സിലിക്കൺ വാലിയിലും ടെക്കി പ്ലിങ്

ഒരു പൊടി രക്തം മതി, 200 ടെസ്റ്റ് വരെ നടത്താം, റിസൽറ്റ് ഉൾപ്പെടെ എല്ലാം ഓൺലൈനിൽ. ഇങ്ങനെയൊരു വാഗ്ദാനവുമായി അമേരിക്കൻ സ്റ്റാർട്ടപ് കമ്പനി ഇറങ്ങിയിരുന്നു. അതിനൊരു ആപ് ഉണ്ടാക്കുന്നുണ്ടത്രെ. ലാബിൽ പോകേണ്ട, സൂചി കുത്തി രക്തം എടുക്കേണ്ട, എല്ലാം ആപ് വഴി. സംഗതി പരമസുഖം, പക്ഷേ ആപ് ഇറക്കാൻ പോയ കമ്പനിയുടെ സിഇഒ ആപ്പിലായിരിക്കുകയാണ്. സ്റ്റാർട്ടപ് തട്ടിപ്പിന് അഞ്ചുലക്ഷം ഡോളർ പിഴ കിട്ടി.

അമേരിക്കയിലെ സിലിക്കൺ വാലിയാണല്ലോ സ്റ്റാർട്ടപ് കമ്പനികളുടെ കേദാരം. വെഞ്ച്വർ ക്യാപിറ്റലിസ്റ്റുകളുടെ കേന്ദ്രവും അവിടമാകുന്നു. യഥാർഥത്തിൽ കശ്മീർ താഴ്‌വര പോലെ അവിടെയൊരു സിലിക്കൺ താഴ്‌വരയൊന്നുമില്ല. കലിഫോർണിയ സംസ്ഥാനത്തെ സാന്തക്ളാര കൗണ്ടി. സാൻജോസ്, സാന്തക്ളാര, പാലോ ആൾട്ടോ നഗരങ്ങൾ‍ ഉൾപ്പെട്ട പ്രദേശം. സാൻഫ്രാൻസിസ്കോയിലെ ബേ ഏരിയ. 

സ്റ്റാൻഫഡ് സർവകലാശാലയിലെ പിള്ളേരായിരുന്നു അവിടെ സംരംഭക സംസ്കാരത്തിനു തുടക്കമിട്ടത്. സിലിക്കൺ ചിപ്പുകളുണ്ടാക്കുന്ന കമ്പനികൾ അനേകം വന്നതോടെ സിലിക്കൺ വാലി എന്ന പേരുവീണു. മൈക്രോ പ്രോസസറും മൈക്രോ കംപ്യൂട്ടറും ഇവിടെയാണ് തുടക്കമിട്ടത്. ഇന്ന് ഏറ്റവും കൂടുതൽ മൂലധനം വാരിയെറിയപ്പെടുന്ന നാടാണ്. അമേരിക്കയിൽ ആകെ വെഞ്ച്വർ ക്യാപിറ്റലിന്റെ മൂന്നിലൊന്ന് നിക്ഷേപിക്കുന്നത് ഇവിടെ മാത്രമാണ്. ഇവിടെ ടെക്കികൾ എന്ത് ഐഡിയ പറഞ്ഞാലും കാശുമുടക്കാൻ ആളു കാണും. 

സാംസങ്ങും ഗൂഗിളും അഡോബിയും ആപ്പിളും ഉൾപ്പെടെ ഫോർച്യൂൺ 1000 കമ്പനികളിൽ 39 എണ്ണം കൂടുവച്ചിരിക്കുന്ന സിലിക്കൺ വാലിയിൽ എന്തിൽ നിക്ഷേപിക്കാം എന്നന്വേഷിച്ചു പണവുമായി നടക്കുന്ന മൂലധന മാടമ്പിമാർക്ക് എന്തിലെങ്കിലും കണ്ണ് ഉടക്കിയാലോ, മില്യണുകൾ വാരി എറിഞ്ഞു കളയും. സ്റ്റാർട്ടപ്പിനെ അടുത്ത ഗൂഗിളോ ആപ്പിളോ ടെസ്‌ലയോ ആക്കാൻ പറ്റുമോ എന്നാണു നോട്ടം. ആദ്യം മുടക്കിയ മില്യണുകൾ അങ്ങനെ ബില്യണുകളായി പൊലിക്കുന്നതു സ്വപ്നം കാണുന്നവരാണേ. ചിലർക്കൊക്കെ അങ്ങനെ ഒത്തു വന്നിട്ടുമുണ്ട്.

അപ്പോഴാണ് തെറാനോസ് എന്നൊരു സ്റ്റാർട്ടപ് വന്നു വീണത്. എലിസബത്ത് ഹോംസ് എന്ന വനിതാ സംരംഭകയാണു പിന്നിൽ. ലോകമാകെ ലാബുകൾക്കു ഡിസ്റപ്ഷൻ ഉണ്ടാക്കുന്ന (എന്നുവച്ചാൽ കുത്തുപാളയെടുപ്പിക്കുന്ന) ആപ്പുമായിട്ടാണു വന്നത്. അടുത്ത സ്റ്റീവ് ജോബ്സ് എന്നു പേരു വീണു. സ്റ്റാർട്ടപ് കമ്പനി ആദ്യം ഐഡിയ, പിന്നെ സാങ്കേതിക സംവിധാനം, ബിസിനസ് മോഡലും റവന്യൂ മോഡലും, കുറച്ച് ക്ളയന്റുകൾ, ലേശം വരുമാനം...സ്റ്റാർട്ടപ് കമ്പനി ഇത്രയും ഒപ്പിക്കണം, എന്നിട്ടാണു വാല്യുവേഷൻ. ഏതോ കമ്പനി തെറാനോസിന് 900 കോടി ഡോളറിന്റെ (സുമാർ 60000 കോടി രൂപ) മൂല്യം കൽപ്പിച്ചത്രെ. അതോടെ മൂലധനം ഒഴുകി. 70 കോടി ഡോളർ (സുമാർ 5000 കോടി) വെഞ്ച്വർ ക്യാപിറ്റൽ കിട്ടി. സിലിക്കൺ വാലിയിലെ ആദ്യ വനിതാ ബില്യണർ എന്ന വിശേഷണവും കിട്ടി. മാർക്ക് സക്കർബർഗിനെപ്പോലുള്ള ബില്യണർ ചെക്കൻമാർക്കിടയിൽ ഇരിക്കട്ടെ ഒരു പെൺതരി എന്നു ജനവും മാധ്യമങ്ങളും വിചാരിച്ചു.

കള്ളി വെളിച്ചത്തായപ്പോൾ ഇവരുടെ ആപ് ഉപയോഗിച്ച് ടെസ്റ്റുകൾ നടത്താൻ കഴിയില്ലെന്നു തെളിഞ്ഞു. പറഞ്ഞതെല്ലാം കള്ളമായിരുന്നു. അമേരിക്കൻ പട്ടാളം ആപ് ഉപയോഗിക്കുന്നു എന്നു വീമ്പിളക്കിയതും കള്ളം. നമ്മുടെ സെബി പോലെ അമേരിക്കയുടെ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷൻ അഞ്ചു ലക്ഷം ഡോളർ എലിസബത്ത് ഹോംസിന് പിഴ വിധിച്ചു. കമ്പനിയിലെ വോട്ടവകാശം നഷ്ടമായി. വേറൊരു കമ്പനിയിലും നേതൃത്വം 10 വർഷത്തേക്കു വിലക്കി. ക്രിമിനൽ കേസ് വേറേയുമുണ്ട്. 

ഒടുവിലാൻ ∙ ടെക്ക് കമ്പനികൾ ഏറ്റവും കുടുതൽ അമേരിക്കയിലാണ്. ഒരു ലക്ഷത്തോളം. രണ്ടാം സ്ഥാനം ബ്രിട്ടൻ. വെറും 15000. മൂന്നാം സ്ഥാനം ആർക്കാ? ഇന്ത്യ! 13000 സ്റ്റാർട്ടപ്പുകളുണ്ട്.