്റെ സ്വാധീനം എല്ലാ വിധത്തിലും പ്രകടമാണ്. മുണ്ടും സാരിയും ഇന്ന് ഓണത്തിനു മാത്രമുള്ള ഡ്രസ് കോഡായി ചുരുങ്ങി. വസ്ത്രധാരണത്തിൽ മാത്രമല്ല, നിലപാടുകളിലും കോളജ് വിദ്യാർഥികൾ ആധുനികതയുടെ വക്താക്കളാണ്. ആണും പെണ്ണും ഒന്നിച്ചിരുന്നാൽ മുറുമുറുക്കുന്ന പഴയ തലമുറയെ അവർ ഗൗനിക്കാറേയില്ല. നിഷ്കളങ്കതയല്ല, മറിച്ച് ഉറച്ച നിലപാടുകളാണ് ക്യാമ്പസ് ലൈഫിന്റെ മുഖമുദ്ര. സിനിമകളും സീരീസുകളും ചെലുത്തുന്ന സ്വാധീനവും വളരെ വലുതാണ്. "സേ മൈ നെയിം" എന്ന ഡയലോഗ് പറഞ്ഞാൽത്തന്നെ ഒട്ടുമിക്ക കുട്ടികൾക്കും അതേതു സീരീസാണെന്നത് കണ്ടെത്താൻ ബുദ്ധിമുട്ടില്ല. പെൺകുട്ടികൾക്കിടയിലാണ് ബി.ടി.എസ് ബാൻഡ്, കൊറിയൻ ഡ്രാമ തരംഗമുള്ളത്. ജുങ് കൂക്കും ജിമിനുമൊക്കെ എല്ലാവർക്കും പരിചിതം. 

college-life-in-modern-period2

 

college-life-in-modern-period3

മാറ്റങ്ങൾ ഒരുപാടുണ്ടായെങ്കിലും കാലത്തിനൊത്ത് മാറാത്ത ചിലത് ഇപ്പോഴും ക്യാമ്പസുകളിലുണ്ട്. അതിലൊന്നാണ് മരച്ചുവടുകൾ. അവിടെയാണ് ക്ലാസ് മുറികളിലേക്കാൾ ക്രിയാത്മകമായി വിദ്യാർഥികൾ സംവദിക്കുക. മരച്ചുവടുകൾ വിദ്യാർഥികൾക്ക് എപ്പോഴുമൊരഭയ സ്ഥാനമാണ് കൂട്ടുകാരോടൊത്ത് കുശലം പറയാനും പ്രണയിക്കാനും സംവാദങ്ങൾക്കുമെല്ലാം പറ്റിയ സ്ഥലം. എന്റെ കോളജായ കുറവിലങ്ങാട് ദേവമാതാ കോളജിലാണെങ്കിൽ 'അത്തിമരച്ചോടും' അതിനു കീഴെയുള്ള സ്റ്റോൺ ബെഞ്ചും അറിയാത്തവർ ഇല്ലെന്നു തന്നെ പറയാം. ക്ലാസ് മുറികളിലെ ആൺ-പെൺ ഭേദം പോലും അവിടെ നമുക്ക് കാണാനാകില്ല. കോളജ് ക്യാന്റീനും മരച്ചുവടുകളും കേട്ട കഥകൾക്ക് കണക്കുണ്ടാവില്ല. 

 

കലോത്സവം. എല്ലാം മറന്ന് ഒരേ മനസ്സോടെ കോളജിന്റെ വിജയത്തിനായി പരിശ്രമിക്കുന്ന വിദ്യാർഥികളാണ് ഓരോ കലോത്സവത്തിന്റെയും ഓർമ. കലകളെ നെഞ്ചോട് ചേർക്കുന്നവരെയും ആ വേദികളിൽ നമുക്ക് കാണാനാകും. വിദ്യാർഥികൾ മാത്രമല്ല, കോളജ് അധ്യാപകരും അതിൽ പങ്കാളികളാകും. സ്മാർട് ക്ലാസുകളും സ്മാർട് ടീച്ചേഴ്സുമാണ് ഇന്നുള്ളത്. അതാതു വിഷയങ്ങളിൽ വിദ്യാർഥികൾക്ക് പുസ്തകത്താളുകൾക്കപ്പുറത്തുമുള്ള അറിവുകളെ പകർന്നു നൽകാൻ ഒരു പരിധി വരെ ഇന്റർനെറ്റ് അവരെ സഹായിക്കുന്നു. ഒപ്പം വ്യത്യസ്തങ്ങളായ പരിപാടികളും സംഘടിപ്പിക്കപ്പെടുന്നുണ്ട്. ദേവമാതാ കോളജ് ഭൗതിക ശാസ്ത്ര വിഭാഗം വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച രാത്രികാല വാനനിരീക്ഷണം, കൊമേഴ്സ് വിഭാഗം കുട്ടികളിൽ മാനേജ്മെന്റ് സ്കിൽസ് വളർത്തണമെന്ന ഉദേശ്യത്തോടു കൂടി സംഘടിപ്പിച്ച കാഷ്യസ് ബെല്ലി മാനേജ്‌മെന്റ് ഫെസ്റ്റ്, മലയാള വിഭാഗം സംഘടിപ്പിച്ച സിനിമാ പ്രദർശനം, ഇംഗ്ലീഷ് വിഭാഗം നടത്തിയ ആർത്തവം അശുദ്ധിയുടേതല്ലെന്നു മനസ്സിലാക്കാനായുള്ള എക്സിബിഷൻ തുടങ്ങിയവ ഉദാഹരണങ്ങളാണ്. ഇങ്ങനെ ആധുനികത നമുക്ക് മുന്നിൽ വെക്കുന്ന സങ്കേതങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ട് കാലത്തിന്റെ കയ്യൊപ്പായി തീരുകയാണ് ക്യാമ്പസുകൾ. അവിടെ വിരിയാത്ത യുവത്വത്തിന്റെ സുന്ദര പുഷ്പങ്ങളും വിപ്ലവാത്മകമായ ചിന്തകളും ഇല്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT