Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജർമനിയോട് അസൂയപ്പെട്ടിട്ട് കാര്യമില്ല മോനേ

ബിസിനസ് ബൂം – പി. കിഷോർ
Author Details
busi-merkel

പണം പെരുകിയാലും പ്രശ്നമാ! നമുക്കെല്ലാം അറിയാവുന്ന കാര്യമാണല്ലോ. കാശിന്റെ കുത്ത് കാരണം എന്തെല്ലാം തൊന്തരവുകളാ ചിലരുണ്ടാക്കി വയ്ക്കുന്നത്. ഒടുവിൽ പൊലീസ് പിടിച്ചു വാർത്തയാവുമ്പോഴാണു കാശ് കൂടിപ്പോയതിന്റെ കുഴപ്പമാണെന്നു മനസ്സിലാവുന്നത്. അടുത്ത കാലത്തുണ്ടായ രണ്ടു പ്രമാദമായ കേസുകൾ കാശു കൂടിപ്പോയേന്റെ പ്രശ്നങ്ങളല്ലേ?

ജർമനിക്കാണിപ്പോൾ കാശു കൂടിപ്പോയിരിക്കുന്നത്. ജർമനിയുടെ വാണിജ്യമിച്ചം എത്രയാണെന്നോ? 300 ബില്യൻ ഡോളർ അഥവാ 30,000 കോടി ഡോളർ. സുമാർ 20 ലക്ഷം കോടി രൂപ. ഇറക്കുമതി കുറവും കയറ്റുമതി കൂടിയതുമാണു കാരണം. അതെങ്ങനാ, നമ്മൾ തന്നെയല്ലേ, ഫോക്സ്‌വാഗനും ബെൻസും ബിഎംഡബ്ല്യുവുമെല്ലാം വാങ്ങിക്കൂട്ടുന്നത്. ഇതിങ്ങനെ പോയാൽ പറ്റില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് പറഞ്ഞതോടെയാണു സംഗതി ലോകശ്രദ്ധയിൽ വന്നത്. ജർമൻ കാറുകളുടെ വിൽപന അമേരിക്കയിൽ നിർത്തുമെന്നു ട്രംപ് ചുമ്മാ വീമ്പിളക്കുകയും ചെയ്തു.
 
യൂറോപ്പിലെ ഏറ്റവും ധനികരാജ്യം ജർമനിയാണ്. പഴയ ബ്രിട്ടനും സാമ്രാജ്യവുമൊക്കെ പാപ്പരായില്ലേ? 2008ൽ മാന്ദ്യം വന്ന് യൂറോപ്യൻ രാജ്യങ്ങൾ മിക്കതും പാപ്പരായപ്പോൾ ജർമനി ഒറ്റയ്ക്ക് അവരെ രക്ഷിക്കാൻ മുന്നിട്ടുനിന്നു. യൂറോപ്യൻ സായിപ്പിന് ഏതാണ്ടു ലോകബാങ്ക്, ഐഎംഎഫ് പോലെയാണു ജർമനി. കാശില്ലാത്തപ്പോൾ സഹായിക്കും.

എന്താണു ജർമനിയുടെ വിജയരഹസ്യം? ജനം വളരെ അച്ചടക്കമുള്ളവർ. ശരിക്കു പണിയെടുക്കും. ശമ്പളത്തിൽ കാര്യമായ വർധന വേണ്ടെന്നു സർക്കാർ പറഞ്ഞത് ട്രേഡ് യൂണിയനുകളും ശരിവച്ചിരിക്കുന്നു. കയറ്റുമതിക്കു രാജ്യാന്തര വിപണിയിൽ മൽസരിക്കാൻ വേണ്ടി ഉൽപാദന ചെലവു കുറച്ചു നിർത്താനാണിത്. വിലക്കയറ്റമില്ല. ഭൂമിക്കു വില വച്ചടി കേറുന്നില്ല. അതിനാൽ ജർമൻ കയറ്റുമതി കുതിച്ചുപായുന്നു. അവർക്ക് കമ്മി ബജറ്റല്ല, മിച്ച ബജറ്റാണ്.

അവിടെ തൊഴിലില്ലായ്മ നാലു ശതമാനത്തിൽ താഴെ മാത്രം. പ്ലസ് ടു കഴിഞ്ഞവർ പണിയില്ലാതെ നിൽക്കുന്നില്ല. ബ്ലൂകോളർ ജോലികളിൽ അവരെ പരിശീലിപ്പിക്കാൻ പല പദ്ധതികളുണ്ട്. നമ്മൾ നൈപുണ്യ വികസനമെന്നൊക്കെ പറയുന്നതു മാത്രം, കാര്യമായൊന്നും നടക്കുന്നില്ല. ജർമനിയുടെ നൈപുണ്യ വികസന പരിപാടികൾ ലോകപ്രശസ്തമാണ്.

പക്ഷേ, ജർമനി അടിച്ചുകയറുന്നതു മറ്റു രാജ്യങ്ങളുടെ കയറ്റുമതിയെ ബാധിക്കുന്നു. ജർമൻ വാണിജ്യ ആധിപത്യമാണു യൂറോപ്പിൽ. മൂന്നാം ലോകമഹായുദ്ധം ഉണ്ടായിരുന്നെന്നും അതു വാണിജ്യത്തിലായിരുന്നെന്നും ഒരു വെടി പോലും പൊട്ടിക്കാതെ ജർമനി അതിൽ ജയിച്ചെന്നും പറയുന്നത് അതുകൊണ്ടാണ്.
ജർമൻ ഉൽപന്നങ്ങൾക്കു കർശന ഗുണനിലവാരമുണ്ട്.

ചൈനക്കാരൻ ജർമനിയോടു മൽസരിക്കാൻ മ്മിണി പുളിക്കും. 500 കോടി ഡോളറിലേറെ വിറ്റുവരവുള്ള ലോകത്തെ 3000 കമ്പനികളിൽ 1300 എണ്ണം ജർമനിയിൽ നിന്നാണ്. ബ്രിട്ടന്റെ അഞ്ചിരട്ടി പേറ്റന്റുകളാണു ജർമനിക്കുള്ളത്. ജർമനിയിൽ അംഗല മെർക്കൽ നാലാം തവണയും ജയിച്ചുകയറിയതെന്തുകൊണ്ടാ? ജനത്തിനു വേണ്ടത് സാമ്പത്തിക അഭിവൃദ്ധിയാണ്. അത് ഉറപ്പാക്കുന്നവരെ അവർ വീണ്ടും ജയിപ്പിക്കും. അത്രതന്നെ.

ഒടുവിലാൻ ∙ സ്വിസ് വാച്ചുകൾ ജർമനിയുടേതാണെന്നതാണു വാസ്തവം. സ്വിസ് അതിർത്തിയോടു ചേർന്നുള്ള ജർമനിയിലെ ബ്ലാക്ക് ഫോറസ്റ്റ് ഭാഗത്തുനിന്നു കുടിയേറിയ ജർമൻകാരാണു സ്വിസ് വാച്ച് കമ്പനികളുടെ സ്ഥാപകർ.