Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുസ്തക ബിസിനസിൽ കഥയല്ല കാര്യം

Author Details
173028299

ഡീമോണിറ്റൈസേഷൻ എന്ന നോട്ട് റദ്ദാക്കലിനെക്കുറിച്ച് പുസ്തകങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ആദ്യം സംഭവം, പിന്നെ ചരിത്രം, അതിനും മുൻപേ പുസ്തകം എന്നതാണല്ലോ ലൈൻ. മോദി ഗുജറാത്തിൽനിന്ന് ഉദയം ചെയ്യുന്നതു കണ്ടപ്പോഴേ അതേക്കുറിച്ചു ഗവേഷണം നടത്തി മോദി പ്രധാനമന്ത്രിയായ ഉടൻ പുസ്തകം ഇറക്കി നാലുകാശല്ല നല്ല പോലെ കാശുണ്ടാക്കിയിട്ടുണ്ട് പലരും. ശശി തരൂരിനെ കണ്ടു പഠിക്കൂ. സായിപ്പിനെ മുച്ചൂടും ചീത്തപറഞ്ഞു ബ്രിട്ടിഷ് ഭരണത്തെക്കുറിച്ചെഴുതിയ പുസ്തകം ചൂടപ്പം പോലാണു വിറ്റുപോകുന്നത്. ഇരുണ്ട കാലഘട്ടം (ആൻ ഈറ ഓഫ് ഡാർക്നെസ്) തരൂർ ഈയിടെ ഓക്സ്ഫഡിൽ നടത്തിയ പ്രസംഗത്തിന്റെ വലിയ രൂപമാണ്. വെറുമൊരു കോർപറേറ്റ് കമ്പനിയായിരുന്ന ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യയെ കീഴടക്കി സമ്പദ് വ്യവസ്ഥയെ തകർത്തു ഭരിച്ചതാണു വിഷയം. വ്യവസായ വിപ്ളവം വന്നുകേറി യൂറോപ്പ് മുന്നേറുന്നതിനു മുൻപ് പതിനഞ്ചാം നൂറ്റാണ്ടിലൊക്കെ ഇന്ത്യയും ചൈനയും ചേർന്നാൽ ലോക സമ്പദ് വ്യവസ്ഥയുടെ 25% വരുമായിരുന്നത്രെ.
 
പുസ്തക ബിസിനസിൽ ഫിക്‌ഷനെ (കഥ) പിന്തള്ളി നോൺഫിക്‌ഷൻ (കാര്യം) മുന്നേറുന്ന കാഴ്ചയാണ് 2016ൽ കണ്ടത്. ചരിത്രവും കടുകട്ടി ശാസ്ത്രവും രാഷ്ട്രീയവുമെല്ലാം നോവലുകളേക്കാൾ വൻ വിൽപനയായിരുന്നു. കാൾമാർക്സിന്റെ ജീവചരിത്രം കേംബ്രിജ് യൂണിവേഴ്സിറ്റി പ്രഫസർ എഴുതിയത് മുതലാളിത്ത രാജ്യങ്ങളിലാകെ വിറ്റ് ലാഭം കൊയ്യുന്നതു വൈരുധ്യാത്മകം തന്നെയെന്നതിൽ സംശയമില്ല. കാൾ മാർക്സ്–മഹത്വവും മിഥ്യയും (ഗ്രേറ്റ്നെസ് ആൻഡ് ഇല്യൂഷൻ) എന്നാണ് ഗാരെത്ത് സ്റ്റെഡ്മാൻ ജോൺസ് എഴുതിയ പുസ്തകത്തിന്റെ പേര്. മാർക്സിനോടുള്ള ബഹുമാനം കൊണ്ടു പുസ്തകം വാങ്ങി വായിക്കുന്നവർ കേരളത്തിലുമേറെ.


പക്ഷേ, മാർക്സിനേക്കാളും വിൽപന നേടിയത് സാഹിത്യ നൊബേൽ സമ്മാനിത റഷ്യൻ പത്രപ്രവർത്തക സ്വെറ്റ്ലാന അലക്സിയേവിച്ചിന്റെ ‘സെക്കൻഡ് ഹാൻഡ് ടൈം’ ആണ്. ജനം പറയുന്ന സോവിയറ്റ് യൂണിയന്റെ ചരിത്രമാണിത്. ആഗോളവൽക്കരണ അപ്പോസ്തലനായ തോമസ് ഫ്രീഡ്മാൻ പിന്നെയും ഇറങ്ങിയിട്ടുണ്ട്. താങ്ക് യൂ ഫോർ ബീയിങ് ലേറ്റ് എന്നാണു പുസ്തകത്തിന്റെ പേര്. ലോകം ഫ്ളാറ്റായി എന്ന ആദ്യ പുസ്തകം ആഗോളവൽക്കരണത്തിന്റെ വക്കാലത്തായിരുന്നു. ബ്രിട്ടനിൽ ബ്രെക്സിറ്റും അമേരിക്കയിൽ ട്രംപും വന്ന് ആഗോളവൽക്കരണം റിവേഴ്സ് ഗിയറിലായപ്പോഴാണ് ന്യൂയോർക്ക് ടൈംസ് ജേണലിസ്റ്റായ തോമാച്ചന്റെ പുതിയ വരവ്.
രണ്ടു ശാസ്ത്ര പുസ്തകങ്ങളാണ് വിൽപനയിൽ റെക്കോർഡിട്ടത്. കൊൽക്കത്തക്കാരൻ സിദ്ധാർഥ മുഖർജി കഥപോലെ എഴുതിയ ‘ദ് ജീൻ’ ജനിതക ശാസ്ത്രത്തെക്കുറിച്ചാണ്. ന്യൂറോ സർജനായ പോൾ കലാനിധി തന്റെ കാൻസർ അനുഭവത്തെക്കുറിച്ചു മരിക്കും മുൻപെഴുതിയ പുസ്തകം ലക്ഷക്കണക്കിനു കോപ്പികളാണു വിറ്റത്. നോവലല്ല, ഇതൊക്കെയാണു ജനത്തിനു വായിക്കാൻ വേണ്ടത്.

തിരുവിതാംകൂർ രാജകുടുംബ ചരിത്രം ഉപജീവിച്ച് മലയാളി മനുപിള്ള രചിച്ചു ഹാർപർ കോളിൻസ് പ്രസിദ്ധീകരിച്ച ഗജരാജവംശം (ഐവറി ത്രോൺ) വൻ വിൽപനയും നിരൂപക പ്രശംസയും നേടുന്നതാണ് വർഷാവസാനം കണ്ടത്. നരസിംഹറാവുവിനെക്കുറിച്ചു വിനയ് സീതാപതി എഴുതിയ പാതിസിംഹം (ഹാഫ് ലയൺ) മറവിയിൽനിന്നു റാവുവിനെ തിരികെ കൊണ്ടുവന്നു. മലയാളി വായനക്കാരുടെ പ്രിയപ്പെട്ട എഴുത്തുകാരൻ പൗളോ കൊയ്‌ലോ പോലും തന്റെ പൾപ് ഫിലോസഫി വിഷയം വിട്ട് ജീവചരിത്ര സാഹിത്യത്തിലാണു കൈവച്ചത്. ചാരസുന്ദരി മാതാ ഹാരിയുടെ ജീവിതം നോവലാക്കിയ ദ് സ്പൈ. നോവലുകളുടെ ബിസിനസ് മോശമായിട്ടുമില്ല. അരവിന്ദ് അഡിഗയുടെ സിലക്‌ഷൻ ഡേ, അമിതാവ് ഘോഷിന്റെ കറുപ്പ്, നോവൽത്രയത്തിലെ അവസാനത്തേതായ ഫ്ളഡ് ഓഫ് ഫയർ, തുടങ്ങിയവ വിറ്റുപോയി. എലീന ഫെറാന്റെ, ദശലക്ഷക്കണക്കിനു കോപ്പികൾ വിറ്റു കോടികൾ നേടിയ നിയപോളിറ്റൻ നോവൽ പരമ്പര നാലാമത്തെ നോവലോടെ തീർന്നു.

ഒടുവിലാൻ ∙ നമ്മുടെ അയ്മനത്തെ ആഗോള പ്രശസ്തിയിലെത്തിച്ച അരുന്ധതി റോയി കൊച്ചു കാര്യങ്ങളുടെ തമ്പുരാനു ശേഷം പുതിയ നോവലുമായി വരുന്നുണ്ട്. പെൻഗ്വിൻ കമ്പനി ജൂണിൽ ഇറക്കും. പേര് മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനെസ്. വായനക്കാർ ഇപ്പോഴേ കാത്തിരിക്കുകയാണ്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.