Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കല്യാണം കഴിയുന്നതുവരെ ജോലി; സുഖിമാന്‍മാരുടെ സ്വന്തം കേരളം

പി. കിഷോര്‍
kerala-women-resign-job-after-marriage

ഉത്തര കേരളത്തിലെ ഒരു ഫാക്ടറിയിൽ ജോലി സമയം രാവിലെ എട്ടേ മുക്കാ‍ൽ  മുതൽ വൈകിട്ട് അഞ്ചേകാൽ വരെയാണ്. ഭൂരിപക്ഷവും എട്ടു മണിക്കൂർ ജോലിക്കു പകരം ഏഴര മണിക്കൂർ മാത്രം. മികച്ച ശമ്പളം ഉണ്ടായിട്ടും ജോലിക്കെത്തുന്നവരിൽ പാതിയും കല്യാണം കഴിയുന്നതോടെ മതിയാക്കുന്നു.

കേരളത്തിൽ മാന്യുഫാക്ചറിങ് വ്യവസായം നടത്തിയാൽ ഇങ്ങനെ അനേകം പ്രത്യേകതകളുണ്ട്. ഇവിടെ സമയം എട്ടിനു പകരം എട്ടേ മുക്കാൽ ആയതിനു കാരണം സ്ത്രീകൾക്ക് കുട്ടികളെ ഒരുക്കി സ്കൂളിൽ വിട്ടിട്ടേ ജോലിക്കെത്താൻ പറ്റൂ എന്നതാണത്രെ. ഷിഫ്റ്റ് സമയം ഏഴര മണിക്കൂറായിരിക്കുന്നതോ? വൈകിട്ട് ആറിനു മുൻപു വീട്ടിലെത്തണം. 6 കഴിഞ്ഞ് റോഡിലൂടെ നടക്കുന്നത് അത്ര ശരിയല്ലത്രെ. അതിനാൽ അഞ്ചേകാലിനിറങ്ങി ആറിനു മുൻപു വീടു പിടിക്കുന്നു.

ജോലിക്കെത്തുന്നവരിൽ പാതിയും കല്യാണം കഴിയുന്നതോടെ മതിയാക്കുന്നത്, ഭാര്യ ജോലിക്കു പോകുന്നതു ഭർത്താവിന് ഇഷ്ടമില്ലാത്തതുകൊണ്ടാണത്രെ. വീടുണ്ട്, പറമ്പിൽ തേങ്ങയും ചക്കയും മാങ്ങയും വാഴയുമുണ്ട്. സുഖമായിക്കഴിയാം. അഭിവൃദ്ധിപ്പെടണമെന്ന ആഗ്രഹമില്ല. അതിനാൽ ശമ്പളം ഉപേക്ഷിക്കാൻ മടിയില്ല. കമ്പനിയിൽ ആകെ 800 പെണ്ണുങ്ങൾ മാത്രമേ ഉള്ളൂവെങ്കിലും തയ്യൽ ജോലിക്ക് ഇതിനകം 5000 പേരെയെങ്കിലും പരിശീലിപ്പിക്കേണ്ടിവന്നത് അതുകൊണ്ടാണ്. പണി പഠിച്ചു കഴിഞ്ഞവർ കല്യാണമാകുമ്പോഴേക്കും പിരിയുന്നു.

ഇങ്ങനെ ത്യാഗം സഹിച്ച് എന്തിനാ വ്യവസായി ഇവിടെ ബിസിനസ് നടത്തുന്നതെന്ന ചോദിച്ചാൽ മലയാളികൾക്കുള്ളൊരു ഗുണമുണ്ട്.  പണി വേഗം പഠിച്ചെടുക്കും. പണിയുടെ നിലവാരവും കൊള്ളാം. മിക്ക സംസ്ഥാനങ്ങളിലും ഇതുണ്ടാവില്ല. മുംബൈയിൽ ഇതേ ബിസിനസ് നടത്തിയാലോ? അവിടെ മറാഠികൾക്ക് ഇതേ നിലവാരം ഉണ്ടാകണമെന്നില്ല. പക്ഷേ കൃത്യമായി വരും, പണിയെടുക്കും. അത്തരം തൊഴിൽ സംസ്ക്കാരം അവിടെയുണ്ട്. വച്ചടി കേറണമെന്ന ത്വരയുണ്ട്. ഒരു കുടുസ് ഫ്ളാറ്റ് വാങ്ങണമെങ്കിൽപോലും ജോലി ചെയ്തു കാശ് സമ്പാദിച്ചേ പറ്റൂ. കേരളത്തിലെങ്ങുമില്ലാത്തതും അതാകുന്നു.

സുഖിമാൻമാരുടെ സ്വന്തം നാടാകുന്നു കേരളം. മാതാപിതാക്കൾക്ക് പെൻഷനുണ്ടാവാം. അങ്ങനെ പുട്ടടിച്ച് പിഎസ്‌സി ടെസ്റ്റും എഴുതി നടക്കും. കമ്പനികൾക്കു വേണ്ടി ഇന്റർവ്യൂ നടത്തുമ്പോൾ ചിലരുടെ ചോദ്യമുണ്ടത്രെ: ടാർഗറ്റ് ഉണ്ടോ? ഉണ്ടെന്നു പറഞ്ഞാലുടൻ സ്ഥലം കാലിയാക്കും. ടാർഗറ്റ് നേടേണ്ട പണിയൊന്നും ചെയ്യാൻ വയ്യ. സർക്കാർ ജോലിയുടെ ശകലം നേർപ്പിച്ച പതിപ്പാണ് അവർ സ്വകാര്യ മേഖലയിലും പ്രതീക്ഷിക്കുന്നത്.

ലക്ഷം പേരുണ്ടെന്നാകിൽ ലക്ഷണമൊത്തവരൊന്നോ രണ്ടോ എന്നു പറയുംപോലെ, ജോലിക്ക് കൊള്ളാവുന്നവരെ കിട്ടാനാണു പാട്. കിട്ടിയാൽ നിലനിർത്താനും.

ഒടുവിലാൻ∙ഫാക്ടറിയിലോ ഓഫിസിലോ എത്തിപ്പറ്റാൻ പ്രയാസമാണോ? രുചികരമായ ഉച്ചഭക്ഷണം ഫ്രീയായി കൊടുക്കണം. ഫുഡ് കോർട്ട് തന്നെ നടത്തി കമ്പനിയിലേക്കു വരാൻ അതൊരു ചൂണ്ടയാക്കാം.