Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാൽ അങ്കിളും മമ്മൂട്ടി അച്ഛനുമായാൽ എന്താണ് കുഴപ്പം?

ഉണ്ണി കെ. വാരിയർ
സ്പെഷല്‍ കറസ്പോണ്ടന്‍റ്

ശ്രീനിവാസൻ പറഞ്ഞൊരു കാര്യം ഓർമ്മ വരുന്നു. രജനീകാന്തിന്റെ വീട്ടിൽനിന്നു ശ്രീനിയും രജനിയും കൂടി പുറത്തിറങ്ങുന്ന സമയത്തു നാലു വയസ്സുള്ള  പേരക്കുട്ടി മുറ്റത്തു സൈക്കിൾ ചവിട്ടുകയാണ്. രജനിയെ കണ്ടതും കുട്ടി താത്താ എന്നു നീട്ടി വിളിച്ചു. കാറിൽ പകുതി കയറിയ രജനി ദേഷ്യത്തോടെ കുട്ടിയുടെ അടുത്തെത്തി ഉറച്ചു ചോദിച്ചു, ‌

ആരെടാ താത്താ , നീ ഇപ്പോൾ കളിക്കുന്ന ശിവാജി എന്ന പടം പോയി കാണ്. അപ്പോൾ  മനസ്സിലാകും ആരാണു താത്തയെന്ന്. ’ ഷർട്ടു രണ്ടുവശത്തേക്കും തട്ടിമാറ്റി, മുടി വലതു കൈകൊണ്ടു ചീകിയൊതുക്കി രജനി നിൽക്കുമ്പോൾ കുട്ടിയും കണ്ടു നിന്നവരും അലറി ചിരിക്കുകയായിരുന്നു. താത്താ എന്നു  വിളിച്ചതിലെ ആനന്ദം മുഴുവൻ രജനിയുടെ അഭിനയത്തിലുണ്ടായിരുന്നു. 

രജനി എത്രയോ വർഷമായി േവദിയിൽ വരുന്നതു താത്തായായിട്ടുതന്നെയാണ്. മുടിയുടെ നിറമോ ശരീരത്തിന്റെ പോരായ്മകളോ രജനിയെ അലട്ടുന്നില്ല. രജനിയുടെ ആരാധകരെയും അലട്ടുന്നില്ല. അവർക്കറിയാം ഇതെല്ലാമായാലും സിനിമയിൽ കാണുന്ന രജനി ഈ രജനി ഇതൊന്നുമല്ലെന്ന്. അത് അതുക്കുംമേലെ.

ഇതു ഓർമ്മിപ്പിക്കാൻ കാരണം  വിനീത് ശ്രീനിവാസനും ലിച്ചിയെന്ന നടിയുമാണ്. മോഹൻലാലിനെ അങ്കിൾ എന്നു വിളിച്ചതിനു ആരാധകർ എന്നു പറയുന്നവർ വിനീതിനെ ചീത്ത വിളിച്ചിരിക്കുന്നു. അതിനു മറുപടിയായി മോഹൻലാൽ ഫാൻസ് ക്ഷമ ചോദിക്കുകയും ചെയ്തു. മോഹൻലാലിനെ ജനിച്ച മുതൽ  കാണുന്ന വിനീത് അങ്കിൾ എന്നല്ലാതെ പിന്നെ ചേട്ടാ എന്നു വിളിക്കണോ. മമ്മൂട്ടി തന്റെ അച്ഛനായി അഭിനയിക്കട്ടെ എന്നു പറഞ്ഞ ലിച്ചിയെ ആരാധർ കൊല്ലുകയാണ്. അവസാനം ലിച്ചി കരഞ്ഞുകൊണ്ടു മാപ്പു ചോദിച്ചിരിക്കുന്നു. എന്നിട്ടും അവരെ വിടുന്നില്ല. 

മോഹൻലാലിനും മമ്മൂട്ടിക്കുമില്ലാത്ത ആകാംഷ കാണിക്കുന്ന ആരാധകരെയാണു ആദ്യം മലയാള സിനിമയെ സ്നേഹിക്കുന്നവർ പൊങ്കാലയിടേണ്ടത്. രണ്ടു പേരുടെയും ഫാൻസ് അസോസിയേഷനുകൾ ധാരാളം ജീവകാരുണ്യ പ്രവർത്തനം ചെയ്യുന്നുണ്ട്. ഇതൊന്നും ആരുമറിയുന്നില്ല. പകരം ആരാധകർ എന്നു പറഞ്ഞു വേഷം കെട്ടി വരുന്നവർ കാണിക്കുന്ന പേക്കൂത്താണ് ഇപ്പോൾ പുറത്തുവരുന്നത്. 

മമ്മൂട്ടി ചെയ്ത ഞെട്ടിപ്പോകുന്ന വേഷങ്ങളിലൊന്ന് പാലേരിമാണിക്യത്തിലെ മുരിക്കംകുന്നത്തു അഹമ്മദ് ഹാജിയുടെതാണ്. തികച്ചും നെഗറ്റീവായ ആ വേഷത്തിനു മുന്നിൽപ്പോലും സിനിമയെ സ്നേഹിക്കുന്നവർ  പകച്ചുനിന്നതു അഭിനയത്തിലെ അത്ഭുതം കൊണ്ടാണ്.അതേ സിനിമയിൽ  മമ്മൂട്ടി ചെയ്ത നല്ലവനായ ഹരിദാസിനെക്കാളും എത്രയോ മുകളിലാണ് അഹമ്മദ് ഹാജി ഇരിക്കുന്നത്. അൻപതോ അറുപതോ വയസ്സു തോന്നിക്കുന്ന അഹമ്മദ് ഹാജിയെ കണ്ടു ആരെങ്കിലും അയ്യേ എന്നു പറഞ്ഞതായി എവിടെയും കേട്ടില്ല. 

പ്രണയമെന്ന സിനിമയിൽ വൃദ്ധനായി അഭിനയിച്ചുകൊണ്ടു മോഹൻലാലിന്റെ വില ഇടിഞ്ഞതായും ഇതുവരെ കേട്ടിട്ടില്ല. ആരോഗ്യവും മനസ്സും അനുവദിക്കുമെങ്കിൽ ജനം ഏതു നടനും ഏതു പ്രായക്കാരാനുകുന്നതും അംഗീകരിക്കും. അതു നന്നായി അറിയാവുന്ന രണ്ടു നടന്മാരാണു മമ്മൂട്ടിയും ലാലും. 35 വർഷം ഈ പണി ചെയ്തു ജീവിക്കുന്നവർക്കു ഇനി എങ്ങിനെ ജീവിക്കണമെന്നു ഏതായാലും ആരാധർ പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ല. 

പ്രായമാകുന്നതും മുടി നരയ്ക്കുന്നതുമെല്ലാം വ്യക്തിപരമായ കാര്യമാണ്. അതിലൊന്നും ആരാധർ ഇടപെട്ടു മനസ്സു കലക്കാതിരിക്കുന്നതാണു നല്ലത്. അവരുടെ വേഷങ്ങളെയാണു ഓരോരുത്തരും സ്നേഹിച്ചത്. അതറിയാവുന്നതുകൊണ്ടുതന്നെയാണു അവർ നല്ല വേഷങ്ങൾ ഇപ്പോഴും തേടിക്കൊണ്ടിരിക്കുന്നതും. 20 വയസ്സുള്ള യുവാവായി മാത്രമെ അഭിനയിക്കൂ എന്നു ഇരു നടന്മാരും പറഞ്ഞിട്ടില്ല. ഇത്തരം കാര്യങ്ങളിൽ ഇടപെടുന്ന ആരാധർ സത്യത്തിൽ ഈ നടന്മാരുടെ ശത്രുക്കളാണ്. ഇവർ ഇടയ്ക്കിടെ ഓർമ്മിപ്പിക്കുന്നതുകൊണ്ടാണു ഇവരുടെ പ്രായം തേടി മലയാളി പോകുന്നതുതന്നെ. അല്ലെങ്കിൽ അവരുടെ വേഷം തേടി മാത്രമെ മലയാളി പോകൂ. 

ലിച്ചിയുടെ അച്ഛനായി മമ്മൂട്ടി അഭിനയിച്ചാലും വിനീതിന്റെ അങ്കിളായി മോഹൻലാൽ അഭിനയിച്ചാലും അവരുടെ അഭിനയ ജീവിതത്തിൽ  ഒന്നും സംഭവിക്കാൻ പോകുന്നില്ല. ഈ ബഹളം കൂട്ടുന്ന പലരും ജനിക്കുന്നതിനു മുൻപു കളി പഠിച്ചവരാണ് ഇവരും ഇവരുടെ കൂടെ നിൽക്കുന്നരും. ആരാധകരുടെ പിന്തുണ ഇല്ലാത്ത കാലത്തു ഇവരുണ്ടാക്കിയ ഹിറ്റുകളുടെ കൊടുങ്കാറ്റിന്റെ ഇരമ്പം ഇപ്പോഴും ബാക്കിയാണ്. 

ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന ഫാൻസ് അസോസിയേഷനുകളുടെ നല്ല കാര്യം പോലും തെറ്റിദ്ധരിക്കപ്പെടുന്നതു ഈ ആരാധകരെന്നു പറഞ്ഞു സാമൂഹ്യ മാധ്യമങ്ങളിൽ മേഞ്ഞു നടക്കുന്നവരാണ്. അതുകൊണ്ടു ഇവരുടെ വ്യക്തി ജീവിതത്തെ വെറുതെ വിടുക. അവിടെക്കു നിങ്ങൾക്കാർക്കും പ്രവേശനം ഇല്ലെന്ന കാര്യവും മനസ്സിലാക്കുക. മമ്മൂട്ടിയുടെ മകളായി അഭിനയിക്കണമെന്ന ലിച്ചിയുടെ ആഗ്രഹം നടക്കട്ടെ. മോഹൻലാലിനെ അങ്കിളെന്നു വിളിക്കുന്ന വിനീതിനെയും ഇനിയും കാണുമാറാകാട്ടെ. 

ദേഹംപോലും പ്രായത്തെ വിളിച്ചറിയിച്ചിട്ടും ക്ളിന്റ് ഈസ്റ്റ് വുഡും രജനിയും  സ്ക്രീനിൽ വരുമ്പോൾ രോമം എഴുനേറ്റു നിൽക്കും.. കൈകളിൽ രോമാഞ്ചം ചെറിയ തരിപ്പായി പൊങ്ങും.  അതാണു സിനിമയുടെ മാജിക്ക്.ഇത്തരം വേഷങ്ങൾ ചെയ്യാൻ മമ്മുട്ടിക്കും ലാലിനും ആരാധകരെന്നു പറയുന്നവരുടെ പ്രായം തെളിയിക്കൽ സർട്ടിഫിക്കറ്റു വേണ്ട. കിരീടത്തിൽ കൊച്ചിൻ ഹനീഫ കത്തിയുമായി  നടക്കുന്നതാണു ഈ സംരക്ഷകരെ കാണുമ്പോൾ ഓർമ്മവരുന്നത്. ഇവരില്ലെങ്കിലു ഇവരുടെ സാമൂഹ്യ മാധ്യമ കത്തി ഇല്ലെങ്കിലും ജീവിച്ചുപോകാനുള്ള മിടുക്കൊക്കെ അവർക്കുണ്ടെന്നെങ്കിലും തിരിച്ചറിയുക.