Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹാവഡ്, വാർട്ടൻ, വാറിക്–വമ്പൻ വിദ്യകൾ

uk-study

വിജയവും അതിൽ നിന്നു വരുന്ന ആഹ്ളാദവും വേണമെന്നാഗ്രഹമുണ്ടെങ്കിൽ അതു പ്ളാൻ ചെയ്ത് അതിനു വേണ്ടി പ്രവർത്തിച്ച് നേടിയെടുക്കണമെന്നു പറയാറുണ്ട്. ബിസിനസ് ഏറ്റെടുക്കാൻ അവകാശികളെ ഒരുക്കുന്നത് മിക്ക ബിസിനസ് ഗ്രൂപ്പുകളും വ്യക്തമായ പദ്ധതിയോടെയാണ്. സ്കൂൾ പഠിത്തം മുതൽ വിദേശ സർവകലാശാലകളിലെ പിജി ബിരുദവും എംബിഎയും ഉൾപ്പടെ നേരത്തേ പദ്ധതിയിടുന്നു. അങ്ങനെ വരുന്ന അനന്തരാവകാശികൾ വൻ വിജയമാകുന്നതിന് ഇന്ത്യൻ ബിസിനസ് രംഗത്തു തന്നെ അനേകം ഉദാഹരണങ്ങളുണ്ട്. സെനിത്ത് കംപ്യൂട്ടർ മേധാവി രാജ്കുമാർ സറഫിന്റെ മകൾ ദേവിത 21–ാം വയസിൽ കമ്പനി ബോർഡിലെത്തി വു എന്ന ആഡംബര ടിവിയെ പുതിയ സംരംഭമാക്കി മാറ്റുകയായിരുന്നു. ഭാരതി ടെലികോം ഉടമ സുനിൽ മിത്തലിന്റെ മകൻ കവിൻ ഹൈക് മെസഞ്ചർ ആപ് നടത്തുകയാണ്. വാട്സാപ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന മെസഞ്ചറാണിത്.

വലിയൊരു വിഭാഗം അമേരിക്കയിലെ ഐവി ലീഗ് സർവകലാശാലകൾ ഉൾപ്പടെ ലോകൈക കേന്ദ്രങ്ങളിലേക്ക് അവകാശികളെ അയയ്ക്കുന്നു. വാർട്ടൻ ബിസിനസ് സ്കൂൾ പെൻസിൽവാനിയ സർവകലാശാലയുടെ എംബിഎ സ്കൂളാണ്. ഫിലാഡൽഫിയയിലും സാൻഫ്രാൻസിസ്കോയിലും ക്യാംപസുകളുണ്ട്. ലോക സർവകലാശാലകളുടെ നിലവാരം അനുസരിച്ചു പിരമിഡ് ഉണ്ടാക്കിയാൽ അതിന്റെ തുഞ്ചത്തു വരുന്ന അമേരിക്കൻ ഐവിലീഗ് സർവകലാശാലകളിലൊന്നാണിത്. ഐവി ലീഗ് എന്നാലെന്താ? എട്ടു കോളജുകളുടെ സ്പോർട്സ് ടീമുകളുടെ ലീഗാണ്. പക്ഷേ ആ എട്ടെണ്ണവും അമേരിക്കയിലെ മാത്രമല്ല, ലോകത്തെ തന്നെ ടോപ് സർവകലാശാലകളാവുന്നു. പേരുകൾ കേട്ടാൽ അറിയാവുന്നവർ ബോധംകെട്ടു വീഴും. പേരുകൾ പിടിച്ചോ–ഹാവഡ്, പ്രിൻസ്റ്റൻ, യേൽ, ബ്രൗൺ, കൊളംബിയ, കോണെൽ, ഡാട്ട്മൗത്ത്, പെൻസിൽവാനിയ. അതിൽ ഏഴെണ്ണം അമേരിക്കയുടെ ബ്രിട്ടിഷ് കൊളോണിയൻ കാലം മുതലുള്ളതാണ്. പാരമ്പര്യ പൈതൃകം. നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയുടെ ഭാഗമായ കെല്ലോഗും ലണ്ടനിലെ വാറികും എംബിഎയിൽ ഇതേ ഗണത്തിൽ വരുന്നതാണ്.

യുഎസ് പ്രസിഡന്റായിരിക്കെ ബിൽ ക്ളിന്റന്റെ മകൾ ചെൽസി പ്രിൻസ്റ്റനിൽ (ന്യൂജേഴ്സി) ചേർന്നപ്പോൾ അപ്പനും അമ്മയ്ക്കും എന്തൊരാനന്ദമായിരുന്നെന്നു നമ്മൾ കണ്ടതാണ്. ബജാജ് ചെയർമാൻ രാഹുൽ ബജാജിന്റെ മകൻ രാജീവ് ബജാജ് വാർട്ടനിലാണു പഠിച്ചത്. ബജാജ് ഓട്ടോയുടെ എംഡിയായി പഴഞ്ചൻ സ്കൂട്ടറുകളെ ചവറ്റുകൊട്ടയിലെറിഞ്ഞ് പൾസർ ബൈക്കുകളുമായി വിപണി പിടിച്ച പയ്യനാണ്. വാർട്ടൻ പഠിത്തം പാഴായില്ല.

യുകെയിൽ വൻ ഇന്ത്യൻ കോടീശ്വരൻ മിത്തലിന്റെ മകൻ ആദിത്യ മിത്തലിന്റെ വിവാഹം ആഗോള മാമാങ്കമായിരുന്നല്ലോ. പയ്യനും പെണ്ണും വാർട്ടൻ പഠിത്തക്കാരാണ്. ഗോദ്റെജിന്റെ രണ്ടാമത്തെ മകൾ നീസ ഹാവഡ് എംബിഎക്കാരിയാകുന്നു. ഹാവഡ് ബോസ്റ്റണിലാണ്. ആ പേരു മതി വേറൊന്നും വേണ്ട. പഠിത്തം പാതിയാക്കി സലാം പറഞ്ഞു പിരിഞ്ഞാലും പ്രശസ്തിയാണ്. ഫെയ്സ്ബുക്കുകാരൻ മാർക്ക് സക്കർബർഗ് ഹാവഡ് ഡ്രോപ് ഔട്ടാണെന്നു പറയുന്നതു തന്നെയൊരു സ്റ്റൈലല്ലേ?

ഇന്ത്യയിലുണ്ടാക്കുന്ന സകല ജീൻസിനും ഡെനിം തുണി സപ്ളൈ ചെയ്യുന്ന അരവിന്ദ് മിൽസിന്റെ എംഡി കുലീൻ ലാൽഭായിയും ഹാവഡുകാരനാണ്. പഴയ കേന്ദ്ര ധനമന്ത്രി ചെട്ടിനാട്ടുകാരൻ പളനിയപ്പ ചിദംബരവും ഹാവഡ്. ലീല ഹോട്ടലുകൾ സ്ഥാപിച്ച നമ്മുടെ കണ്ണൂർക്കാരൻ ക്യാപ്റ്റൻ സി.പി. കൃഷ്ണൻനായരുടെ കൊച്ചുമകൾ അമൃദ പഠിച്ചത് സിംഗപ്പൂരിലും നെതർലൻഡ്സിലുമൊക്കെയാണ്. ആർപിജി ഗ്രൂപ്പിലെ പയ്യൻ ആനന്ദ് ഗോയങ്ക കെല്ലോഗിലും വാർട്ടനിലും പഠിച്ചു. മുകേഷ് അംബാനിയുടെ ഇരട്ടകളായ ഇഷയും ആകാഷും പുറത്തു പോയി പഠിച്ച് റിലയൻസ് ബോർഡിലെത്തിയിട്ടുണ്ട്.

പഠിത്തം കഴിഞ്ഞു ബിസിനസ് സാമ്രാജ്യം നോക്കി നടത്തേണ്ടവരാകുമ്പോൾ ഡിഗ്രിയേക്കാൾ പ്രധാനം ക്യാംപസിൽ നിന്നു കിട്ടുന്ന അറിവാണ്. എംബിഎക്കാരെ ജോലിക്കു വയ്ക്കുമ്പോൾ അവർ പറയുന്നതെന്ത്, ചെയ്യുന്നതെന്ത് എന്നു മനസ്സിലാക്കാൻ കഴിഞ്ഞാലും മതി. ഇമ്മാതിരി സർവകലാശാലകളിൽ പോയി രണ്ടുകൊല്ലം കറങ്ങി വന്നാൽ തന്നെ കണ്ണു തെളിയും. ഫീസും താമസച്ചെലവും ചേർത്ത് കുറഞ്ഞത് ഒരു ലക്ഷം ഡോളർ (65 ലക്ഷം രൂപ) വർഷം ചെലവു വരുന്ന ഏർപ്പാടാണെങ്കിലും ഭാവിയിലേക്ക് അതൊരു നിക്ഷേപമാണ്. നൂറിരട്ടിയായി മുതലാക്കിയെടുക്കാം.

ഒടുവിലാൻ ∙ അമേരിക്കയിലേക്ക് വീസ കിട്ടുമോ എന്നതു പല പിള്ളാരുടേയും അച്ഛനമ്മമാരുടെ ആശങ്കയാണ്. പക്ഷേ വൻ സർവകലാശാലകളിൽ പ്രവേശനത്തിന്റെ കത്തുമായി വീസ ഇന്റർവ്യൂവിനു ചെന്നാൽ പിന്നെ അധികം ചോദ്യമൊന്നുമില്ല. വീസ ഉടൻ റെഡി!

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.