Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്തിനാണ് ഞാൻ തടികുറച്ചത്; മോഹൻലാൽ പറയുന്നു

ഉണ്ണി കെ. വാരിയർ
സ്പെഷല്‍ കറസ്പോണ്ടന്‍റ്
mohanlal-odiyan-movie

ഫ്രാൻസിൽനിന്നുള്ള സംഘം തിരിച്ചുപോകുന്നതിനു മുൻപു മോഹൻലാലിനോടു പറഞ്ഞുവത്രെ, ‘നിങ്ങളെപ്പോലെ സമർപ്പണത്തോടെ ഞങ്ങളെ സമീപിച്ചവർ ആരുമില്ലെന്നെന്നു തോന്നുന്നു. നിങ്ങൾക്കു ജീവിത കാലം മുഴുവൻ ഇതേ തുടിപ്പോടെ ജീവിക്കാൻ കഴിയും. അത്രയേറെ ഊർജ്ജവും ശക്തിയും നിങ്ങളിലുണ്ട്. ’ 51 ദിവസം നീണ്ട പരിശീലനത്തിനു ശേഷം ലാലിന്റെ ശരീര ഭാരം 18 കിലൊ  കുറച്ച ശേഷം അവർ തിരിച്ചു പോകുകയായിരുന്നു . 

സുഹൃത്തുക്കളില്ലാതെ ഭാര്യ സുചിത്രയുടെ തണലിൽ പരിശീലനത്തിന്റെ മാത്രം ലഹരിയിൽ എങ്ങിനെ 51 ദിവസം തള്ളിനീക്കിയെന്നു ലാലിനോടു ചോദിച്ചു. ചെന്നൈയിലെ കടൽത്തീരത്തുകൂടി രാത്രിയുടെ നേർത്ത വെളിച്ചത്തിൽ നടക്കുമ്പോൾ ലാൽ പറഞ്ഞു, ഒരോ ചികിത്സയ്ക്കും പരിശീലനത്തിനും അതിന്റെതായ രഹസ്യമുണ്ട്. ആ രഹസ്യംകൂടി ചേർന്നതാണു ചികിത്സ. അതുകൊണ്ടുതന്നെ ഞാനതെക്കുറിച്ചു പറയുന്നില്ല. മുൻപ് ഞാൻ വെള്ളം ഉപയോഗിച്ചു മാത്രം ചികിത്സിച്ചിട്ടുണ്ട്. 

എത്രയോ ദിവസം തുടർച്ചയായി ഉപവസിച്ചിട്ടുണ്ട്. ആയുർവേദം പോലെയുള്ള ചികിത്സാവിധിക്കു എല്ലാ കൊല്ലവും വിധേയനായിട്ടുണ്ട്. അതുപോലെ ഒന്നു മാത്രമായിരുന്നു ഇതും. ഇതിൽ പല തരത്തിലുള്ള പരിശീലനമുണ്ട്. പല തരത്തിലുള്ള നിയന്ത്രണങ്ങളുണ്ട്. ഇതു തടി കുറയ്ക്കൽ മാത്രമല്ല. 18 കിലൊ ഭാരം കുറയുമ്പോൾ നമ്മുടെ ശരീരവും ജീവിത രീതിയും ജോലിയുമെല്ലാം അതിനസുസരിച്ചു മാറ്റണം. അതാണു ഞാൻ ചെയ്യാൻ ശ്രമിച്ചത്. വേദനയുണ്ടായിരുന്നോ എന്നു ചോദിക്കുമ്പോൾ എനിക്കതിനു ഉത്തരമില്ല. എല്ലാ പരിശീലനവും ആദ്യ ഘട്ടം വേദനയുള്ളതാകും. 

mohanlal.jpg.image.784.410

പല രാജ്യത്തും ശരീരം ആയുധമാക്കി ജീവിക്കുന്ന നടന്മാർക്കും കലാകാരന്മാർക്കും പ്രത്യേക പരിശീലകരുണ്ട്. നമ്മുടെ നാട്ടിൽ അത്തരം രീതികളെല്ലാം വരുന്നതെയുള്ളു. ശരീരത്തെ പരിപാലിക്കണമെന്നു ആയുർവേദവും മറ്റും നമ്മോടു പറഞ്ഞതു നാം മറന്നിരിക്കുന്നു. ചെറിയ മസിൽ വേദന ഉണ്ടാകുമ്പോൾ നാം അതു മറക്കുന്നു. ആ വേദനയുമായി വീണ്ടും ജോലി ചെയ്യുമ്പോൾ അടുത്ത തവണ അത് ഇരട്ടിയായി തിരിച്ചുവരുന്നു. ഇതിനൊന്നും കൃത്യമായി മാർഗ്ഗ നിർദ്ദേശം നൽകാൻ മുൻപൊന്നും ആരും ഇല്ലായിരുന്നു. എന്റെ ജീവിതത്തിൽ വേദനകളുടെ മേൽ വേദനയായി എത്രയോ ദിവസം ജോലി ചെയ്തിട്ടുണ്ട്. തീർച്ചയായും അതു ശരീരത്തെ ബാധിച്ചു കാണും. അറിഞ്ഞുകൊണ്ടുതന്നൊണു അതു ചെയ്യുന്നത്. 

എന്തിനു ചെയ്തുവെന്നു ചോദിച്ചാൽ എന്റെ മനസ്സു പറഞ്ഞു എന്നെ പറയാനാകൂ. ‘ഒടിയൻ’ പോലുള്ള സിനിമകൾ എപ്പോഴെങ്കിലും സംഭവിക്കുന്നതാണ്. അതുകൊണ്ടുതന്നെ ആ കഥാപാത്രത്തിനു  വലിയ തയ്യാറെടുപ്പുകൾ വേണ്ടിവരും. പല കാലഘട്ടത്തിലുള്ള മാണിക്കനെയാണു ഒടിയനിൽ അവതരിപ്പിക്കുന്നത്.  രണ്ടു കാലഘട്ടത്തിലെ തൊട്ടടുത്ത സീനുകളിലായി വരുന്നുണ്ട്. ഒരു പാടു പീഡനങ്ങളിലൂടെ കടന്നു പോകുന്നൊരു സാധാരണ മനുഷ്യനാണ് മാണിക്കൻ എന്ന ഒടിയൻ. ഈ വ്യത്യാസം എന്റെ ശരീത്തിനു കാണിക്കാനായില്ലെങ്കിൽ ആ സിനിമ പൂർണ്ണമാകില്ല. അതുകൊണ്ടാണു ഞാൻ എന്റെ ശരീരത്തെ കഥാപാത്രത്തിനു അനുസരിച്ചു പാകപ്പെടുത്താൻ തീരുമാനിച്ചത്. വേണമെങ്കിൽ രണ്ടാമൂഴത്തിലെ ഭീമനിലേക്കുള്ള യാത്രയുടെ തുടക്കമാണിത്. ഭീമൻ തടിയനല്ല. ശക്തിമാനാണ്. ശക്തിമാനാണെന്നു നടത്തത്തിലും നോട്ടത്തിലും ശരീരത്തിലും അറിയണം. ഒടിയനു ശേഷം അത്തരം തയ്യാറെടുപ്പുകൾ വേണം. അതിനായി ഞാനീ ശരീരത്തെ ഒരുക്കുകയാണ്. 

mohanlal-in-karnabharam

രാത്രി വൈകുന്നതുവരെയും ലാൽ സംസാരിച്ചതു ഒടിയനെക്കുറിച്ചും സിനിമയെക്കുറിച്ചുമാണു. തടി കുറയ്ക്കാൻ ചെയ്ത കാര്യങ്ങളിലേക്കു വരുമ്പോൾ ലാൽ പതുക്കെ തെന്നി, തെന്നി സിനിമയിലേക്കു പോയി. അവസാനം വരെ അതു മാത്രം പറഞ്ഞില്ല 

എങ്ങിനെയായിരിക്കും ലാലിനു ചെയ്തിട്ടുണ്ടാകുക. 

51 ദിവസംകൊണ്ടു നഷ്ടപ്പെട്ടതു 18 കിലൊയാണ്. അതായതു ഒരു കിലോയോണം ശരീരഭാരം മൂന്നു ദിവസം കൊണ്ടു നഷ്ടപ്പെടുത്തണം. ആദ്യ ദിവസങ്ങളിൽ വളരെ പതുക്കെ കുറഞ്ഞ ഭാരം പിന്നീടു പെട്ടെന്നു കുറയുകയായിരുന്നു. മണ്ണുകൊണ്ടു ദേഹമാസകലം പൊതിഞ്ഞു മണിക്കൂറുകളോളം വെയിലത്തും തണുപ്പിലും കിടത്തിയും വെള്ളംപോലും അളന്നു തൂക്കി കുടിച്ചുമെല്ലാമാണു ഇതിലേക്കു നടന്നെത്തിയത്. 51 ദിവസത്തിനു ശേഷം രാവിലെയും വൈകീട്ടുമായി ഒരു മണിക്കൂർ വീതം ലാൽ എക്സസൈസ് ചെയ്യുന്നുണ്ടായിരുന്നു. തളർന്ന ശരീരത്തിലേക്കു ഓടി, ഓടി ഊർജ്ജം നിറയ്ക്കുന്നതുപോലെ. 

പബ്ളിസിറ്റിക്കു വേണ്ടി ചെയ്തതാകില്ലെ എന്നു പലരും ചോദിച്ചു. ലാൽ എന്ന മനുഷ്യനു ഇതൊന്നും ചെയ്യാതെയും ഒടിയൻ പൂർത്തിയാക്കാമായിരുന്നു. തടി കുറയ്ക്കണമെന്നു സംവിധായകൻ വി.എ.ശ്രീകുമാരമേനോൻ പറയുമ്പോൾ ഗ്രാഫിക്സിലൂടെ തടി കുറയ്ക്കാമെന്നു മറുപടി പറയാമായിരുന്നു. തടി കുറച്ചില്ലെങ്കിൽ നിങ്ങളെ അഭിനയിപ്പിക്കില്ല എന്നു പറയാനുള്ള ബുദ്ധിമോശം ശ്രീകുമാറിനോ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനോ ഉണ്ടാകാൻ ഇടയില്ല. 

mohanlal-peter-5

‘18 കിലൊ എന്നു പറയുന്നതെല്ലാം തട്ടിപ്പാണ്. നാലോ അഞ്ചോ കിലോ കുറച്ചുകാണും. ഇതുകൊണ്ടൊന്നും സിനിമ ഹിറ്റാകണമെന്നില്ലല്ലോ. ’ഇതാണു നമ്മുടെ ഉള്ളിലെ അസൂയക്കാരനായ മലയാളി പറയുന്നത്. വാതിലിന്റെ സ്ഥാനം മാറ്റിയാൽ അമ്മായിയമ്മയുടെ സ്വഭാവം നന്നാകുമെന്നു  വാസ്തുവിദ്യക്കാരൻ പറയുന്നതുപോലെ സൂത്രപ്പണിയിലൂടെ സിനിമയെ ഹിറ്റാക്കാനാകില്ല. തടി കുറച്ചതുകൊണ്ടു സിനിമ വിജയിക്കണമെന്നുമില്ല. പക്ഷെ നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്ന വേഷം നന്നാകാനായി വേദനിച്ചും പട്ടിണി കിടന്നും സമർപ്പണത്തോടെ ജീവിക്കുന്ന ഒരു നടൻ മോഹൻലാലിലുണ്ട് എന്നു അഭിമാനത്തോടെ മലയാളിക്കു പറയാനാകും.   

വയർ തീരെ ഇല്ലാതായിരിക്കുന്നു. ശരീരം ഒതുങ്ങിയിരിക്കുന്നു.മുഖത്തു തെളിച്ചം കൂടിയിരിക്കുന്നു. അയാൾ ഒരു വേഷത്തിനായി അത്രയേറെ സമർപ്പണത്തോടെ ഒരുങ്ങുകയാണ്. 35 വർഷത്തിനു ശേഷവും ഈ മനുഷ്യൻ നമ്മളെ വിസ്മയിപ്പിക്കുന്നു. താരത്തിനുമപ്പുറം കഠിധ്വാനിയായ  ഒരു കൃഷിക്കാരന്റെ മനസ്സാണു ലാലിൽ കാണുന്നത്.ഒരോ പ്രകൃതി ദുരന്തത്തെയും ഇഛാശകതികൊണ്ടു മറി കടന്നു വമ്പൻ വിളവൊരുക്കുന്ന കൃഷിക്കാരനെ. 

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.