Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഞാനും ജയസൂര്യയെ സല്യൂട്ട് ചെയ്യുന്നു’

ഉണ്ണി കെ. വാരിയർ
സ്പെഷല്‍ കറസ്പോണ്ടന്‍റ്
jayasurya-anu

സുരാജ് വെഞ്ഞാറമൂട് വിളിച്ചതു വെളുപ്പിനാണ്. സുരാജിന്റെ പേരു ബന്ധപ്പെടുത്തി ഒരു കേസിനെക്കുറിച്ചു വരുന്ന വാർത്തകളെക്കുറിച്ചു സംസാരിക്കാനായിരുന്നു വിളിച്ചത്. അന്നു പതിഞ്ഞ സ്വരത്തിൽ സുരാജ് കേസിനെക്കുറിച്ചു ഒരു പാടു നേരം സംസാരിച്ചു. തനിക്കതിൽ ഒരു പങ്കുമില്ലെന്നു തെളിയിക്കുന്ന ഒരു പാടു വിവരവും അന്നു സുരാജ് പറഞ്ഞു. 

സംസാരം അവസാനിപ്പിക്കുമ്പോൾ സുരാജ് പറഞ്ഞു, ‘വളരെ ചെറിയൊരു കുടുംബമാണ്. കഷ്ടപ്പെട്ടാണു ഇതുവരെ എത്തിയത്.ഇങ്ങിനെ പലരും  എഴുതിയാൽ തകർന്നുപോകും. സിനിമ തകരുന്നതിൽ എനിക്കു പേടിയില്ല. എന്റെ കുടുംബത്തെ വേദിപ്പിക്കരുത്. ’ എല്ലാ പത്രക്കാരോടുമെന്നുപോലെയാണു സുരാജ് പറഞ്ഞത്. അതുവരെ സുരാജിനെക്കുറിച്ചു കേട്ട ചിത്രമായിരുന്നില്ല പിന്നീടു മനസ്സിലുണ്ടായിരുന്നത്.ആക്‌ഷൻ ഹീറോ  എന്ന സിനിമയിൽ രണ്ടു സീനിൽ സുരാജ് വന്നുപോയപ്പോഴാണു പിന്നീടു സംസാരിച്ചത്. അന്നും ഏറെ നേരം സംസാരിച്ചു. ചിലർ ഇങ്ങിനെയാണ് നമ്മെ അപ്രതീക്ഷിതമായി അമ്പരപ്പിച്ചു കളയും. 

കഴിഞ്ഞ ദിവസം രണ്ടു പേർ അമ്പരപ്പിച്ചു. ജയസൂര്യയും അനു സിത്താരയും. ജയസൂര്യയെ എത്രയോ കാലമായി പരിചയമുണ്ട്. മിമിക്രി വേദിയിൽനിന്നു സിനിമയിൽ വന്നവരെല്ലാം ഏറെക്കാലം അതിന്റെ ഹാംങ്ങോവറിലാകും. മിമിക്രി എന്നാൽ അനുകരണമാണ്. സിനിമയിലും അവർ അനുകരിച്ചുകൊണ്ടേയിരിക്കും. കുറെക്കാലമായും അതുതന്നെ തുടരുന്ന ചിലരുണ്ട്. ആസനത്തിനു തീ പിടിക്കുന്നതുപോലുള്ള കാര്യങ്ങൾ‌ എത്രകാലം കഴിഞ്ഞാലും തുടരുന്നതെല്ലാം ഇതിന്റെ ഭാഗമാണ്. 

jayasurya-captain-2

എന്നാൽ ജയസൂര്യയെന്ന നടൻ സിനിമയിൽ എത്തിയ ശേഷം ഒരിക്കലും തന്റെ വളർച്ചക്കായി മിമിക്രിയെ സിനിമയിലോ വേദിയിലോ ദുരുപയോഗപ്പെടുത്തിയിട്ടില്ല. ഒരോ സിനിമയിലും നല്ല നടനാനാകൻ ജയസൂര്യ ശ്രമിക്കുകയായിരുന്നു. ജയസൂര്യയ്ക്കു സിനിമ എന്നും സിനിമ മാത്രമായിരുന്നു. തോറ്റുപോയ സിനിമകളെക്കുറിച്ചോ സംവിധായകരെക്കുറിച്ചു ഇന്നേവരെ ജയസൂര്യ പരാതിപ്പെട്ടിട്ടില്ല. സിനിമയുടെ വിജയത്തിൽ അതിരു കവിഞ്ഞു പെരുപ്പിക്കുന്നതും കണ്ടിട്ടില്ല. 

ശരാശരിയിൽ കുറച്ചു ഉയർന്നു നിൽക്കുന്ന ഒരു നടൻ എന്നെ പറയാനാകുമായിരുന്നുള്ളു. എന്നാൽ ക്യാപ്റ്റൻ എന്ന സിനിമ ജയസൂര്യ സമ്മാനിക്കുന്ന അമ്പരപ്പാണ്. കണ്ടിറങ്ങുമ്പോൾ നെഞ്ചിനകത്തൊരു കനമായിരുന്നു. ഫുട്ബോൾ കളിക്കാരനായ സത്യനെക്കാൻ കൂടുതൽ പാപ്പച്ചനെയും ഷറഫലിയെയും സ്നേഹിച്ചിട്ടുണ്ട്. കളി കാണാൻ മൈതാനങ്ങളിൽനിന്നു മൈതാനങ്ങളിലേക്കു നടന്ന കാലത്തു സത്യനെ ജീവിതം നശിപ്പിച്ച ആൾ എന്ന നിലയിൽ അധിക്ഷേപിച്ചിട്ടുമുണ്ട്. 

jayasurya-captain-1

പക്ഷെ ക്യാപ്റ്റൻ എന്ന സിനിമയിലൂടെ സത്യനെ വീണ്ടും കണ്ടപ്പോൾ മനസ്സിന്റെ കനം ഓരോ നിമിഷവും കൂടി കൂടി വരികയായിരുന്നു. ജയസൂര്യ എന്ന നടന്റെ ശരീരത്തിനു വഴങ്ങുന്നതല്ല ഫുട്ബോൾ കളി. പന്തടിക്കുന്ന സീനിൽപ്പോലും കാലിനു ഫുട്ബോളിന്റെ താളമില്ല. എന്നാൽ പതുക്കെ പതുക്കെ അഭിനയ ശേഷികൊണ്ടു അതെല്ലാം ഈ മനുഷ്യൻ മറി കടക്കുകയാണ്. സ്വന്തം ഇല്ലായ്മകളെ പ്രതിഭകൊണ്ടു മറി കടക്കുന്ന നിമിഷങ്ങൾ. 

ഫ്രാൻസിന്റെ കളി കാണാനാകാതെ ക്ഷുഭിതനാകുന്ന ജയസൂര്യയുടെ മുഖത്തു കാണുന്നതു നടനെയല്ല. മറിച്ചു ആ കളി കാണാതെ പോയ കളിക്കാരനെത്തന്നെയാണ്. എത്രയോ അടുത്തു പെരുമാറിയിട്ടുപോലും ജയസൂര്യയിൽ ഇതുപോലെ ഭാവപ്പകർച്ചുള്ളൊരു നടനുണ്ടെന്നു കാണാനായില്ല. അടുത്ത സുഹൃത്തുക്കളായ സംവിധായകർക്കുപോലും അതു കണ്ടെത്താനായില്ല എന്നതാണു അത്ഭുതം. ചില നല്ല വേഷങ്ങൾ ചെയ്തുവെന്നതു ശരിതന്നെ. പക്ഷെ അവയെല്ലാം സംവിധായകരുടെ വേഷങ്ങളായിരുന്നു. ഇതു ജയസൂര്യ എന്ന നടൻ സത്യനെന്ന കളിക്കാരനാകുന്ന നിമിഷമാണ്. 

സത്യൻ ട്രെയിനിൽനിന്നു വീണുമരിച്ചുവെന്നു കേട്ടപ്പോഴുണ്ടായ അമ്പരപ്പുതന്നെയാണ്ഈ സിനിമ കഴിഞ്ഞിറങ്ങുമ്പോഴും മനസ്സിലുണ്ടായത്. ക്ളൈമാക്‌സിൽ ജയസൂര്യയെ പലരും സല്യൂട്ടു ചെയ്യുന്ന രംഗം സിനിമയിലുണ്ട്. കാഴ്ചക്കാരനെന്ന നിലയിൽ ഞാനും ജയനെ സല്യൂട്ട് ചെയ്യുന്നു. 

jayasruya-anu

സത്യൻ അന്തിക്കാടിന്റെ സിനിമയിൽ കണ്ട അനു സിത്താര എന്ന നടിയെ പിന്നീടു കാര്യമായി ശ്രദ്ധിച്ചിട്ടില്ല. ഇവിടെ അനു സിത്താര എന്ന നടി അത്ഭുതംപോലെ വന്നു മുന്നിൽനിന്നു പറയുകയാണ് എന്നിലും ഒരു നല്ല നടിയുണ്ടെന്ന്. ഇതുവരെ കണ്ട അനു സിതാരയെയല്ല ഇവിടെ കണ്ടത്. താരത്തിൽനിന്നും നടിയിലേക്കുള്ള വളർച്ചയാണിത്. 

മദ്യക്കുപ്പിയും വാങ്ങിപ്പോകുന്ന അനു സിത്താരയുടെ സീൻ  നൽകുന്ന അമ്പരപ്പ് ഇനിയും മാറിയിട്ടില്ല. കൂടെയുള്ള മനുഷ്യന്റെ പ്രതിഭ വൈകിമാത്രം തിരിച്ചറിഞ്ഞതിന്റെ കുറ്റബോധം ഓരോ നിമിഷവും അനുവിന്റെ മുഖത്തുണ്ട്. ആദ്യ സീനുകളിലുള്ളത് ഈ അനുവല്ല താനും. എല്ലാ വേദനകൾക്കിടയിലും സന്തോഷത്തോടെ കഴിഞ്ഞു പോകുന്ന സാധാരണ വീട്ടമ്മയെ അനുവിൽ കാണാം. 

ജീവിതംപോലെത്തന്നെ ഒതുക്കിപ്പിടിട്ട അഭിനയം. ചിലർ താരമായി നിലനിൽക്കും, ചിലർ അഭിനയത്തിലൂടെ താരമാകും. അനു സിത്താര താരത്തിൽനിന്നും അഭിനേതാവിലേക്കു വളർന്നിരിക്കുന്നു. ക്യാപ്റ്റൻ രണ്ടു നല്ല അഭിനേതാക്കളെ സമ്മാനിച്ച സിനിമയാണ്. ഇത്രയും കാലം ഇവിടെയുണ്ടായിരുന്ന ഇവരെ കണ്ടെടുത്ത പ്രജേഷ് സെന്നിനോടു അറിയാതെ സ്നേഹംതോന്നിപ്പോകുന്നു.