Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടവറുകൾ പങ്കിടാം, സ്റ്റിക്കർ പതിക്കാം; കൈ പിടിച്ചു കാല് വാരാം

പി . കിഷോർ
coopetition-business-strategy-business-tricks

ബിസിനസുകളെല്ലാം ഇപ്പോൾ പരസ്പര മൽസരത്തിനു പുറമേ പരസ്പര സഹകരണത്തിലുമാണ്. പരസ്പരം രൂക്ഷ മൽസരം നടത്തുമ്പോഴും പരസ്യങ്ങളിലൂടെ എതിരാളിയെ താറടിക്കുമ്പോഴും അടിയിൽ അവർ സഹകരിക്കുന്നുണ്ടാവും. അതിന് മാനേജ്മെന്റ് ശാസ്ത്രത്തിൽ പേരുമുണ്ട്. കോ ഓപ്പറ്റീഷൻ അഥവാ കോ ഓപ്പറേറ്റിവ് കോംപറ്റീഷൻ.

കഴിഞ്ഞ മഴക്കാലത്ത് കേരളത്തിലെ ടെലികോം കമ്പനികൾ തമ്മിൽ കോ ഓപ്പറ്റീഷനായിരുന്നു. കേടായ ടവറുകൾ നന്നാക്കി കൊടുക്കാനും ഡീസൽ നിറച്ചു കൊടുക്കാനമെല്ലാം സഹകരണം. അതിനുംമുമ്പേ അവരുടെ കമ്പനികൾ തന്നെ കോ ഓപ്പറ്റീഷൻ തുടങ്ങിയിരുന്നു. ഭാരതി എയർടെല്ലും ഐഡിയയും വോഡഫോണും ചെലവു കുറയ്ക്കാൻ ടവറുകൾ പങ്കുവയ്ക്കാൻ തുടങ്ങി. ടവറുകൾ ഓരോരുത്തരും ഉണ്ടാക്കുകയും നടത്തുകയും വാടക കൊടുക്കുകയും ചെയ്യുന്നതിന്റെ മെനക്കേട് കുറഞ്ഞു.

പതിറ്റാണ്ടുകൾക്കുമുമ്പ് ബഹുരാഷ്ട്ര കമ്പനികൾ നടത്തിയ കോ ഓപ്പറ്റീഷൻ പ്രശസ്തമാണ്. ഇന്റലും കംപ്യൂട്ടർ കമ്പനികളും ചേർന്നായിരുന്നു സഹകരണം. കംപ്യൂട്ടറുകളുണ്ടാക്കുന്നത് ഡെൽ, എച്ച്പി, ലെനൊവൊ, ആപ്പിൾ ഏതുമാകട്ടെ. മൈക്രോപ്രോസസർ ഇന്റലിന്റേത്. അങ്ങനെയാണ് അവരുടെ കംപ്യൂട്ടറുകളുടെ പുറത്ത് ഇന്റൽ ഇൻസൈഡ് എന്ന സ്റ്റിക്കർ വന്നത്. മൈക്രോ പ്രോസസർ ഉണ്ടാക്കുന്നതിൽ ഇന്റലിനെ വെല്ലാൻ ആരുമില്ലായിരുന്നു.

ഇതേ മാതിരി സഹകരണം നടത്തിയിരുന്നെങ്കിൽ കൊഡാക് കമ്പനി രക്ഷപ്പെട്ടുപോയേനെ. ഫോട്ടോഫിലിം ഉണ്ടാക്കിയിരുന്ന കൊഡാക് ആ രംഗത്ത് ഒന്നാമനായിരുന്നു. ഡിജിറ്റൽ ക്യാമറയും അവരാണ് ആദ്യം നിർമ്മിച്ചത്. പക്ഷേ ഫിലിം ബിസിനസ് പൂട്ടിപ്പോവുമോ എന്നു പേടിച്ച് ഡിജിറ്റൽ സാങ്കേതികവിദ്യ അവർ ഒതുക്കിവച്ചു. 

മൊബൈൽ ഫോണുകൾ വന്നപ്പോൾ അവർക്ക് അതിനുള്ള ക്യാമറകൾ നിർമ്മിച്ചു നൽകാമായിരുന്നു. മൊബൈൽ ഫോണുകളിൽ കൊഡാക് ഇൻസൈഡ് എന്നൊരു സ്റ്റിക്കറും വയ്ക്കാനുള്ള സാധ്യതയുണ്ടായിരുന്നു. അങ്ങനെ മൊബൈലുകൾക്കു വേണ്ട ക്യാമറകൾ ഉണ്ടാക്കി നൽകിയിരുന്നെങ്കിൽ കമ്പനി പാപ്പർ ഹർജി നൽകി മാഞ്ഞുപോവില്ലായിരുന്നു.

നമ്മുടെ നാട്ടിൽ റിസോർട്ടുകളും ഹോട്ടലുകളും തമ്മിൽ സഹകരണമുണ്ട്. പരിസരത്തൊടു വൻകിട റിസോർട്ട് ഉണ്ടെങ്കിൽ ചെറുകിട റിസോർട്ടുകൾക്കു കോളാണ്.  മുറികൾ നിറഞ്ഞിട്ട് അതിൽ കൊള്ളാതെ വരുന്ന അതിഥികളെ പരിസരത്തെ ചെറിയ റിസോർട്ടുകളിലേക്കു പറഞ്ഞുവിടും. സ്പിൽ ഓവർ അതിഥികളാണ്. സ്വന്തമായി മാർക്കറ്റിങ് നടത്താതെ ഇങ്ങനെ അയലത്തെ വല്യേട്ടന്റെ അധികപ്പറ്റ് അതിഥികളെ കൊണ്ടു മാത്രം ജീവിച്ചുപോകുന്ന അനേകം ഹോട്ടലുകളുണ്ട്. വല്യേട്ടന് വലിയ നെറ്റ്‌വർക്കും പരസ്യങ്ങളും മാർക്കറ്റിങ് സംവിധാനവും കാണും. വാഴ്യ്ക്കു നനയ്ക്കുമ്പോൾ ചീരയും നനയുമെന്ന പഴഞ്ചൊല്ലും ഇതാണ്ടിതു തന്നെ.

സാദാ ബാർ ഹോട്ടലുകൾക്കു മുന്നിൽ കപ്പലണ്ടിയും പുഴുങ്ങിയ മുട്ടയും വിൽപ്പന ഇമ്മാതിരി സഹകരണത്തിനൊരു ചെറുകിട ഉദാഹരണമാണ്. ഹോട്ടലിൽ ഇതൊന്നും കിട്ടാഞ്ഞിട്ടല്ല. വില കുറവായതുകൊണ്ടു പുറത്തിറങ്ങി വാങ്ങും. 

വെജിറ്റേറിയൻ ഹോട്ടലുകൾ സംയുക്തമായി പച്ചക്കറിയും പലവ്യഞ്ജനവും തമിഴ്നാട്ടിൽ നിന്ന് ഒരുമിച്ചു വാങ്ങുന്നു. വൻ തോതിലുള്ള ഓർഡർ ആയതിനാൽ വില കുറച്ചു കിട്ടും. അങ്ങനെ വലിയ ലോറികളിൽ ഒരുമിച്ചു കയറ്റി അയയ്ക്കുന്ന സാധനങ്ങൾ അവരവരുടെ ആവശ്യത്തിനുള്ളതു മാത്രം ഹോട്ടൽ പടിക്കൽ ഇറക്കുന്നു. ഓരോ കടക്കാരും പ്രത്യേകം വാങ്ങുന്നതിനെക്കാൾ എന്തു ലാഭം!

മിക്ക വെജ് ഹോട്ടലുകളിലും വിഭവങ്ങൾക്ക് ഒരേ രുചിയുടെ കാരണവും ഇതായിരിക്കാം.

ഒടുവിലാൻ∙ സർക്കാർ വക ഹോട്ടലുകളിൽ വേറൊരു തരം സഹകരണമുണ്ട്. അവിടെ മുറി തിരക്കി വരുന്നവരോട് ഒഴിവുണ്ടെങ്കിലും ഇല്ലെന്നു പറയും. എന്നിട്ട് അടുത്തുളള സ്വകാര്യ ഹോട്ടലുകളിൽ മുറി ഒപ്പിച്ചു കൊടുക്കും. കമ്മിഷൻ കിട്ടുമെന്നു പ്രത്യേകം പറയേണ്ടല്ലോ. അതൊരു തരം കോ ഒപ്പിക്കലീഷൻ.