Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരലോകത്തേക്കൊരു സെൻഡ്ഓഫ്

പി. കിഷോർ
Funeral

ഈമയൗ സിനിമയിൽ  ശവസംസ്കാരം ഗംഭീരമാക്കുന്നതിന്റെ സ്വപ്നവും യാഥാർഥ്യവുമാണു പ്രമേയം. ഇങ്ങനെയൊരു സ്വപ്നം ലോകമാകെയുണ്ട്. അവസാനയാത്ര അടിപൊളിയാക്കൽ അങ്ങനെ ഈവന്റ് മാനേജ്മെന്റും ബിസിനസും ആയി മാറുന്നു. മരിച്ചയാളിനോ സ്വന്തക്കാർക്കോ കാശുണ്ടായാൽ മാത്രം മതി, സംസ്കാരം സൂപ്പറാക്കി തരും.

അമേരിക്കയിലും ബ്രിട്ടനിലുമൊക്കെ അതിന് നേരത്തേ പണം കൊടുത്തു വയ്ക്കലും ഇൻഷുറൻസും വരെയുണ്ട്. പ്രീപെയ്ഡ് ഫ്യൂണറൽ പ്ലാൻ എന്നാണ് ബ്രിട്ടനിൽ പറയുക. അമേരിക്കയിലാവുമ്പോൾ പേരിൽ ശകലം മാറ്റം വരുത്തണമല്ലോ. ബ്രിട്ടനിലെ ഹൗസ്‌വൈഫ് അമേരിക്കയിലെത്തുമ്പോൾ ഹോംമേക്കർ ആയി മാറുന്ന പോലെ. അമേരിക്കയിൽ പ്രീനീഡ് എന്നാണു പറയുക. അതായത് ജീവിച്ചിരിക്കുമ്പോൾ തന്നെ ഏതു തരം സംസ്കാരം വേണമെന്നു തീരുമാനിക്കുക. പെട്ടി ഏതു തരം, കരിവീട്ടിയുടെ വേണോ, പാട്ടു വേണോ, വിലാപയാത്ര വേണോ...അതിനൊക്കെ പാക്കേജുകളുണ്ട്. അതു നൽകുന്ന ഏജൻസി അഥവാ അണ്ടർ ടേക്കറിൽനിന്ന് നേരത്തേ പ്ലാൻ എടുത്തുവച്ചാൽ മനഃസമാധാനത്തോടെ ഇഹലോകവാസം വെടിയാം. 

പല രാജ്യങ്ങളിലും ഇൻഷുറൻസുണ്ട്. ഫൈനൽ എക്സ്പെൻസ്, ഓവർ ഫിഫ്റ്റീസ് എന്നൊക്കെ പേരുകളിലുള്ള ഇൻഷുറൻസ് പദ്ധതികളാണ്. നമ്മുടെ എൽഐസിക്ക് ജീവൻ ആനന്ദ്  എന്ന പേരിൽ പോളിസി ഉള്ള പോലെ ഇത് മരണാനന്ദ്! തവണകളായി ഇൻഷുറൻസ് പ്രീമിയം അടയ്ക്കാം. സാധാരണ ലൈഫ് പോളിസികളിൽ പ്രായവും അസുഖങ്ങളും മറ്റും അനുസരിച്ച് പ്രീമിയം തുക കൂടുകയും കുറയുകയും ചെയ്യുംപോലെ ഇതിലുമുണ്ട്. വേഗം തട്ടിപ്പോകുമെന്നു തോന്നിയാൽ പ്രീമിയം തുക കൂടും. എങ്കിലും എപ്പോൾ മരിച്ചാലും സംസ്കാരച്ചെലവ് പോളിസി അനുസരിച്ച് ഇൻഷുറൻസ് കമ്പനിയിൽനിന്നു ക്ല‌െയിം ചെയ്യാം. അതല്ലെങ്കിൽ സംസ്കാരം നടത്തിയ ഏജൻസിയുടെ ബിൽ ഇൻഷുറൻസ് കമ്പനി കൊടുക്കും.

അമേരിക്കയിൽ മാന്യമായ സെൻഡ്ഓഫിന് ശരാശരി 9000 ഡോളർ ചെലവുണ്ടത്രെ. സുമാർ ആറു ലക്ഷം രൂപ. സംസ്കരിക്കുന്ന സ്ഥലത്തിന്റെ വില ഇതിലുൾപ്പെടുന്നില്ല. ആയിരക്കണക്കിനു ഡോളർ  അതിനു വേറേ കൊടുക്കണം. ചെലവുകൾ കേട്ടാൽ നമ്മൾ ഭാഗ്യവാൻമാരെന്നു തോന്നും. ചില രാജ്യങ്ങളിൽ ഇൻഷുറൻസ് കമ്പനിയുടെ പാനലിലുള്ള ഏജൻസിയെക്കൊണ്ടു തന്നെ സംസ്കാരം നടത്തിക്കുകയും വേണം. അതിലും വിചിത്രം സംസ്കാരം സംഘടിപ്പിക്കുന്ന അണ്ടർടേക്കർ വഴി അതിനു വായ്പ കൊടുക്കുന്ന കമ്പനികളുണ്ടെന്നാണ്. 35% വരെ പലിശ വന്നേക്കാം. വണ്ടി വാങ്ങുമ്പോൾ വാഹന ഡീലർ വഴി തന്നെ വായ്പയും വരുന്ന പോലാണിതും. തവണകളായി അടച്ചു തീർക്കേണ്ടത് വായ്പയെടുക്കുന്ന ബന്ധുവാണ്. 

സായിപ്പിന്റെ നാടുകളിൽ മാത്രമല്ല നമ്മുടെ നാടുകളിലും സെൻഡ്ഓഫ് ബിസിനസ് വളർന്നു വരുന്നുണ്ട്. മരണവീട്ടിൽ ബന്ധുക്കൾ മരവിച്ചിരിക്കുമ്പോൾ അവർ നൽകുന്നത് ബിസിനസ് എന്നതിനേക്കാളും സേവനമാണ്. വേണ്ടപ്പെട്ടവർ അന്യനാട്ടിലാണെങ്കിൽ സൗകര്യമാണ്. പന്തൽ, ഗായകസംഘം, ബാൻഡ്, വിലാപയാത്ര, ലഘുഭക്ഷണം, മരിച്ചയാളിന്റെ ഫ്ലെക്സ് ബോർഡുകൾ, വിഡിയോ എന്നിങ്ങനെ. പെട്ടി 5000 രൂപ മുതൽ ഒരു ലക്ഷത്തിലേറെ റേഞ്ചിലുണ്ട്. സംസ്കാരത്തിന് ലക്ഷങ്ങൾ ചെലവു വരുത്താം. അനേകർക്ക് അതു മാന്യമായ ജീവിതമാർഗവുമാണ്.മരിക്കുന്നതിനു മുമ്പു നേരത്തേ തന്നെ ബുക്ക് ചെയ്യുന്നവരുണ്ട്. പക്ഷേ പണം നേരത്തേ കൊടുത്തുവയ്ക്കലില്ല. ഇൻഷുറൻസ് പദ്ധതികളും ആയിട്ടില്ല. 

ഒടുവിലാൻ ∙ അമേരിക്കയിൽ ശവശരീരം സ്വന്തം വീട്ടിൽ വയ്ക്കാനൊക്കില്ല. ഫ്യൂണറൽ ഹോമിലേക്കു മാറ്റണം. പിന്നെ എല്ലാവർക്കും സൗകര്യമുള്ള ദിവസമാണു സംസ്കാരം. അതു കണ്ടിട്ട് പ്രവാസം മതിയാക്കി നാട്ടിലേക്കു തിരിച്ചെത്തുന്നവരുണ്ട്. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam