Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെറുപ്പക്കാർക്കു ക്ഷാമം; ജപ്പാന്റെ നോട്ടം കേരളത്തിൽ

പി. കിഷോർ
job-opportunities-in-japan-business-boom

ടി.വി.തോമസ് വ്യവസായ മന്ത്രിയായിരിക്കെ നിക്ഷേപം തേടി ജപ്പാനിൽ പോയതു വൻ വിവാദമായതാണ്. ജപ്പാനിൽനിന്നു തോഷിബ വന്ന് തോഷിബ ആനന്ദ് എന്ന സംയുക്ത സംരംഭം (ജെവി) തുടങ്ങി. ഹിറ്റാച്ചിയിലൂടെ അങ്കമാലി ടെൽക്കും കുബോട്ടയിലൂടെ കാംകോയും ഉണ്ടായി. അതിനുശേഷവും കേരളത്തിൽ ജപ്പാൻ നിക്ഷേപങ്ങളേറെ വന്നിട്ടുണ്ട്. ടെറുമോ പെൻപോൾ, നിറ്റ ജലാറ്റിൻ, ഫ്രാസ്കോ തുടങ്ങിയവ ഉദാഹരണം. ഷിപ്‌യാഡിനു മിറ്റ്സുബിഷിയും എഫ്എസിറ്റിക്ക് ദായിച്ചിയും സഹായിച്ചിട്ടുണ്ട്. മട്ടന്നൂരിലൊരു ജപ്പാൻ മാലിന്യ സംസ്ക്കരണ പ്ളാന്റ് വരുന്നു.

പിന്നീട് ഇന്തോ ജപ്പാൻ ചേംബർ ഓഫ് കോമേഴ്സ് കേരള (ഇൻജാക്ക്) വന്നു, ജപ്പാനിൽ പോയി പഠിച്ചവരുടെ അലംനൈ സൊസൈറ്റി (എഎസ്എ) വന്നു. ഇപ്പോഴിതാ ജപ്പാനുമായുള്ള സഹകരണം വേറൊരു തലത്തിലെത്തിക്കാനുള്ള പുറപ്പാടിലാണ് നമ്മൾ മാത്രമല്ല ജപ്പാൻകാരും.

ജപ്പാൻകാർക്കു കേരളത്തെക്കൊണ്ടു ചില ആവശ്യങ്ങളുണ്ട്. ജപ്പാൻ വൃദ്ധരുടെ രാജ്യമാണ്. ചെറുപ്പക്കാർക്കു ക്ഷാമം. വെറും ചെറുപ്പക്കാരായാൽ പോരാ പണി അറിയണം. നമ്മൾ എൻജിനീയർമാരെയും ടെക്നീഷ്യൻമാരെയും ജപ്പാൻ ഭാഷയും അവർക്ക് ആവശ്യമുള്ള തരം പണികളും പഠിപ്പിച്ചു വിട്ടാലോ? അവരും രക്ഷപ്പെടും, ജപ്പാനും പ്രയോജനപ്പെടും. 

ജപ്പാൻകാർ മീൻ ഏതാണ്ട് പച്ചയ്ക്കു തിന്നുന്നവരാണെന്നറിയാമല്ലോ. ഐസിലിട്ടു വയ്ക്കാതെ ഫ്രഷ് ആയിരിക്കണം മീൻ, അതു വെട്ടി വൃത്തിയാക്കി ചെറു കഷണങ്ങളാക്കി ചെറുതായൊന്നു ചൂടാക്കിയിട്ട് ചോറും പലതരം സാധനങ്ങളും ചേർത്ത് സുഷി ഉണ്ടാക്കി കഴിക്കും. കേൾക്കുമ്പോൾ തന്നെ മലയാളിക്കു മനം മറിക്കുമെങ്കിലും അതിന്റെ കൂടെ കുടിക്കുന്ന സാക്കെ മുഷിയില്ല. അരിയിൽ നിന്നു വാറ്റിയെടുക്കുന്ന ചാരായമാകുന്നു സാക്കെ. 15% ആൽക്കഹോൾ മാത്രമാകയാൽ കുടിച്ചുകൊണ്ടേ ഇരിക്കാം. ജപ്പാൻകാർക്കു ചൂരയും നെയ്മീൻ ചൂരയും ജീവനാകുന്നു. കേരള തീരത്ത് യെല്ലോഫിൻ ട്യൂണ എന്ന ടൈപ്പ് ചൂര ധാരാളം. ബ്ളൂഫിൻ ട്യൂണയും കുറവില്ല. ജപ്പാൻകാർക്കു വേണ്ടി അതു പിടിച്ച് ചൂടോടെ അങ്ങോട്ടു കയറ്റി അയച്ചാൽ കാശിങ്ങു പോരില്ലേ?

ജപ്പാൻ അംബാസഡർ കെൻജി ഹിരാമറ്റ്സുവിന്റെ സംരംഭക യോഗത്തിൽ ജപ്പാൻ വ്യവസായി കിയോഷി കിമുറ വന്നിരുന്നു. കോടീശ്വരനായ 'ആള് ജപ്പാനാണ്’. സ്വന്തം പേരിലെ ആദ്യ അക്ഷരങ്ങൾ ചേർത്തുണ്ടാക്കിയ കിയാമുറ കോർപ്പറേഷന്റെ പ്രസിഡന്റാണ്. ഒന്നര ടൺ തൂക്കമുള്ള ബ്ളൂഫിൻ ട്യൂണ പിടിച്ചപ്പോൾ 17 ലക്ഷം ഡോളറിന് അതിനെ മൊത്തത്തിൽ  വാങ്ങി ലോകപ്രശസ്തനായ ചരിത്രമുണ്ട്. ഒറ്റ മീനിനു വില 12 കോടി രൂപ! ഈ വിലയ്ക്കു വാങ്ങിയ മീനിനെ എങ്ങനെ തിന്നാൻ തോന്നുമോ!

ജപ്പാനുമായി ചേർന്നു 100 സംയുക്ത സംരംഭങ്ങളുണ്ടാക്കുകയാണ് ഇൻജാക്കിന്റെ ലക്ഷ്യം. മീൻ കയറ്റുമതിയും ഭക്ഷ്യ സംസ്ക്കരണവും മെഡിക്കൽ ഉപകരണ നിർമ്മാണവും തുടങ്ങി കുറേ മേഖലകൾ നോക്കി വച്ചിട്ടുണ്ട്. ഇനിയും പുതിയ മേഖലകൾ കണ്ടെത്താൻ ജപ്പാൻകാർ വരും. ഏതാണു ക്ളിക് ചെയ്യുന്നതെന്നറിയില്ല. ഏതിലെങ്കിലും പിടിച്ചുകിട്ടിയാൽ രക്ഷപ്പെട്ടു. 

അതെന്തായാലും ജപ്പാൻകാർക്ക് മലയാളികളെ വേണം. സോഫ്റ്റ്‌വെയർ വിഷയത്തിൽ അവർ അത്ര മുന്നോക്കമല്ല. റൂബി എന്നൊരു കംപ്യൂട്ടിങ് ഭാഷയുണ്ടാക്കിയിട്ടുണ്ട്. ജപ്പാൻ ഭാഷയും റൂബിയും പഠിച്ചാൽ ജപ്പാൻകാർക്കു പെരുത്തിഷ്ടമായേക്കും. ഒരു ജപ്പാൻകാരിയേയും കെട്ടി അവിടങ്ങു കൂടാം. ജപ്പാൻകാരെ മലയാളികളാക്കാതിരുന്നാൽ മതി.

ഒടുവിലാൻ∙മലയാളി വലുതായി ക്ളച്ച് പിടിക്കാത്ത സ്ഥലമാണു ജപ്പാൻ. രണ്ടാം ലോകമഹായുദ്ധ കാലത്തെ നായർസാൻ പോലെ ചില മലയാളി സാൻമാരുണ്ടെന്നു മാത്രം. ഇനി ജപ്പാനിൽ മലയാളി സമാജങ്ങളും അവരുടെ വക തമ്മിലടിയും തുടങ്ങാവുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.